നൂറുകണക്കിന് റിവ്യൂകൾ; എതിർത്തും അനുകൂലിച്ചും സൈബർ പോരാട്ടം
Film News
നൂറുകണക്കിന് റിവ്യൂകൾ; എതിർത്തും അനുകൂലിച്ചും സൈബർ പോരാട്ടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 6:50 pm

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം ഇറങ്ങിയത് മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് നിരവധി റിവ്യൂകളാണ് ഇതിനോടകം വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറെ ചർച്ചചെയ്യപ്പെടുന്ന റിവ്യൂകളാണ് ഉണ്ണി വ്ലോഗ്‌സിന്റെയും അഷ്വന്ത് കോക്കിന്റെയും.

സിനിമയുടെ പോസിറ്റീവ്സും നെഗറ്റീവ്‌സും ഒരേ പോലെ പറയുന്നതായിരുന്നു ഉണ്ണി വ്ലോഗ്‌സിന്റെ റിവ്യൂ. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ഫിലോസഫി പറയുന്നുണ്ടെന്നും എന്നാൽ ക്ലൈമാക്സ് രംഗങ്ങളിൽ ചിത്രം മറ്റൊരു റേഞ്ചിൽ എത്തിയെന്നും ഉണ്ണി പറഞ്ഞു. അതുപോലെ സിനിമയുടെ സിനിമോട്ടോഗ്രാഫിയെയും ബാക്ഗ്രൗണ്ട് സ്കോറിനെയും ഉണ്ണി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. സിനിമയുടെ ആർട്ട്, കോസ്റ്റ്യൂം ഡിപ്പാർട്‌മെന്റുകൾ മികവ് പുലർത്തിയെന്നും റിവ്യൂവിൽ പറയുന്നു.

ഓരോ സീനുകളും തമ്മിൽ ഒരു ബന്ധമില്ലായ്മ തോന്നിയെന്നും ക്ലൈമാക്സ് വരെ ഒരു കണക്ഷൻ കിട്ടാത്ത ഫീൽ ഉണ്ടായിരുന്നെന്നും ഉണ്ണി വ്ലോഗ്സ് പറയുന്നത്. അതുപോലെ സിനിമ ഒരു നാടക രീതിയിലാണ് പോകുന്നതെന്നും ചിത്രത്തിലെ ഫ്രെയിമുകളും സംഭാഷണങ്ങളും അതുപോലെ തോന്നിയെന്നും ഉണ്ണി കൂട്ടിച്ചേർത്തു. തനിക്ക് പൂർണമായ സംതൃപ്തി ചിത്രം നൽകിയില്ലെന്ന് പറഞ്ഞാണ് ഉണ്ണി റിവ്യൂ അവസാനിപ്പിക്കുന്നത്.

എന്നാൽ മലൈക്കോട്ടൈ വാലിബന്റെ കോസ്റ്റ്യൂമിലാണ് അശ്വന്ത് കോക്ക് റിവ്യൂ പറഞ്ഞത്. താൻ തികച്ചും ഒരു എൽ.ജെ.പി സിനിമയായാണ് പടം കാണാൻ പോയതെന്നും എന്നാൽ ഇത് എന്താണ് പടച്ചുവെച്ചിരിക്കുന്നത് എന്നാണ് കോക്കിന്റെ പ്രതികരണം. തിരക്കഥയാണെങ്കിലും സംവിധാനമാണെങ്കിലും തനിക്ക് തൃപ്തികരമായില്ലെന്നും കോക്ക് പറഞ്ഞു.

വരച്ചു വെക്കുന്ന പോലെയുള്ള ഫ്രെമുകൾ എടുക്കാനാണെങ്കിൽ ലിജോ പെല്ലിശേരിക്ക് മാതൃഭൂമി യാത്ര മാഗസിനിൽ പ്രസിദ്ധീകരിച്ചാൽ പോരെയെന്നായിരുന്നു കോക്കിന്റെ ചോദ്യം. ക്യാമറയും അതുപോലെ പ്രശാന്ത് പിള്ളയുടെ ബാക്ഗ്രൗണ്ട് സ്കോറും സീനിന് യോജിച്ചതായിരുന്നില്ല എന്നായിരുന്നു അശ്വന്തിന്റെ അഭിപ്രായം. എന്നാൽ മോഹൻലാൽ എന്ന നടൻ അദ്ദേഹത്തിന്റെ മാക്സിമം അഭിനയിച്ചിട്ടുണ്ടെന്നും കോക്ക് പറയുന്നുണ്ട്. തികച്ചും നെഗറ്റീവ് ഷേഡിലൂടെയാണ് കോക്കിന്റെ റിവ്യൂ.

