മലബാര്‍ സമരവും ഇടതുപക്ഷവും | നവാസ് കെ.
Malabar rebellion
മലബാര്‍ സമരവും ഇടതുപക്ഷവും | നവാസ് കെ.
നവാസ് കെ.
Thursday, 26th August 2021, 3:02 pm
കൊളോണിയല്‍ ജന്മിത്വ താത്പര്യങ്ങള്‍ വര്‍ഗീയ മുദ്ര പതിച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മാപ്പിള സമരത്തെ, സാമ്രാജ്യത്വ വിരുദ്ധ കര്‍ഷക സമരമായി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് വിശദീകരിക്കുകയാണ് ലേഖകന്‍

മലബാര്‍ പ്രദേശം ലോകാടിസ്ഥാനത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണ് 1921. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരുടെ നാടാണ് മലബാര്‍. പ്രത്യേകിച്ചും ഇന്നത്തെ മലപ്പുറം ജില്ലയിലെ ഏറനാട് വള്ളുവനാട് പ്രദേശം.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി ടിപ്പു സുല്‍ത്താന്‍ കോണ്‍വാലിസുമായി നടത്തിയ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാറിന്റെ അധികാരം ബ്രിട്ടന്റെ കൈകളിലെത്തി. അതിന്റെ ഫലമായി അന്നുവരെ ഉണ്ടായിരുന്ന ഭൂപരിഷ്‌കരണവും തൊഴിലാളി നിയമങ്ങളുമെല്ലാം ബ്രിട്ടന്‍ അട്ടിമറിച്ചു. ഈ സാമൂഹിക അട്ടിമറിയോടെ കുടിയാന്മാരും മാപ്പിളമാരും ബ്രിട്ടനെതിരെയും ജന്മിമാര്‍ക്കെതിരെയും തിരിഞ്ഞു. 1800കളില്‍ ചെറുതും വലുതുമായി നടന്ന ഈ പോരാട്ടങ്ങള്‍ പിന്നീട് 1921 വരെ നീണ്ടുനിന്നു.

1921 ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ ബ്രിട്ടീഷ് സൈന്യവുമായി നേര്‍ക്കുനേര്‍ നടന്ന പോരാട്ടങ്ങളായിരുന്നു. പാണ്ടിക്കാട് ചന്തപ്പുര അക്രമവും, പൂക്കോട്ടൂര്‍ യുദ്ധവുമെല്ലാം അത്തരം പോരാട്ടങ്ങള്‍ക്കുദാഹരണമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന ഘടകമായിരുന്നു ഈ പോരാട്ടം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ നേതാക്കളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയുമെല്ലാം പിന്തുണ മലബാര്‍ സമരത്തിനുണ്ടായിരുന്നു.

അന്തര്‍ദേശീയ തലത്തില്‍ മലബാര്‍ സമരത്തിന്റെ പ്രസക്തിയെത്തിക്കുന്നത് സാക്ഷാല്‍ ലെനിന്‍ ആണെന്ന് തന്നെ പറയാം. 1917ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തിന് ശേഷം ലെനിന്റെ നിര്‍ദേശപ്രകാരം സോവിയറ്റ് യൂണിയന്‍ മലബാര്‍ സമരത്തിലെ കാര്‍ഷിക പോരാട്ടം, തൊഴിലാളി പ്രശ്നങ്ങള്‍, കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്നീ വശങ്ങളെക്കുറിച്ച് പഠിക്കുകയും അത് പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ലെനിന്‍

