| Friday, 16th June 2023, 11:16 am

ഈ ലുക്ക് മതിയോ? വൈറലായി വാലിബന്‍ ലൊക്കേഷന്‍ സ്റ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടികെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്ത് വരുന്ന ചിത്രങ്ങളും വീഡിയോകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്.

വാലിബന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു സ്റ്റില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നീട്ടിവളര്‍ത്തിയ മുടി കുടുമ കെട്ടി കസേരയിലിരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. വാലിബന്റെ അണിയറ പ്രവര്‍ത്തകരും ചുറ്റും കൂടി നില്‍ക്കുന്നത് കാണാം. വ്യത്യസ്തമായ വേഷവിധാനത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാലിനെ കാണുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. പാക്കപ്പ് പാര്‍ട്ടിയില്‍ വെച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇതൊരു മികച്ച സിനിമ ആവുമെന്നാണ് പ്രതീക്ഷ. ഒരുപാട് ആശങ്കകളുണ്ടായിരുന്നു. കാലാവസ്ഥയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി,’ മോഹന്‍ലാല്‍ പറഞ്ഞു.

ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വരുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പേര് മലൈക്കോട്ടൈ വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.

Content Highlight: malaikottai valiban location still goes viral on social media

We use cookies to give you the best possible experience. Learn more