'ഇനി കാണാൻ ഇരിക്കുന്നതാണ് സത്യം'; മലൈക്കോട്ടൈ വാലിബൻ ടീസർ
Film News
'ഇനി കാണാൻ ഇരിക്കുന്നതാണ് സത്യം'; മലൈക്കോട്ടൈ വാലിബൻ ടീസർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th December 2023, 5:30 pm

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാലിന്റേയും ലിജോയുടെ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന് കാത്തിരിപ്പിലാണ് പ്രേക്ഷകർ.

മോഹൻലാൽ വ്യത്യസ്ത ലുക്കിൽ എത്തിക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിനുട്ടുകൾ കൊണ്ട് ആയിരകണക്കിന് ആളുകളാണ് ടീസർ കാണുന്നത്. സരിഗമപ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.


നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.

അതേസമയം മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് വിവിധ രാജ്യാന്തര ചലച്ചിത്ര മേളയിൽ അവാർഡുകൾ നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസഥാന അവാർഡ് നേടികൊടുത്തതും നൻപകലാണ്.

Content Highlight: Malaikotte valiban official teaser out