പാലക്കാട്: എയര്‍ഫോഴ്‌സിന്റെ ഭാഗമായി താന്‍ നേരത്തെ ജോലി ചെയ്തിട്ടുണ്ടെന്ന് മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ടുപോയതിനത്തുടര്‍ന്ന് സൈന്യം രക്ഷിച്ചെടുത്ത ബാബു.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് കാന്റീനില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ബാബു പറഞ്ഞത്.
”ഞാന്‍ എയര്‍ഫോഴ്‌സില്‍ നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ എയര്‍ഫോഴ്‌സിന്റെ മെസില്‍ ആയിരുന്നു വര്‍ക്ക് ചെയ്തത്.
അതിന്റെ സ്വഭാവ രീതിയൊക്കെ എനിക്ക് ഇഷ്ടമാണ്. സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഏത് സേനയായാലും ചേരാന്‍ താല്‍പര്യമുണ്ട്,” ബാബു പറഞ്ഞു.
മലയിടുക്കില്‍ നിന്നും രക്ഷപ്പെട്ട ശേഷം സൈന്യത്തോട് നന്ദി പറയുന്നതും സൈനികരെ ബാബു ചുംബിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. സൈന്യത്തില്‍ ചേരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ബാബു പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബാബുവിനെ എവറസ്റ്റ് കയറാന്‍ ക്ഷണിച്ചുകൊണ്ടുള്ള നേപ്പാളിലുള്ള ഒരു മലയാളിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ബാബു മറുപടി നല്‍കി.
”ട്രെയിനിങ്ങ് കിട്ടിയാല്‍ കയറും. പോകാന്‍ റെഡിയാണ്,” ബാബു കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു. മലയില്‍ കുടുങ്ങിയപ്പോള്‍ പേടിയൊന്നും തോന്നിയിരുന്നില്ല. വെള്ളം ഇല്ലെന്ന കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം മലകയറാന്‍ പോയതാണെന്നും ബാബു പ്രതികരിച്ചു.
മലയുടെ താഴെ ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും ഇനിയും മലകയറാന്‍ തോന്നിയാല്‍ കയറണമെന്നും ബാബു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.
നേരത്തെ ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് നീക്കം നടത്തിയിരുന്നു. വനംവകുപ്പുമായി ബന്ധപ്പെടാതെ മല കയറിയതില്‍ കേസെടുക്കുമെന്നായിരുന്നു വനംവകുപ്പ് പറഞ്ഞത്.