‘ഭൂമി, ആഹാരം, സമാധാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബോള്‍ഷെവിക്കുകള്‍ നടത്തിയ പോരാട്ടം റഷ്യന്‍ വിപ്ലവത്തിന് ജനകീയമായ അടിത്തറ പാകാന്‍ സഹായിച്ചിരുന്നു. കൂടാതെ റഷ്യയില്‍ കാലങ്ങളായി ഉണ്ടായിരുന്ന രാജവാഴ്ചയും സ്വകാര്യസ്വത്തുടമസ്ഥത സമ്പ്രദായവും ഇല്ലായ്മ ചെയ്ത് ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വിപ്ലവത്തിലൂടെ ലക്ഷ്യമിട്ടത്. ഈ വിപ്ലവ ആശയത്തോടും തൊഴിലാളി അവകാശ പോരാട്ടത്തോടും വളരെയേറെ സമാനതകള്‍ മലബാര്‍ സമരത്തിനുമുണ്ടായിരുന്നു. മലബാര്‍ സമരവും റഷ്യന്‍ വിപ്ലവവും അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും ബുദ്ധിജീവികളും സമരത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് പില്‍ക്കാലത് ഏറെ എഴുതിയിട്ടുണ്ട്. എ.കെ.ജിയെയും ഇ.എം.എസിനെയും പോലെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ മലബാര്‍ സമരത്തെ കാര്‍ഷിക – സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭമായി അടയാളപ്പെടുത്തുകയും, പ്രസംഗങ്ങളിലൂടെയും എഴുത്തുളിലൂടെയും അവ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഭരണകൂടവേട്ടകള്‍ക്കിരയാകുകയും ചെയ്തിട്ടുണ്ട്. അനേകം ദേശീയ ഇടത് നേതാക്കളും അന്തര്‍ദേശീയ ചരിത്രകാരന്മാരും മലബാര്‍ സമരത്തിന്റെ ഇടതുപക്ഷ വീക്ഷണം സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.

മലബാര്‍ സമരത്തെ കുറിച്ച് അബനി മുഖര്‍ജി ലെനിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്

ലോകത്തെ തന്നെ മാറ്റിമറിച്ച പ്രധാനപ്പെട്ട വിപ്ലവമാണ് 1917 റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവം. സാര്‍ ചക്രവര്‍ത്തിക്കെതിരെ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തില്‍ പ്രധാനമായും തൊഴില്‍, ഭൂമി, സ്വകാര്യസ്വത്ത് ഉന്‍മൂലനം എന്നിവ മുദ്രാവാക്യങ്ങളായി ഉയര്‍ന്നുവന്നു. ഈ വിപ്ലവത്തില്‍ ആകൃഷ്ടരായി പല ഇന്ത്യന്‍ നേതാക്കളും റഷ്യയില്‍ പോകുകയും വിപ്ലവത്തിന്റെ രീതിശാസ്ത്രങ്ങളും പ്രയോഗങ്ങളും അറിയുകയും പഠിക്കുകയും ചെയ്തിരുന്നു.

1891 ല്‍ ഇന്ത്യയിലെ ജബല്‍പുരില്‍ ജനിക്കുകയും സോഷ്യലിസ്റ്റ് ആശയത്തോട് ആകൃഷ്ടനാകുകയും ചെയ്ത വ്യക്തിയാണ് അബനി മുഖര്‍ജി. 1920 ല്‍ രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌ക്കന്റില്‍ വെച്ച് രൂപീകരിക്കുന്നത്. ഇതിന് മുഖ്യമായ പങ്കുവഹിച്ച ഒരാളാണ് അബാനി മുഖര്‍ജി.

അബനി മുഖര്‍ജി

1921ല്‍ മൂന്നാമത്തെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ അബനി മുഖര്‍ജി പങ്കെടുക്കുകയും ചെയ്തു. ഈ കാലത്താണ് 1921ലെ ഇന്ത്യയില്‍ നടന്ന ഐതിഹാസിക ബ്രിട്ടീഷ്-ജന്മി വിരുദ്ധ പോരാട്ടത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെയും കാര്‍ഷിക പ്രശ്‌നങ്ങളെയും കുറിച്ച് സഖാവ് ലെനിന്‍ അബനി മുഖര്‍ജിയോട് പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അബനി മുഖര്‍ജി മലബാറില്‍ നടന്ന കാര്‍ഷിക പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുകയും മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭത്തെ കുറിച്ച് ‘മാപ്പിള മുന്നേറ്റം’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഈ പ്രസ്തുത റിപ്പോര്‍ട്ട് ലെനിന്‍ വായിക്കുകയും തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി ബുക്കാറിന് കൈമാറുകയും ചെയ്തു. പ്രസ്തുത ഭാഗം ലെനിന്റെ സമ്പൂര്‍ണകൃതികളില്‍ 45ആം വോള്യത്തില്‍ കാണാം. സമരത്തിന്റെ ഘട്ടങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ ഐക്യത്തിന് ഊന്നല്‍ കൊടുക്കണമെന്ന് ലെനിന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഈ റിപ്പോര്‍ട്ട് ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു.

