ലണ്ടന്‍: പുസ്തകം കയ്യിലെടുക്കുന്ന പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ ഏറ്റവുമധികം ഭയക്കുന്നതെന്ന് മലാല യൂസഫ് സായ്. പാകിസ്താനിലെ ഗില്‍ഗിത്-ബലിസ്താനില്‍ സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മലാല.
എന്തിനെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയക്കുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു. ഈ സ്‌കൂളുകള്‍ നമ്മള്‍ എത്രയും വേഗം പുനര്‍ നിര്‍മിക്കണം. വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം ക്ലാസ്മുറികളിലേക്ക് തിരികെയെത്താന്‍ കഴിയണം.
Read: ഹരിയാനയില്‍ വീണ്ടും പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി
എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. മലാല ട്വിറ്ററില്‍ കുറിച്ചു.
ഗില്‍ഗിത്-ബലിസ്താനില്‍ 12 സ്‌കൂളുകളാണ് വ്യാഴാഴ്ച തീവ്രവാദികള്‍ നശിപ്പിച്ചത്. അതിലൊന്ന് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളായിരുന്നു. ചിലയിടങ്ങളില്‍ അക്രമികള്‍ പുസ്തകങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ചിലാസ് പ്രവിശ്യയിലാണ് സ്‌കൂളുകള്‍ക്ക് നേരം ആക്രമണമുണ്ടായത്. വൈകുന്നേരത്തോടെ വിവിധയിടങ്ങളില്‍ നിന്നായി സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
സ്‌കൂളുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡയമര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു.
പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡയമര്‍ പൊലീസ് കമ്മീഷണര്‍ സയിദ് അബ്ദുള്‍ വഹീദ് ഷാ അറിയിച്ചു.