പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരോചിത ഇടപെടല്‍ നടത്തിയ സൈന്യത്തിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണെന്നും ബാബുവിന് ആവശ്യമായ ചികിത്സ ഉടന്‍ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘ആശങ്കകള്‍ക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു.
രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും ഹെലികോപ്റ്റര്‍ മുഖാന്തരം കഞ്ചിക്കോട് ഹെലിപാഡിലെത്തിക്കുന്ന ബാബുവിനെ ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തും.
അതേസമയം ബാബുവിനെ രക്ഷിക്കാനുള്ള ദൗത്യം ശ്രമകരമായിരുന്നെന്നും ലഫ്. ജനറല്‍ എ. അരുണ്‍ പ്രതികരിച്ചു. രണ്ട് സൈനികരുടെ സാഹസികമായ ശ്രമമാണ് വിജയം കണ്ടത്. ചെങ്കുത്തായ മലനിരയിലെ ദൗത്യം കനത്ത വെല്ലുവിളി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ മികച്ച പര്‍വതാരോഹകരാണ് ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മകനെ രക്ഷിച്ച എത്തിയ എല്ലാവരോടും നന്ദി പറയുകയാണെന്നും രാജ്യത്തോടും സൈന്യത്തോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നെന്നും ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു.
രക്ഷപ്പെടുത്തിയതിന് പിന്നാലെ ബാബു ഉമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ബോധരഹിതയായ ഉമ്മയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.
രക്ഷാദൗത്യത്തിന് 30 അംഗ സംഘമായിരുന്നു രംഗത്തുണ്ടായിരുന്നു. രണ്ട് സംഘമായായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാണ് ബാബുവിനെ രക്ഷിച്ചത്.
കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് പകലോടെ തന്നെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബാബുവിനെ രക്ഷപ്പെടുത്താനായി സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു.
ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.
രാവിലയോടെയാണ് ബാബുവിന് സൈന്യം ഭക്ഷണവും വെള്ളവും എത്തിച്ചത്. 45 മണിക്കൂറിലധികമായി പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനായിരുന്നു ആദ്യ പരിഗണന. പാറക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ സംഘത്തിനാണ് ബാബുവിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.
ബാബുവിന്റെ തൊട്ടടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംസാരിക്കുകയും ഭക്ഷണവും വെള്ളവും കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കയര്‍ കെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.