1921ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ കമ്മ്യൂണിസ്റ്റ് റിവ്യൂയില്‍ ഈ പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നതായി പറയുന്നു. റഷ്യയില്‍ ജീവിച്ച കുട്ടോസ്‌ക്കിയെന്ന വ്യക്തി മലബാര്‍ സമരത്തെ കുറിച്ച് പഠനം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു.

റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാന ആശയമായിരുന്നു മുതലാളിത്തത്തിന്റെ കീഴില്‍ നിന്ന് തൊഴിലാളികളെ മോചിപ്പിക്കുക എന്നത്. കൂടാതെ ജനങ്ങളാല്‍ ഭരിക്കുന്ന ഒരു രാജ്യമായി റഷ്യയെ മാറ്റുക എന്നുള്ളതായിരുന്നു. സമാനമായ ഒരു അന്തരീക്ഷവും കാര്‍ഷിക തൊഴിലാളി പ്രശ്‌നങ്ങളും മലബാറിലും ഉണ്ടായിരുന്നു. അതില്‍ നിന്നുള്ള മാറ്റത്തിനായി കൊളോണിയല്‍ ഭരണവും ജന്മിത്ത വ്യവസ്ഥിതിയും അവസാനിപ്പിച്ച് പാവപെട്ട ജനങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ ഭരണം നേടുക എന്നതായിരുന്നു മലാബര്‍ സമരത്തിന്റെ ആവശ്യം.

സൗമേന്ദ്രനാഥ ടാഗോറിന്റെ 1921 മലബാറിലെ കര്‍ഷക ലഹളയെന്ന പുസ്തകത്തില്‍ നിന്ന്

മലബാര്‍ സമരത്തിന്റെ പ്രാധാന്യവും വസ്തുതകളും വിവരിച്ചിട്ടുള്ള ഇന്ത്യന്‍ ഇടതുപക്ഷക്കാരനാണ് സൗമേന്ദ്രനാഥ ടാഗോര്‍. ബംഗാളി മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളായ ശംസുദ്ധീന്‍ അഹമ്മദ് അടക്കമുള്ള ആളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1920 മുതല്‍ അദ്ദേഹം സജീവമായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നലകൊള്ളുന്നത്. ശേഷം തൊഴിലാളികളെയും കര്‍ഷകരെയും ഒരുമിച്ചുകൂട്ടി ലേബര്‍ സ്വരാജ് പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് 1926 ഏപ്രില്‍ മാസത്തില്‍ കല്‍ക്കത്തയില്‍ വെച്ചു നടന്ന സി.പി.ഐ സമ്മേളനത്തില്‍ പങ്കടുക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പിടികൂടാന്‍ തീരുമാനിച്ചപ്പോള്‍ 1927 ഏപ്രിലില്‍ അദ്ദേഹം ഇന്ത്യ വിടുകയും പാരീസ് വഴി സോവിയറ്റ് യൂണിയനില്‍ എത്തുകയും ചെയ്തു. അവിടെ വെച്ചാണ് അദ്ദേഹം കൂടുതലായി മാര്‍ക്‌സിയന്‍ ആശയങ്ങള്‍ പഠിക്കുന്നത്.

1934ലാണ് അദ്ദേഹം രാഷ്ട്രീയ യാത്രയുടെ ഭാഗമായി മലബാര്‍ സന്ദര്‍ശിക്കുന്നത്. ഇക്കാലത്ത് അദ്ദേഹം മലബാര്‍ സമരത്തെ കുറിച്ച് പഠിക്കുകയും സമരത്തിന്റെ പ്രധാന കാരണം കാര്‍ഷിക പ്രശ്‌നമാണെന്ന് വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് ഇത് സംബന്ധമായ ഒരു പുസ്തകം ‘പെസന്‍സ് റിവോള്‍ട് ഇന്‍ മലബാര്‍ 1921’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1936ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ പുസ്തകം നിരോധിക്കുകയും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഈ പുസ്തകത്തിലുടനീളം മലബാര്‍ സമരത്തിനുണ്ടായ കാരണങ്ങളും പ്രശ്‌നങ്ങളും വസ്തുതാപരമായി തന്നെ വിലയിരുത്തുന്നുണ്ട്. ‘മാപ്പിള’ എന്നാണ് മലബാറിലെ മുസ്ലിങ്ങള്‍ അറിയപ്പെടുന്നതെന്നും അതിലധികവും ദരിദ്രരായിരുന്നുവെന്നും വളരെ കുറച്ച് പേര്‍ ചാലിയാര്‍ പുഴയുടെ തീരത്ത് മര വ്യാപാരികളുമായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. മലബാറിലെ മാപ്പിളമാരുടെ പിന്നോക്കാവസ്ഥയെ വളരെ കൃത്യമായി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സൗമേന്ദ്രനാഥ ടാഗോര്‍

