ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം ഇന്ന് തുറക്കും; കക്കി ഡാമിലും ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala News
ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം ഇന്ന് തുറക്കും; കക്കി ഡാമിലും ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 9:02 am

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പത്തനംതിട്ടയിലെ കക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കി ഡാമിന് പുറമേ ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു.

ഇന്ന് രാവിലെ 11നും 12നും ഇടയില്‍ മലമ്പുഴ അണക്കെട്ട് തുറക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ജലപ്രവാഹം വര്‍ധിച്ചതോടെ അതിരപ്പിള്ളി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ALSO READ: അസം പൗരത്വപട്ടികയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; മമത ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി യുവമോര്‍ച്ച


കക്കി അണക്കെട്ടിലെ ജലനിരപ്പ് 980 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

അതേസമയം ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. തുടര്‍ന്ന് നിശ്ചിത സമയത്തിനു ശേഷം ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്കു വിടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. ഈ പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ പറഞ്ഞു.