| Tuesday, 11th October 2022, 10:27 pm

വെടിയേറ്റ് 10 വര്‍ഷത്തിന് ശേഷം മലാല പാകിസ്ഥാനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: താലിബാന്‍ വധശ്രമത്തെ അതിജീവിച്ച സമാധാന നൊബേല്‍ ജോതാവ് മലാല യൂസഫ്‌സായ് നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുന്ന പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്.

പ്രളയ ദുരിതത്തില്‍ പാകിസ്ഥാന് ഏതാണ്ട് 40 മില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത്രയും വലിയ നാശനഷ്ടം നേരിട്ട പാകിസ്ഥാന് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് മലാല ഇപ്പോള്‍ മാതൃരാജ്യം സന്ദര്‍ശിക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന് ഏതാണ്ട് എട്ട് ദശലക്ഷം ആളുകളാണ് കുടിയൊഴിക്കപ്പെട്ടത്. ഇവര്‍ ഇപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കുകയും നിര്‍ണായക മാനുഷിക സഹായത്തിന്റെ ആവശ്യകത ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായാണ് സന്ദര്‍ശനമെന്ന് മലാലയുടെ സന്നദ്ധ സംഘടനയായ മലാല ഫണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരിലാണ് താലിബാന്‍ മലാലയെ വെടിവച്ചത്. താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്ക് നേരെ നിറയൊഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസായിരുന്നു പ്രായം. തനിക്കുനേരെ ആക്രമണം നടന്ന് 10 വര്‍ഷം തികഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കുശേഷമാണ് മലാല കറാച്ചിയില്‍ കാലുകുത്തുന്നത്.

വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ മലാലയെ ബ്രിട്ടനിലെത്തിച്ചാണ് ജീവന്‍ രക്ഷിച്ചത്. പിന്നീട് ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രചാരകയായി അവര്‍ മാറി. സമാധാന നൊബേല്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് മലാല.

സ്വാത്ത് താഴ്വരയില്‍ മലാലയുടെ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ സ്വന്തം നാടായ മിങ്‌ഗോറയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴാണ് മലാലയുടെ സന്ദര്‍ശനം.

നേരത്തേ ഇവിടം പാക് താലിബാന്റെ കടുത്ത നിയന്ത്രണങ്ങളുടെ കീഴിലായിരുന്നു. 2014ലാണ് പാക്ക് ഭരണകൂടം മേഖലയെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയോടെ ഇവിടെ വീണ്ടും ഭീകരപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

അടുത്തിടെയായി സ്വാത്ത് താഴ്വരയില്‍ സുരക്ഷാസേനയ്ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാവുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം, ഒരു സ്‌കൂള്‍ ബസിന് നേരെയുണ്ടായ അക്രമണത്തില്‍ ഡ്രൈവര്‍ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Malala Yousafzai in Pakistan, 10 years after Taliban assassination attempt

We use cookies to give you the best possible experience. Learn more