കാലങ്ങളോളം വനഭൂമിയായിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി അവിടെ കൃഷി ചെയാന്‍ തുടങ്ങിയവരാണ് മാപ്പിളമാര്‍. അവരെ കൃഷിയിടത്തില്‍ നിന്ന് കുടിയിറക്കിയാണ് ജന്മിമാര്‍ ഭൂമി സ്വന്തമാക്കിയത്. ഇത്തരത്തില്‍ ജന്മിമാരില്‍ നിന്നും മാപ്പിളമാര്‍ക്ക് നേരിടേണ്ടി വന്ന അടിച്ചമര്‍ത്തലുകളെ സൗമേന്ദ്രനാഥ ടാഗോര്‍ ഈ പുസ്തകത്തിലൂടെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ 1921 ലെ മഹത്തായ കാര്‍ഷിക വിപ്ലവം നടക്കുന്നതിനു മുമ്പ് തന്നെ മലബാറില്‍ മാപ്പിളമാരുടെ നേതൃത്വത്തില്‍ 112 ഓളം സമരങ്ങള്‍ 1936 നും 1883 നും ഇടയില്‍ നടന്നിരുന്നുവെന്നും അവയുടെയെല്ലാം അടിസ്ഥാനകാരണം കാര്‍ഷിക പ്രശ്‌നമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ജന്മിമാരില്‍ നിന്നുണ്ടായ നിരന്തര പീഡനങ്ങളും പാട്ടം വര്‍ധിപ്പിക്കലും കാരണമാണ് 1920 ഒക്ടോബറില്‍ കോഴിക്കോടു വെച്ച് കുടിയാന്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇതിലൂടെ തെക്കേ മലബാറില്‍ വമ്പിച്ച മാറ്റം ഉണ്ടായി. ഇടനിലക്കാരുടെ അന്യായമായ പിരിവുകള്‍ നിര്‍ത്തലാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപെട്ടു. കൂടാതെ ഏതെങ്കിലും ഒരു ജന്മി കര്‍ഷകുടുംബത്തെ ഒഴിപ്പിച്ചാല്‍ പിന്നെ ആ ജന്മിയുടെ ഭൂമി ഒരിക്കലും പാട്ടത്തിന് എടുക്കില്ലെന്ന് കുടിയാന്‍ പ്രസ്ഥാനം തീരുമാനിച്ചു. ഈ രൂപത്തില്‍ അന്നത്തെ മലബാറിലെ കുടിയാന്മാരുടെ കാര്‍ഷിക പ്രശ്‌നങ്ങളെ എങ്ങനെയാണ് കര്‍ഷകരും കുടിയാന്മാരും സംഘടിതമായി തരണം ചെയ്തതെന്ന് അദ്ദേഹം തന്റെ പുസ്തകത്തില്‍ വ്യക്തമായി രേഖപെടുത്തുന്നു.

1920 ന് മഞ്ചേരിയില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ കൃഷിക്കാരുടെ ആവശ്യങ്ങള്‍ പിന്താങ്ങുന്ന പ്രമേയം അംഗീകരിച്ചു. കോഴിക്കോട്ടുള്ള സാമൂതിരി രാജാവ് കൃഷിക്കാരനെ ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് അവിടെ കുടിയാന്‍ ദുരിതാശ്വാസസമിതി ജന്മമെടുത്തു. കൂടാതെ ജന്മിയെത്തില്‍ ഒരു ചെറു വിപണി തന്നെ ജന്മിത്വത്തിനെതിരെ ഉടലെടുത്ത സാഹചര്യവും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1921ലുണ്ടായ സമരം തീര്‍ത്തും കാര്‍ഷികവും വര്‍ഗ്ഗപരവുമാണെന്ന് പറയുന്നതോടൊപ്പം ജന്മിത്വത്തിന്റെ ക്രൂരതകളും തൊഴിലാളി വിരുദ്ധ മനോഭാവങ്ങളും ഇടതുപക്ഷ വീക്ഷണത്തോടെ തന്നെ അദ്ദേഹം വിലയിരുത്തുന്നുണ്ട്.

