| Monday, 19th February 2024, 2:59 pm

തിയേറ്ററില്‍ കണ്ടത് പൊയ്... ഒ.ടി.ടി.യില്‍ കാണപ്പോവത് നിജം... മലൈക്കോട്ടൈ വാലിബന്‍ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായിരുന്നു മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമക്കുണ്ടായിരുന്നു. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു വാലിബന്‍. എന്നാല്‍ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസിന്റെ തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഫെബ്രുവരി 23 മുതലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. ‘ഇനി ഹോട്ട്‌സ്റ്റാറില്‍ കാണപ്പോറത് നിജം’ എന്ന ക്യാപ്ഷനോടെയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പോസ്റ്റ് ചെയ്തത്.

ഒരു മുത്തശ്ശിക്കഥ പോലെ ദേശവും കാലവും സൂചിപ്പിക്കാത്ത കഥയാണ് സിനിമയുടേത്. ഓരോ ദേശത്തെയും മല്ലന്മാരുമായി പോരാടി ജയിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്റെ കഥയാണ് സിനിമ പറയുന്നത്. മോഹന്‍ലാലാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന ബാക്കിവെച്ചാണ് സിനിമ അവസാനിച്ചത്.

പൊഖ്‌റാന്‍, ജയ്‌സാല്‍മേര്‍, ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മോഹന്‍ലാലിനെക്കൂടാതെ ഹരീഷ് പേരടി, സൊനാലി കുല്‍ക്കര്‍ണി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Malaikkottai Valiban OTT release date out

We use cookies to give you the best possible experience. Learn more