| Wednesday, 11th October 2023, 6:33 pm

യുദ്ധം ഒരിക്കലും കുട്ടികള്‍ക്ക് ദയവായ്പ് നല്‍കുന്നില്ല: മലാല യൂസഫ് സായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രാഈല്‍ ഫലസ്തീന്‍ യുദ്ധത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്നത് കുട്ടികളാണെന്ന് മലാല യൂസഫ് സായ്. പുണ്യദേശത്തെ കുട്ടികളുടെയും മനുഷ്യരുടെയും സമാധാനത്തിനും നീതിക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മലാല പറഞ്ഞു.

പാകിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും 2014ലെ നോബല്‍ സമാധാന ജേതാവുമായ മലാല യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും പറഞ്ഞു.

യുദ്ധത്തെ തുടര്‍ന്നുള്ള മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണെന്നും, താന്‍ വളര്‍ന്ന അസഹിഷ്ണുത നിറഞ്ഞ സാഹചര്യങ്ങള്‍ തനിക്കറിയാമെന്നും അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷമം അനുഭവിക്കേണ്ടി വരുന്നത് കുട്ടികള്‍ക്ക് ആണെന്നും മലാല കൂട്ടിച്ചേര്‍ത്തു.

‘യുദ്ധം ഒരിക്കലും കുട്ടികള്‍ക്ക് ദയവായ്പ്പ് നല്‍കുന്നില്ല. അതില്‍ ഇസ്രഈലില്‍ നിന്നും തട്ടികൊണ്ടുപോകുന്ന കുട്ടികള്‍ മാത്രമല്ല, വ്യോമാക്രമണത്തില്‍ ഭയപ്പെട്ട് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒളിക്കുന്ന ഗാസയിലെ കുട്ടികളും മാത്രമല്ല ഉള്‍പ്പെടുന്നത്’ അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ്് അവര്‍ സംഭവത്തില്‍ അപലപിച്ചത്.
തന്റെ പതിനൊന്നാമത്തെ വയസില്‍ അസഹിഷ്ണുതയും തീവ്രവാദത്തിന്റെ തിക്തഫലവും നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ തര്‍ക്കങ്ങളും കുട്ടികളെ തന്നെയാണ് ബാധിക്കുന്നതെന്നും മലാല തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

2012ല്‍ തന്റെ പതിനാലാം വയസില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്ലോഗ് ചെയ്തതിനെ തുടര്‍ന്നാണ് മലാലയ്ക്ക് നേരെ താലിബാന്‍ ഭരണകൂടം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ബിര്‍മിഘം ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പാക്കിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമാധാനജേതാവ് കൂടിയാണ് മലാല യൂസഫ് സായി .

Content Highlights: Malala Yusufzai on Israel-Palestine attack

We use cookies to give you the best possible experience. Learn more