| Tuesday, 16th November 2021, 5:11 pm

വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു, വ്യവസ്ഥിതിയെ മാത്രമാണ് എതിര്‍ത്തത്; മലാല യൂസഫ്‌സായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവാഹത്തിന് പിന്നാലെ തനിക്കെതിരെ വിമര്‍ശനവും ആരോപണങ്ങളുമുയരുന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്.

പാകിസ്ഥാനിയായ അസെര്‍ മാലിക്കുമൊത്തുള്ള തന്റെ വിവാഹത്തെക്കുറിച്ചാണ് മലാല സംസാരിക്കുന്നത്. ബി.ബി.സിയുടെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലാല.

മുമ്പ് പറഞ്ഞ പോലെത്തന്നെ വിവാഹത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നും അത് പിന്നീട് മാറിയെന്നുമാണ് മലാല പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്. ലോകമെമ്പാടുമുള്ള പല പെണ്‍കുട്ടികളുടെ കാര്യത്തിലും തന്റെ ആശങ്ക ശരിയായിരുന്നു എന്നും അവര്‍ പറഞ്ഞു.

”ലോകത്തിന്റെ വിവിധ കോണുകളിലുള്ള പല പെണ്‍കുട്ടികളുടെ കാര്യത്തിലും എന്റെ ആശങ്ക ശരിയായിരുന്നു. ബാലവിവാഹത്തിന്റേയും വിവാഹമോചനത്തിന്റേയും നിരവധി റിപ്പോര്‍ട്ടുകളാണ് കാണുന്നത്,” മലാല പറയുന്നു.

വിവാഹം എന്ന ആചാരത്തേയും വ്യവസ്ഥയേയുമായിരുന്നു താന്‍ എതിര്‍ത്തിരുന്നതെന്നും പാക് സമൂഹത്തിലെ വിവാഹം പുരുഷാധിപത്യ വ്യവസ്ഥയായതിനാലായിരുന്നു ഭയമെന്നുമാണ് മലാല പറഞ്ഞത്. വിദ്യാഭ്യാസം നേടി സ്വയം ശാക്തീകരിക്കപ്പെട്ടാല്‍ വിവാഹം, കുടുംബം എന്നീ വ്യവസ്ഥിതികളില്‍ മാറ്റം വരുത്താനാവുമെന്ന് ബോധ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെയും തന്റെ മൂല്യവും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ കിട്ടിയതില്‍ ഭാഗ്യവതിയാണെന്നും മലാല പ്രതികരിച്ചു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഹൈ പെര്‍ഫോമന്‍സ് ജനറല്‍ മാനേജരാണ് അസെര്‍ മാലിക്.

വിവാഹവാര്‍ത്ത അറിയിച്ചതിന് പിന്നാലെ വ്യാപകമായി മലാലയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മുമ്പ് വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലാല സംസാരിച്ചതിനെ ഉയര്‍ത്തിക്കാണിച്ചായിരുന്നു വിമര്‍ശനം.

ആളുകള്‍ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ജീവിതത്തിലേയ്ക്ക് ഒരാള്‍ വരുന്നതിന് രേഖകളില്‍ ഒപ്പുവെയ്ക്കുന്നത് എന്തിനാണെന്നുമായിരുന്നു മലാല വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നത്.

വിവാഹം കഴിക്കണമെന്ന് താല്‍പര്യമില്ലെന്നും സ്വാതന്ത്ര്യവും സ്ത്രീത്വവും വിവാഹത്തോടെ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും മലാല അന്ന് പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. പാകിസ്ഥാനിയായ ഒരാളെത്തന്നെ വിവാഹം ചെയ്തതിനെ ചൂണ്ടിക്കാട്ടിയും വിമര്‍ശനമുണ്ടായിരുന്നു.

നവംബര്‍ ഒമ്പതിനായിരുന്നു മലാലയുടെ വിവാഹം. 2018 മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും.

സമൂഹമാധ്യമങ്ങളിലൂടെ മലാല തന്നെയായിരുന്നു വിവാഹക്കാര്യം ലോകത്തെ അറിയിച്ചത്. വിവാഹ ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. 24-കാരിയായ മലാലയും കുടുംബവും നിലവില്‍ ബ്രിട്ടണിലാണ് താമസിക്കുന്നത്. മലാലയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.

2014ല്‍ തന്റെ 17ാം വയസിലാണ് മലാല സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malala Yousafzai’s response after her marriage

We use cookies to give you the best possible experience. Learn more