ഫേസ്ബുക്കില്‍ അധിക്ഷേപം; അഭിനേതാക്കളുടെ വീട്ടില്‍ കയറി പോലും വിദ്വേഷം; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയെന്ന് വാരിയംകുന്നന്‍ സംവിധായകന്‍
Film News
ഫേസ്ബുക്കില്‍ അധിക്ഷേപം; അഭിനേതാക്കളുടെ വീട്ടില്‍ കയറി പോലും വിദ്വേഷം; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയെന്ന് വാരിയംകുന്നന്‍ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th May 2023, 10:50 am

മലബാര്‍ സിംഹം വാരിയംകുന്നന്‍ ഷോട്ട് ഫിലിം സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ ഭീഷണി. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ തന്റെ നമ്പരിലേക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഭീഷണി സന്ദേശങ്ങളും കോളുകളും വരികയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഫൈസല്‍ ഹുസൈന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒപ്പം അഭിനയിച്ചവരുടെ വീട്ടില്‍ വന്ന് പോലും വിദ്വേഷം പരത്തുകയാണെന്നും ഇത് ഇനിയും തുടരുകയാണെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ ഫൈസല്‍ ഹുസൈന്‍ പറഞ്ഞു.

‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. കെ.കെ.എന്‍. കുറുപ്പ്, എം.ജി.എസ് നാരായണന്‍, എം. ഗംഗാധരന്‍, മോയിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരി എന്നിങ്ങനെയുള്ള ചരിത്ര പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയത്.

ഒരു മതവിഭാഗത്തേയോ ജാതിയേയോ ഒരു വാക്ക് കൊണ്ട് പോലും ഈ സിനിമ നോവിച്ചിട്ടില്ല. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്. എന്നിട്ടും സിനിമക്കെതിരെ സൈബര്‍ അറ്റാക്ക് വരുന്നുണ്ടെങ്കില്‍ അത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടുള്ള വിരോധം കൊണ്ടാണ്.

ചിത്രത്തില്‍ അഭിനയിച്ചവരുടെ വീടുകളില്‍ കയറി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഇങ്ങനെയൊരു ചിത്രത്തില്‍ എന്തിനാണ് അഭിനയിച്ചത് എന്നാണ് അവരോട് ചോദിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നിന്നുമാണ് എനിക്കെതിരെ സൈബര്‍ അറ്റാക്ക് നടക്കുന്നത്. വിദേശത്ത് നിന്നടക്കം കോളുകള്‍ വരുന്നുണ്ട്. ഇനിയും ഭീഷണികള്‍ തുടരുകയാണെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കും,’ ഫൈസല്‍ ഹുസൈന്‍ പറഞ്ഞു.

വാരിയംകുന്നന്റെ ചക്കിപ്പറമ്പന്‍ കുടുംബം നിര്‍മിച്ച ചിത്രം കഴിഞ്ഞ മെയ് നാലിനാണ് ഓറഞ്ച് മീഡിയ എന്ന യൂ്യൂബില്‍ ചാനലില്‍ റിലീസ് ചെയ്തത്. ജാഫര്‍ ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. നടന്‍ കുമാര്‍ സുനിലാണ് ചിത്രത്തില്‍ വാരിയംകുന്നനായി എത്തിയത്.

Content Highlight: Malabar simham variyamkunnan shot film director and actors threatened