മലബാര്‍ സമരത്തെ വര്‍ഗീയമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം കൃത്യമായി ചെറുക്കുന്നുണ്ട്. സമരത്തില്‍ കൊല്ലപ്പെട്ടത് ഹിന്ദുക്കളായതുകൊണ്ടല്ല മറിച്ച് അവര്‍ തൊഴിലാളികളെയും കുടിയന്‍മാരെയും അടിച്ചമര്‍ത്തുന്ന ജന്മികളോ അതുമല്ലെങ്കില്‍ ബ്രിട്ടീഷ് സഹായത്തോടുകൂടി സമരത്തെ ഒറ്റുകൊടുത്തവരോ ആയതുകൊണ്ടാണ്.

അതിനപ്പുറം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ആര്യസമാജം കലാപ പ്രദേശം സന്ദര്‍ശിക്കുകയും ചുരുക്കം ചില ഹിന്ദുക്കളുടെ ഫോട്ടോ എടുക്കുകയും അത് വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുക്കുകയും ചെയ്തു. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത നൂറുക്കണക്കിന് മാപ്പിളമാരുടെയോ ക്രൂരമായി പീഡിപ്പിക്കപ്പെട്ട മാപ്പിള സ്ത്രീകളുടെയോ ഫോട്ടോകള്‍ എടുക്കാന്‍ അന്ന് അവര്‍ തയ്യാറായില്ല. ഇതിന്റെ ഉദ്ദേശം തന്നെ മഹത്തായ കാര്‍ഷിക സമരത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ മാത്രമാന്നെന്ന നിഗമനത്തിലാണ് ഈ പുസ്തകത്തില്‍ തര്‍ക്കമില്ലാതെ സൗമേന്ദ്രനാഥ ടാഗോര്‍ എഴുതുന്നത്.

വളരെ സുവ്യക്തമായി തന്നെ കാര്‍ഷിക പ്രശ്‌നങ്ങളാണ് മലബാര്‍ സമരത്തിന്റെ മൂലകാരണമെന്നും ഒന്നും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും അദ്ദേഹം നോക്കി കാണുന്നുണ്ട്. വര്‍ഗീയതക്കപ്പുറം വര്‍ഗ ഐക്യവും തൊഴിലാളി അവകാശങ്ങളുമായിരുന്നു പ്രധാനമായും സമരത്തിന് പിന്നിലെന്നും മലബാറിലെ കര്‍ഷക ലഹള എന്ന പുസ്തകത്തില്‍ വായിക്കാം.

കേരളത്തിലെ അറിയപ്പെട്ട ഇടതുപക്ഷ പ്രചാരകനും ഹ്യൂമനിസ്റ്റുമായ എം റഷീദാണ് പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. മലബാര്‍ സമരത്തിന്റെ ഇടതുപക്ഷ വ്യാഖ്യാനത്തിനും സമരത്തിന്റെ വര്‍ഗ്ഗപരമായ നിലപാടുകള്‍ വിശദീകരിക്കുന്നതിനും ഈ പുസ്തകം വലിയ പങ്കുവഹിച്ചു.

ഇ.എം.എസ്. മലബാര്‍ സമരത്തെ കുറിച്ച് തന്റെ ആത്മകഥയില്‍ പറയുന്നത്

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഇ.എം.എസ്. മലബാറിലെ ജീവിതസാഹചര്യം വളരെയേറെ അറിയുന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹം. മലബാര്‍ സമരത്തിന്റെ നേരനുഭവങ്ങള്‍ ഇ.എം.എസ്. തന്റെ ആത്മകഥയില്‍ ഖിലാഫത്ത് എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.

