മലൈക്കോട്ടൈ വാലിബന്‍; ആണത്തം ആഘോഷിക്കുന്ന ലിജോ സിനിമകളുടെ തുടര്‍ച്ച
Malaikottai Valiban
മലൈക്കോട്ടൈ വാലിബന്‍; ആണത്തം ആഘോഷിക്കുന്ന ലിജോ സിനിമകളുടെ തുടര്‍ച്ച
ലിജിഷ എ.ടി
Saturday, 27th January 2024, 4:25 pm
അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, ചുരുളി, നന്‍ പകല്‍, വാലിബന്‍ എന്നീ സിനിമകളുടെ ഒരു പൊതുസ്വഭാവം എന്നത്, മലയാള സിനിമയില്‍ നിന്ന് ബാധയകറ്റുന്നതു പോലെ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന ആണത്ത ആഘോഷങ്ങളെയും പ്രാക്തന ചോദനകളെയും നിറവും പൊലിവും നല്‍കി തിരികെ കൊണ്ടു വരുന്നു എന്നതാണ്.

സിനിമയെന്ന ദൃശ്യകലയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരിക്കല്‍ മധു സാറുമായി ( മധു ഇറങ്കര) സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഓര്‍മ വരിക. ”സിനിമ ഒരു ദൃശ്യകലയാണ്. ഒരു സംഭാഷണവുമില്ലെങ്കില്‍പ്പോലും അത് ലോകത്തെ ഏതൊരു മനുഷ്യനും ഏതെങ്കിലും തരത്തില്‍ ആസ്വദിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അതൊരു മികച്ച സൃഷ്ടിയായിരിക്കും”. ആ നിരീക്ഷണം വളരെ ശരിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്. ആ ഭാഷയില്‍ കഥ പറയുമ്പോഴാണ് അത് പ്രേക്ഷകരുമായി സംവദിക്കുന്നത്.

ഇനി വാലിബനിലേക്ക് വരാം, ലിജോ ജോസ് പെല്ലിശേരിയുടെ പതിവു ശൈലിയിലുള്ള സിനിമ തന്നെയാണ് വാലിബന്‍. നന്‍പകല്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ഇതു ഇഷ്ടപെടാതിരിക്കാന്‍ യാതൊരു സാധ്യതയും ഇല്ല. കാരണം നന്‍പകലിലുപയോഗിച്ച അതേ നാടകീയതന്ത്രങ്ങള്‍ തന്നെയാണ് വാലിബനിലുമുള്ളത്. അലങ്കാരങ്ങളിലും ഭൂപശ്ചാത്തലത്തിലും കഥയിലും വ്യത്യാസമുണ്ടെന്നു മാത്രം.

അങ്കമാലി ഡയറീസ് മുതലാണ് ലിജോയുടെ സിനിമ സീരിയസായി കാണാന്‍ തുടങ്ങിയത്. വളരെ അപൊളിറ്റിക്കലായും ഓവര്‍ ഡ്രമാറ്റിക്കലായും സിനിമയെടുക്കുന്ന ഒരാളാണ് പെല്ലിശേരി എന്നാണ് ഈ സിനിമകളുടെ പശ്ചാത്തലത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത്.

അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, ചുരുളി, നന്‍ പകല്‍, വാലിബന്‍ എന്നീ സിനിമകളുടെ ഒരു പൊതുസ്വഭാവം എന്നത്, മലയാള സിനിമയില്‍ നിന്ന് ബാധയകറ്റുന്നതു പോലെ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന ആണത്ത ആഘോഷങ്ങളെയും പ്രാക്തന ചോദനകളെയും നിറവും പൊലിവും നല്‍കി തിരികെ കൊണ്ടു വരുന്നു എന്നതാണ്.

