| Monday, 18th October 2021, 7:12 pm

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തിരികെ നല്‍കണം; താലിബാന് കത്തയച്ച് മലാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല അറിയിച്ചു.

‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്,’ മലാല കത്തില്‍ പറയുന്നു.

മലാലയും അഫ്ഗാനിസ്ഥാനിലെ അവകാശ സംരക്ഷക പ്രവര്‍ത്തകരും ചേര്‍ന്നാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്. കത്തിനോടൊപ്പമുള്ള പരാതിയില്‍ 6,40,000 പേരാണ് ഒപ്പുവെച്ചിട്ടുള്ളത്.

താലിബാന് കത്തയക്കുന്നതോടൊപ്പം, ജി-20 നേതാക്കളോട് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായമെത്തിക്കാനും ആവശ്യപ്പെട്ടു.

ആഗസ്റ്റില്‍ അഫ്ഗാന്റെ പരമാധികാരം പിടിച്ചെടുത്തതോടെ താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. അതോടൊപ്പം പാട്ട് അടക്കമുള്ള അനിസ്‌ലാമികമായ വസ്തുക്കളും സിലബസ്സുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയെ കരുതിയാണ് തങ്ങള്‍ ഇതുവരെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കിയതെന്നും, പൂര്‍ണമായും ഇസ്‌ലാമിക രീതികള്‍ കര്‍ശനമാക്കിയ ശേഷം ഉപാധികളോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നും താലിബാന്‍ അറിയിച്ചിരുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 2 മില്യണ്‍ ഡോളര്‍ താന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടന വഴി, മലാല, അഫ്ഗാനിസ്ഥാന് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Malala sends letter to Taliban about  girls’ school ban

We use cookies to give you the best possible experience. Learn more