മലബാറില്‍ സമരം നടക്കുന്ന കാലത്താണ് ഗാന്ധിജി ദേശീയ തലത്തില്‍ നിസഹകരണമെന്ന ആശയം മുന്നോട്ടുവെച്ചത്. ഈ ആശയം രാജ്യമാകെ ഏറ്റെടുത്തു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിച്ചു. വക്കീലന്മാരും കക്ഷികളും കോടതി ബഹിഷ്‌കരിച്ചു. നിയമസഭാ മെമ്പര്‍മാര്‍ വിദ്യാര്‍ഥികളുമെലാം തങ്ങളുടെ പദവികള്‍ ഉപേക്ഷിച്ച് തുടങ്ങി. കൂടാതെ നികുതി നിഷേധവും തൊഴില്‍ നിസ്സഹകരണവും നടക്കുന്ന ഘട്ടത്തിലാണ് ഗാന്ധിജി ഖിലാഫത്തിനെ നിസഹകരണ പ്രസ്ഥാനവുമായി സഹകരിപ്പിച്ച് മുന്നോട്ടു പോയത്.

ഇ.എം.എസ്.

ഇതിന് പ്രധാന കാരണം മുസ്ലീങ്ങളുടെ തുര്‍ക്കി ഖിലാഫത്തിനെ അറുതിവരുത്തിയ ബ്രിട്ടനെ മലബാറിലെ മാപ്പിളമാര്‍ തങ്ങളുടെ മുഖ്യശത്രുവായി കണ്ടുവെന്നതാണ്. അതുകൊണ്ട് തന്നെയാണ് ഗാന്ധിജി ഖിലാഫത്തിനെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചത്. ഇതിന്റെ ഭാഗമായി എം.പി. നാരായണ മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന് തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ മുസ്ലിം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് മുസ്ലിം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഖിലാഫത്ത് വളണ്ടിയര്‍മാരെ സംഘടിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ മുസ്ലിങ്ങളെകുറിച്ച് 1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് കേട്ട അറിവിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര പ്രസ്ഥാനത്തില്‍ മുസ്ലീങ്ങളുടെ പങ്കിനെ പറ്റി അറിഞ്ഞപ്പോള്‍ അവരോട് സ്‌നേഹവും ബഹുമാനവും തോന്നിയെന്ന് ഇ.എം.എസ്. ആത്മകഥയില്‍ വിവരിക്കുന്നു.

മലബാര്‍ സമരം ശക്തിപ്പെടുന്ന കാലയളവില്‍ തങ്ങള്‍ ഏലംകുളത്ത് തന്നെ നിന്നു, അവിടെ ഒരു പ്രശ്‌നവും ഉണ്ടായില്ല. ആ സമയത്ത് തങ്ങളുടെ മനക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ കാവല്‍ നിന്നത് മാപ്പിളമാര്‍ തന്നെയായിരുന്നുവെന്ന് ഇ.എം.എസ് എഴുതിവെക്കുന്നുണ്ട്. എന്നുവെച്ചാല്‍ ബ്രിട്ടീഷ് നയം ഏറ്റെടുത്ത ജന്മികള്‍ക്കെതിരെ മാത്രമേ അന്ന് ഖിലാഫത്ത് പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിട്ടുള്ളതെന്ന് മനസിലാക്കാം. എത്ര കാവലുണ്ടായാലും കുടുംബത്തോടൊപ്പം ഒന്ന് മാറിത്താമസിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള വെള്ളാങ്ങല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു. യാത്രവഴികളിലെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കാണാമായിരുന്നു അവര്‍ക്കൊന്നും ഒരു വ്യത്യാസവുമിലായിരുന്നുവെന്ന് ഇ.എം.എസിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.

‘അഞ്ചാറു മാസം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പല കഥകളും കേട്ടു. നിസ്സഹകരണ പരിപാടിയിലൂടെ ഉണ്ടായ ഹിന്ദു മുസ്‌ലിം ഐക്യം ആകെ തകര്‍ന്നിരിക്കുന്നു. ലഹളക്കാര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് യാഥാര്‍ഥ്യമോ കല്പിതമോ ആയ കഥകള്‍ പറയുന്ന ഹിന്ദുക്കള്‍. പൊലീസ് വന്ന് അറസ്റ്റ് ചെയുന്നത് എപ്പോഴെന്ന് ഭയപെട്ടുകൊണ്ടിരിക്കുകയും, ജയിലില്‍ കഴിയുന്ന ബന്ധുക്കളെക്കുറിച്ച് വ്യാകുലരായിക്കഴിയുകയും ചെയുന്ന മുസ്ലിങ്ങള്‍. ഗാന്ധിയെയും കോണ്‍ഗ്രസിനെയും പഴിക്കുന്ന ബ്രിട്ടീഷ് ഭക്തന്മാര്‍ കോണ്‍ഗ്രസിനെ ന്യായീകരിക്കുന്നതെങ്ങനെയെന്നറിയാതെ നില്‍ക്കുന്ന ദേശീയവാദികള്‍ -ഇതാണ് സ്ഥിതി.’ ഇങ്ങനെയാണ് ഖിലാഫത്ത് എന്ന അധ്യായം അവസാനിക്കുന്നത്.

