[]കോഴിക്കോട്: മലബാര്‍ സംസ്ഥാന വാദ വിവാദത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടിയും പരിഹാസവുമായി “മാധ്യമം” ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. നവംബര്‍ 23 ന് മാധ്യമം സംഘടപ്പിച്ച പരിപാടിയില്‍ മലബാറിനോടുള്ള അവഗണന തുടരുകയാണെങ്കില്‍ മലബാര്‍ സംസ്ഥാനം വേണ്ടിവരുമെന്ന ധീരവിപ്ലവകാരി കെ.പി.ആര്‍ ഗോപാലന്റെ മുന്നറിയിപ്പ് ഓര്‍മ്മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാധ്യമം എഡിറ്റര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.
1992 നവംബര്‍ ആദ്യവാരത്തില്‍ മാധ്യമം സംഘടിപ്പിച്ച ഈ വിഷയത്തിലെ സംവാദത്തില്‍ വി.ആര്‍ കൃഷ്ണയ്യര്‍, ഇ.കെ നായനാര്‍, ഇമ്പിച്ചിബാവ, രാമചന്ദ്രന്‍ കടന്നപ്പള്ളി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രഗത്ഭര്‍ ഒന്നടങ്കം ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്ക് മലബാര്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിലേക്ക് വിരല്‍ചൂണ്ടിയ കാര്യം വിശദീകരിച്ചുകൊണ്ടായിരുന്നു അത്.
യോഗത്തില്‍ സംസാരിച്ചിരുന്ന സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വികസനപരമായി കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് മലബാറാണെന്നത് കണക്കുകളിലുദ്ധരിച്ച് പ്രസംഗിച്ചതും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. വികസനകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്ന കാര്യത്തില്‍ എല്ലാവരും യോജിപ്പിലെത്തുകയാണെങ്കില്‍ മലബാര്‍ സംസ്ഥാനം രൂപീകരിക്കേണ്ട ആവശ്യം ഉണ്ടാവില്ലെന്നും കോടിയേരി പ്രസംഗിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ഈ വിവരം പിണറായി വിജയന് കിട്ടുമ്പോള്‍ സെമിനാര്‍ മൊത്തം മലബാര്‍ സംസ്ഥാനം രൂപീകരിക്കുവാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയ്ക്ക് ശക്തിപകരാനുള്ളതായി മാറിയെന്ന് ലേഖകന്‍ പരിഹസിക്കുന്നു. പ്രസംഗത്തില്‍ ഹാസ്യമോ നര്‍മമോ പ്രയോഗിക്കാത്ത പിണറായി വിജയന്റെ ഈ വിഷയത്തിലെ നിലപാട് പരിഹാസ്യമാണെന്നും ലേഖകന്‍ പറയുന്നു. ഈ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച പിണറായിയുടെ പ്രസംഗവും ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും ലേഖനത്തില്‍ എ.ആര്‍ ഉദ്ധരിക്കുന്നുണ്ട്.
ദേശാഭിമാനി ലേഖനത്തില്‍ തന്റെ അഭിപ്രായത്തെ ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമായി അവതരിപ്പിക്കാനാണ് തിടുക്കം കാട്ടിയിരിക്കുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക ഭാരവാഹി പോലും അല്ലാത്ത താനല്ല സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനായ ടി.ആരിഫലിയാണ് ആ വിഷയത്തിലുള്ള ജമാഅത്തിന്റെ നിലപാട് വ്യക്തമാക്കുക. പരിപാടിയില്‍ അധ്യക്ഷം വഹിച്ച ജമാഅത്ത് അമീര്‍ ടി.ആരിഫലി ഈ വിഷയത്തിലുള്ള ജമാഅത്ത് നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
മലബാര്‍ സംസ്ഥാനവാദം വിഘടനവാദമാണന്ന പിണറായി ഉന്നയിക്കുന്ന വിമര്‍ശനത്തിന് അന്ന് കെ.പി.ആര്‍ ഗോപാലന്‍ നല്‍കിയ മറുപടിയും ലേഖനത്തില്‍ നല്‍കുന്നുണ്ട്. ” കാശ്മീരിന്റേയും പഞ്ചാബിന്റേയും പ്രശ്‌നം അവഗണനയുടേതായിരുന്നു. പിന്നീടത് വഴിമാറിയേക്കാം. മലബാര്‍ സംസ്ഥാന വാദവും വിഘടനവാദമായി എളുപ്പം താറടിക്കാന്‍ കഴിയും. പക്ഷേ സംഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തുന്നവരായിക്കില്ല അങ്ങിനെ ചെയ്യുന്നവര്‍. മലബാര്‍ സംസ്ഥാനം എന്ന മുറവിളി ഉയര്‍ന്നാലെങ്കിലും അവഗണന മാറ്റുമെങ്കില്‍ തെറ്റൊന്നുമില്ലല്ലോ? ഇതാണ് ലേഖനത്തില്‍ ഉന്നയിക്കുന്ന കെ.പി.ആറിന്റെ വാക്കുകള്‍.
മലബാര്‍ സംസ്ഥാനവാദത്തെയും മലപ്പുറം ജില്ലാ വിഭജന വാദത്തേയും വിഘടന വാദമായും മതേതരവിരുദ്ധമായും ചിത്രീകരിക്കുവാനുള്ള ത്വര എന്തിനാണെന്ന് വ്യക്തമാണെന്ന് ലേഖനത്തില്‍ പറയുന്നു.
കോണ്‍ഗ്രസും ഭാരതീയ ജനസംഘവും പ്രമുഖ ദേശീയ പത്രവും ഒറ്റക്കെട്ടായി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും മിനി പാക്കിസ്ഥാന്‍ എന്ന് വിളിച്ച് കൂവുകയും ചെയ്തിട്ടും മുസ്ലീം ഭൂരിപക്ഷ മലപ്പുറം ജില്ല രൂപീകരിക്കാന്‍ ധൈര്യപ്പെട്ട ചരിത്ര പുരുഷനാണ് ഇ.എം.എസ് നമ്പൂതിരിപ്പാടെന്നും അദ്ദേഹമിരുന്ന കസേരയിലാണ് താങ്കളെ ചരിത്രം കൊണ്ടിരുത്തിച്ചതെന്നും പിണറായി വിജയനെ ഓര്‍മ്മപ്പെടുത്തിയാണ് ഒ. അബ്ദുറഹ്മാന്റെ ലേഖനം അവസാനിക്കുന്നത്.
ഇന്ന് ഏറ്റവും ജനവാസജില്ലയായ മലപ്പുറത്തെ ഭരണസൗകര്യാര്‍ത്ഥം വിഭജിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ആരെങ്കിലും പ്രകടിപ്പിക്കുമ്പോഴേക്ക് മതേതരത്വം അപകടത്തില്‍, വിഘടനവാദം എന്ന് മുറവിളി ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ ഇരിക്കട്ടെ സ്വന്തം പാര്‍ട്ടി അണികള്‍ക്ക് പോലും അത് ഉള്‍ക്കൊള്ളാനാവുമോ എന്ന് അദ്ദേഹം സ്വയം ആലോചിക്കണമെന്നും പിണറായിയെ മാധ്യമം ലേഖനം ഉപദേശിക്കുന്നു.