ശ്യം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ജിയൊ ബേബി എന്നിങ്ങനെയുള്ള സംവിധായകര്‍ പുനര്‍നിര്‍മിച്ചു കൊണ്ടിരിക്കുന്ന പുരുഷേതര ജന്‍ഡര്‍ സങ്കല്‍പങ്ങളുടെ പുരോഗമനാത്മക വീക്ഷണങ്ങളെ തട്ടിത്തകര്‍ത്ത് പ്രതിലോമകരമായ, പൊതുബോധ സ്റ്റീരിയോടൈപ്പുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന ഒരു തരം ബ്രില്യന്‍സാണ് LJP ബ്രാന്‍ഡിലിറങ്ങുന്ന സിനിമകളുടെ പ്രത്യേകത.

സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാവട്ടെ, ഇതര ജന്‍ഡര്‍വിഭാഗങ്ങളെക്കുറിച്ചാവട്ടെ, പൊതുബോധത്തില്‍ നിന്നുണ്ടാവുന്ന ഉപരിപ്ലവമായ ആശയങ്ങളെയാണ് ഈ ബ്രില്യന്‍സ് പിന്‍പറ്റുന്നത്. അതൊരു പോരായ്മയാണ്.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു കഥാപാത്രം കുത്തിത്തിരുപ്പുണ്ടാക്കി നായകന്റെ ജീവിതം കുളം തോണ്ടുന്ന ഒരു സംഭവം സിനിമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. എന്തിനാണ് അത്രയും വിഷം ആ കഥാപാത്രത്തിന് നല്‍കിയത് എന്ന്.

സ്ത്രീ നടത്തുന്ന കളരിയില്‍ ചതി പഠിപ്പിക്കുന്നു! പ്രേമം നിരാകരിക്കപ്പെട്ടതിന് പക തീര്‍ക്കാന്‍ നടക്കുന്ന സ്ത്രീ!ആണിന്റെ ആണ്‍കരുത്തില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീ! ഇത്യാദി ബോധങ്ങളാണ് പെല്ലിശേരി സിനിമകള്‍ മുന്നോട്ടു വെയ്ക്കുന്ന സ്ത്രീബോധം.

അടുത്തത്, നാടകത്തിനോടും സിനിമയോടുമുള്ള LJPയുടെ അഭിനിവേശം അതിരു കടന്ന രീതിയില്‍ പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകള്‍ എന്നതാണ്. ഒരു സിനിമയെ മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത് അഭികാമ്യകരമല്ല എന്നറിയാഞ്ഞിട്ടല്ല. ചില പ്രവണതകളെ തുറന്നു കാട്ടാന്‍ വേറെ നിര്‍വൃത്തിയില്ലാഞ്ഞിട്ടാണ്.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ കണ്ടപ്പോള്‍ മലയാളത്തിലെ 3 ക്ലാസിക് മൂവികളായ അപരന്‍, ഇന്നലെ, ഭൂതക്കണ്ണാടി എന്നിവയാണ് ഓര്‍മ വന്നത്. അത്തരമൊരു സ്വത്വപ്രതിസന്ധിയുടെ സങ്കീര്‍ണത തന്നെയാണ് ലിജൊ നന്‍പകലിലൂടെ പറയാന്‍ ശ്രമിച്ചത്.

പക്ഷേ ലിജൊയുടെ നന്‍പകലില്‍ അടിമുടി കൃത്രിമത്വവും നാടകീയതയുമാണ്. നിശ്ചലമായ ക്യാമറഫ്രെയ്മുകളില്‍ ആട്ടമാടുന്ന മനുഷ്യരും ഇതര ജീവികളും സ്റ്റേജ് നാടകത്തിന്റെ ഭാവം പകരുന്നുണ്ടായിരുന്നു. അതിലെ പ്രധാന കഥാപാത്രമായ ജയിംസ് നാടകക്കാരനായതിനാല്‍ ആ രീതി ആ കഥയ്ക്കു ഏറെക്കുറെ യോജിച്ചതാണെന്ന് പറയാം.