സര്‍ദാര്‍ ചന്ദ്രോത്ത് കണ്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

മലബാര്‍ സമരത്തിന്റെ മൂര്‍ധന്യത്തില്‍ 1921 ഓഗസ്റ്റ് മാസം 29 ആം തിയ്യതി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും പന്തലൂരുള്ള സൈനിക പരിശീലന ക്യാമ്പ് സന്ദര്‍ശിക്കുകയും തുടര്‍ന്ന് മുടികൊടുള്ള ബ്രിട്ടീഷ് പോലീസ് ഔട്ട്‌പോസ്റ്റ്റ്റിലെ ഉദ്യോഗസ്ഥനായ ഒതുക്കുങ്ങല്‍ സ്വദേശി കൂടിയായ കക്കാട് ഹൈദ്രോസ് കുട്ടിയെ വധിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ നേരെ പോയത് ബ്രിട്ടീഷ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ആനക്കയം ചേക്കുട്ടി ഇന്‍സ്‌പെക്ടറുടെ വീട്ടിലേക്കാണ്. ഏതാണ്ട് 24 പേരടങ്ങുന്ന സംഘം കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ചേക്കുട്ടിയുടെ വീട്ടിലെത്തി.

ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി എല്ലാ തോക്കുകളും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്ന് പറഞ്ഞുള്ള ടി. ഓസ്റ്ററിന്റെ ഉത്തരവിന്റെ ഭാഗമായാണ് തങ്ങള്‍ എത്തിയതെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ തോക്കുകള്‍ ഇവിടെയല്ല ഹാജരാകേണ്ടതെന്നും മലപ്പുറത്താണ് ഹാജരാക്കേണ്ടതെന്നും മറുപടി പറഞ്ഞ ഉടനെതന്നെ സംഘത്തിലുള്ള ഒരാള്‍ ചേക്കുട്ടിയുടെ നേര്‍ക്ക് നിറയൊഴിച്ചു.

വീടിന്റെ മുകളിലെ വരാന്തയില്‍ കിടന്ന് മരിച്ച ചേക്കുട്ടിയുടെ തല കുന്തത്തില്‍ കുത്തി എടുത്ത് അദ്ദേഹത്തിനെതിരെ 40 മിനിറ്റ് നീണ്ട കുറ്റപത്രം ഹാജിയുടെ സംഘത്തിലുണ്ടായിരുന്ന പന്തലൂര്‍ സ്വദേശി നായിക്ക് താമി വായിക്കുകയും അതില്‍ ചേക്കുട്ടി ബ്രിട്ടനെ സഹായിക്കുന്നതോടൊപ്പം മാപ്പിളമാരെ പീഡിപ്പിച്ചുവെന്നതുള്‍പ്പെടെ മുന്നൂറോളം വരുന്ന കുറ്റങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ചരിത്രകാരനായ എ.കെ. കോഡൂര്‍ അദ്ദേഹത്തിന്റെ ആംഗ്ലോ മാപ്പിള യുദ്ധത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1897 ല്‍ സ്ഥാപിക്കപ്പെട്ട മഞ്ചേരി ഹിദായത്തുല്‍ മുസ്ലിമീന്‍ സഭയുടെ അഭിവാജ്യ നേതാവായിരുന്നു ചേക്കുട്ടി ഇന്‍സ്പെക്ടര്‍. മലബാറിലെ പ്രത്യേകിച്ചും ഏറനാട് വള്ളുവനാട് താലൂക്കുകളിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ചേക്കുട്ടിയുടെ കുടുംബത്തിന് ഉണ്ടായിരുന്നുവെന്നത് ചരിത്രം.