ബി​ഗ് സ്ക്രീനിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഒരു മനോഹരമായ ചിത്രകഥ എന്ന് വാലിബനെ വിശേഷിപ്പിച്ചാൽ തെറ്റുപറയാനാവില്ലെന്നും വ്യത്യസ്തമായ ചിത്രങ്ങളാൽ സമ്പന്നമായ മലയാള സിനിമയിലെ അതി​ഗംഭീരമായ പരീക്ഷണമാണ് മലൈക്കോട്ടൈ വാലിബനെന്നുമായിരുന്നു മാതൃഭൂമിയുടെ റിവ്യൂ.

മാസ് മസാല എന്റർടെയിനർ മാത്രം കണ്ടുശീലിച്ച്, അതിൽ ആവേശം കൊള്ളുന്ന പ്രേക്ഷകർ അർഹിക്കുന്ന സിനിമയേയല്ല മലൈക്കോട്ടൈ വാലിബനെന്നും മാസ് സിനിമകളുടെ മീറ്റർ സ്കെയിൽ വെച്ച് അളന്ന് കുറ്റങ്ങൾ പറയാൻ ശ്രമിച്ചാലും അതിനെല്ലാം മേലെ ലിജോയുടെ ക്രാഫ്റ്റ് ഉയർന്നുതന്നെ നിൽക്കുമെന്നും മലയാള മനോരമ റിവ്യൂവിൽ പറയുന്നു.

ചുരുളി വന്നപ്പോ അതെക്കുറിച്ച് ദി ക്യൂവിൽ എഴുതിയ കുറിപ്പിന് താൻ തലക്കെട്ടിട്ടത് ”ചുരുളിയുടെ പതിനായിരത്തി ഒന്നാമത് റിവ്യു ‘ എന്നായിരുന്നെന്നും മലൈക്കോട്ടൈ വാലിബന് ലക്ഷത്തി ഒന്ന് റിവ്യുകൾ വരുന്നത് ഇപ്പോ കാണുന്നതെന്നും മാധ്യമ പ്രവർത്തകൻ സനീഷ് ഇളയെടത്ത് അഭിപ്രായപ്പെട്ടു. രണ്ടര മണിക്കൂർ ഏർപ്പാടിനെക്കുറിച്ച് ഇത്ര മാത്രം എഴുത്തുകൾ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു സംവിധായകൻ ഇപ്പോ മലയാളത്തിലില്ലെന്ന് തോന്നുന്നെന്നും ഇളയെടത്ത് കുറിച്ചിട്ടുണ്ട്.

ലിജോയുടെ ഏറ്റവും മോശം സിനിമ എന്ന കനത്ത നിരാശ സമ്പാദിച്ചാണ് വാലിബൻ കടന്നുപോകുന്നതെന്നും മേക്കിങ്ങിൽ കാണിച്ച ആത്മാർത്ഥതയുടെ കരിമ്പെങ്കിലും തിരക്കഥയൊരുക്കാൻ കാണിച്ചിരുന്നെങ്കിൽ വേറെ ലെവൽ ഐറ്റം ആയി മാറിയേനെ എന്നുമായിരുന്നു ഫില്മി ബീറ്റിന്റെ റിവ്യൂ. അഭിനയം, ക്യാമറ, മ്യൂസിക്, ആർട്ട്, ഫൈറ്റ് ഡിപ്പാർട്ട്മെൻറ് ഒക്കെ ഗംഭീരം ആയിട്ടുണ്ടെന്നും പക്ഷേ സിനിമയുടെ നട്ടെല്ല് ആയ തിരക്കഥ ഊരിയെടുത്ത് ഊന്നു വടിയാക്കി കൊടുത്തെന്നും അബിൻ ഈ റിവ്യൂവിൽ പറയുന്നത്.

എന്നാൽ സിനിമക്കെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും അതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ലിജോ ഇന്ന് നൽകിയ വാർത്താ സമ്മേളനത്തിൽ പറയുന്നുണ്ട്. തന്നെ വിശ്വസിക്കുന്നവർ സിനിമ കണ്ട് വിലയിരുത്തണമെന്നും കൊവിഡും പ്രളയവും എല്ലാം കടന്നുവന്ന നമുക്കിടയിൽ എന്തിനാണ് ഇത്ര വിദ്വേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Malaikottai vaaliban reviews