|

മലൈക്കോട്ടൈ വാലിബൻ ടീസർ ലീക്കായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലൈക്കോട്ടൈ വാലിബൻ ടീസർ ലീക്കായി. ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് ടീസർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മനോരമ ഓൺലൈൻ വഴിയായിരുന്നു ടീസർ റിലീസ് ചെയ്യാനൊരുങ്ങിയത്. ടീസറിന്റെ ലിങ്ക് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് .

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നൂറ്റി മുപ്പത് ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Malaikotte valiban teaser leaked