കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ കോയമ്പത്തൂര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് ടീനയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്ത് വന്നു.
2011 ജനുവരി 24ന് ശശീന്ദ്രനേയും രണ്ട് മക്കളേയും പുതുശ്ശേരിയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് പൊലീസ് അന്വേഷണത്തില്‍ ശശീന്ദ്രന്റേയും മക്കളുടേയും മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ല.
തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടീന കോടതിയെ സമീപിച്ചിരുന്നു. കോടതി സി.ബി.ഐ അന്വേഷണം അനുവദിക്കുകയും ചെയ്തു, ഇതിനിടെ ഉണ്ടായ ടീനയുടെ മരണമാണ് ബന്ധുക്കളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ടീന.
മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ അറിയുന്ന ആളാണ് ടീന എന്നും മരണത്തിലെ ദുരൂഹത് അന്വേഷിക്കണമെന്നും ആക്ഷൻ കൗൺസിൽ പ്രവർത്തകനായ ജോയ് കൈതാരം മാധ്യമങ്ങളോട് പറഞ്ഞു. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചാൽ ടീനയുടെ മൊഴികൾ നിർണ്ണായകമാവുമെന്നും ജോയ് പറയുന്നു.