യുദ്ധവും ആഭ്യന്തരകലഹവുമടക്കം ഭീതി വിതച്ച നാട്ടില്‍ നിന്നും അഭയം തേടിയെത്തുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും നേരെ വാതില്‍ കൊട്ടിയടക്കുന്നത് ഹൃദയഭേദകമാണെന്നായിരുന്നു മലാല പറഞ്ഞത്. ലോകം മുഴുവന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഉലയുമ്പോള്‍ പ്രതികരിക്കാന്‍ ശേഷിയില്ലാതായി പോയ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നേരെ പുറം തിരിക്കരുതെന്നും മലാല ട്രംപിനോട് ആവശ്യപ്പെട്ടു.
2014 ലെ സമാധാനത്തിനുള്ള നെബേല്‍ നേടിയ മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസം. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന അമേരിക്കയുടെ സംസ്‌കാരത്തില്‍ നിന്നും രാജ്യം പിന്നോട്ട് പോകുന്നത് അവിശ്വസനീയമാണെന്നും അഭയാര്‍ത്ഥികളാണ് അമേരിക്കയുടെ വളര്‍ച്ചയ്ക്കായി രാജ്യത്തിലെ പൗരന്മാര്‍ക്കൊപ്പം കഠിനാധ്വാനം ചെയ്തതെന്നും മലാല കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റം നിയന്ത്രിക്കാനും ചില പ്രത്യേക മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ പ്രവേശിക്കുന്നത് തടയാനുമുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പ് വച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.