എന്നാല്‍ വാലിബനിലും അതേ രീതി സ്വീകരിച്ചിരിക്കുന്നത് അരോചകമാണ്. സ്റ്റേജ് നാടകം കാണുന്ന ഒരനുഭവമാണ് സിനിമ നല്‍കുന്നത്. എന്നാല്‍പ്പിന്നെ നാടകമാക്കിയാല്‍ പോരെ എന്നു തോന്നാം. നന്‍പകലില്‍ പശ്ചാത്തല ശബ്ദമായി തമിഴ് സിനിമകള്‍ വരുന്നതു പോലെ വാലിബനിലും സിനിമകള്‍ റഫറന്‍സായി വരുന്നുണ്ട്.

വാലിബനിലെ ആദ്യഭാഗത്തിലെ മാതംഗി – വാലിബന്‍ പ്രണയം മാതംഗി -കോവലന്‍ പ്രണയത്തെ ഓര്‍മിപ്പിച്ചു. അടുത്ത ഭാഗങ്ങള്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയെ എവിടെയൊക്കെയൊ ഓര്‍മിപ്പിച്ചു. അതിനു ശേഷമുള്ള ചില ഭാഗങ്ങള്‍ക്ക് കളിയാട്ടത്തോട് സാദൃശ്യം തോന്നി. പിന്നെ ചില ഭാഗങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങളും മറ്റും ഗുരു സിനിമയെ ഓര്‍മിപ്പിച്ചു. അപ്പോഴാണ് ഗുരു എന്ന സിനിമയുടെയൊക്കെ വലിപ്പം എത്രമാത്രമാണെന്ന് നമുക്ക് മനസിലാവുക. അതിനെ വെല്ലാന്‍മാത്രം ബ്രില്യന്‍സൊന്നും ഇതു വരെ സംഭവിച്ചിട്ടില്ല.

ജല്ലിക്കെട്ടും ചുരുളിയും ഏറെക്കുറെ സമാന ജോണറില്‍പ്പെടുന്നുവെങ്കില്‍ നന്‍പകലും വാലിബനും ആവിഷ്‌കാരതന്ത്രത്തില്‍ ഏറെക്കുറെ സമാനമാണ്. എന്നു വെച്ചാല്‍ LJP, അദ്ദേഹത്തിന്റെ തന്നെ സ്വന്തം ശൈലിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നര്‍ഥം.

വാലിബന്‍ ഒരു നാടോടിക്കഥയാണെങ്കിലും അതൊരു കഥ തന്നെയാണല്ലൊ. അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന വളരെ സാധാരണമായ കഥകള്‍!മനുഷ്യരുടെ അനുഭവങ്ങളില്‍ക്കൂടിയാണല്ലൊ അത് വികസിക്കുന്നത്. അല്ലാതെ മനുഷ്യരുടെ അഭിനയത്തിലൂടെയല്ലല്ലോ.

ബാറ്റ്‌സ്മാനും സ്‌പൈഡര്‍മാനും കാണുമ്പോള്‍ പോലും ഉണ്ടാവുന്ന ഒരു വൈകാരിക അടുപ്പം, വിശ്വസനീയത- LJP സിനിമയിലെ കഥാപാത്രങ്ങളോടു തോന്നുകയില്ല. അവര്‍ നാടകകഥാപാത്രങ്ങളായി തന്നെ നിലനില്‍ക്കും.. മനുഷ്യരായി മനസില്‍ പതിയില്ല. അതാണ് ഈ സിനിമകളുടെ ഒരു പ്രശ്‌നം.

പാവം മോഹന്‍ലാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ആത്മാര്‍ഥമായി ചെയ്തിട്ടുണ്ട്. അത് ഗംഭീരമായിട്ടുമുണ്ട്. എല്‍.ജെ.പി ഒരു മോശം സംവിധായകനാണെന്ന അഭിപ്രായം എനിക്കില്ല. ബ്രില്യന്‍സിനു വേണ്ടിയുള്ള കെട്ടുകാഴ്ചകളും നാടകീയതയും ഒഴിവാക്കി സിനിമയെടുത്താല്‍ ഒരുപക്ഷേ അത് മൗലികവും മനോഹരവുമായിരിക്കാന്‍ ഇടയുണ്ട്.

content highlights: Malaikottai Valiban; Continuation of Lijo movies celebrating muscularity