രക്ഷാദൗത്യം വിജയകരം, ബാബുവിനെ മുകളിലെത്തിച്ചു
Kerala
രക്ഷാദൗത്യം വിജയകരം, ബാബുവിനെ മുകളിലെത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th February 2022, 10:17 am

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ചു. ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിക്കും. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്.

മകനെ രക്ഷിക്കാനായി എത്തിയ എല്ലാവരോടും നന്ദി പറയുകയാണെന്നും നാട്ടുകാരോടും സൈന്യത്തോടും പൊലീസിനോടും നന്ദി അറിയിക്കുകയാണെന്നും ബാബുവിന്റെ ഉമ്മ പ്രതികരിച്ചു.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്.

കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്.

ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.

രാവിലയോടെയാണ് ബാബുവിന് സൈന്യം ഭക്ഷണവും വെള്ളവും എത്തിച്ചത്. 45 മണിക്കൂറിലധികമായി പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനായിരുന്നു ആദ്യ പരിഗണന. പാറക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ സംഘത്തിനാണ് ബാബുവിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.

ബാബുവിന്റെ തൊട്ടടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംസാരിക്കുകയും ഭക്ഷണവും വെള്ളവും കൈമാറുകയുമായിരുന്നു.
യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും താന്‍ കടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താന്‍ ശ്രമിച്ചെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ ഹെലികോപ്റ്ററിന് മടങ്ങിപ്പോകേണ്ടി വരികയായിരുന്നു.