| Wednesday, 27th December 2023, 12:27 pm

പോർക്കളത്തിൽ കൊമ്പുകോർക്കാൻ വാലിബൻ; ചിത്രത്തിന്റെ പുതിയ പോസ്റ്റർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയ്‌ക്കോട്ടെ വാലിബൻ. മോഹൻലാൽ-ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാലും ലിജോയും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ക്രിസ്മസ് പ്രമാണിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ എത്തുന്നത്. പോരിനൊരുങ്ങുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രണ്ട് പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ ഉൾപെടുത്തിക്കൊണ്ടാണ് രണ്ടാമത്തെ പോസ്റ്റർ.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നൂറ്റി മുപ്പത് ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Malaikotte valiban movie’s new poster

We use cookies to give you the best possible experience. Learn more