ചേക്കുട്ടി പോലീസിന്റെ തല കുന്തത്തിന്മേല്‍ കയറ്റി അത് ജനങ്ങളെ പ്രദര്‍ശിപ്പിക്കുകയും മഞ്ചേരിയിലേക്ക് ജാഥനടത്തുകയും ചെയ്തു. (എന്നാല്‍ കെ.കെ. അബ്ദുല്‍ കരീമിനെ പോലെയുള്ള ചരിത്രകാരന്മാര്‍ ഈ സന്ദര്‍ഭം നിഷേധിക്കുന്നുണ്ട്) മഞ്ചേരിയില്‍ കാളവണ്ടിയില്‍ കയറി ഖിലാഫത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു.

മലബാര്‍ സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് 1946 ആഗസ്റ്റ് 25 ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സര്‍ദാര്‍ ചന്ദ്രോത്ത് എങ്ങനെയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ രൂപം വിവരിക്കുന്നത് കാണാം.

”ആരാണ് ഈ സംഘത്തിന്റെ നേതാവ്? കുറുതായി മെലിഞ്ഞു കറുത്ത് പല്ലുകള്‍ പലതും പോയി കവിളൊട്ടി താടിയില്‍ കുറേശ്ശേ രോമം വളര്‍ത്തി തടിച്ച വെള്ള വസ്ത്രവും വെള്ള ഷര്‍ട്ടും വെള്ള കോട്ടും ധരിച്ച് ചുകന്ന രോമത്തൊപ്പിയിട്ട് അതിനുചുറ്റും വെള്ള ഉറുമാല്‍ കെട്ടി കരയുള്ള ചെരിപ്പും കൈയില്‍ വാളുമായി മുമ്പില്‍ നില്‍ക്കുന്ന ആ ധീരത്വം സ്ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനങ്ങളുടെ ഹൃദയം ‘ചടപട’ മിടിച്ചു എന്നാണ് പറയുന്നത്. കണ്ടാല്‍ അല്‍പം വിരൂപനെങ്കിലും അയാളുടെ കണ്ണുകള്‍ക്ക് അയസ്‌കാന്തത്തിലേറെ ശക്തിയുണ്ടായിരുന്നു. അതാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി!”

ആ പ്രസംഗത്തില്‍ പ്രധാനമായും ഹാജി പറഞ്ഞത് ഇങ്ങനെയാണ്. ചേക്കുട്ടി പോലീസിനെ കൊല്ലാന്‍ പ്രധാന കാരണം അദ്ദേഹം ഗവണ്‍മെന്റിനോടും ജന്മിയോടും കളിക്കണ്ടെന്നും പറഞ്ഞ് നമ്മളെ ഭീഷണിപ്പെടുത്തി. അതിനാണ് അദ്ദേഹം ഇതനുഭവിച്ചത്. ഞാന്‍ ഇത് ചെയ്തത് തെറ്റാണെങ്കില്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്നെ കൊല്ലാം എന്നാണ്. കൂടാതെ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ ഒരിക്കലും ഹിന്ദുക്കളെ ഉപദ്രവിക്കരുത്. അവരെ ഭയപെടുത്തരുത്. അവരുടെ ഇഷ്ട്ടം കൂടാതെ ദീനില്‍ ചേര്‍ക്കരുത്. പക്ഷെ ഗവണ്‍മെന്റിനെ സഹായിച്ചാല്‍ തീര്‍ച്ചയായും ശിക്ഷിക്കുമെന്ന് ഹാജി പ്രസംഗിച്ചത് ചന്ത്രോത്തിന്റെ ലേഖനത്തില്‍ കാണാം.

സോവിയറ്റ് ചരിത്രകാരന്മാര്‍ മലബാര്‍ സമരത്തെ കുറിച്ച് നടത്തിയ നിരീക്ഷണം

സോവിയറ്റ് ചരിത്രകാരന്മാര്‍ ഇന്ത്യയുടെ സവിശേഷ ചരിത്ര സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയ പുസ്തകമാണ് ‘കണ്ടംപററി ഹിസ്റ്ററി ഓഫ് ഇന്ത്യ.’ (സമകാലിക ഭാരത ചരിത്രം). ഇന്ത്യയെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിനോടൊപ്പം തന്നെ അതിന്റെയെല്ലാം മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് വശം കൂടി പരിശോധിക്കുന്നുണ്ട് ചരിത്രകാരന്മാര്‍. 1957-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. എട്ടോളം വരുന്ന റഷ്യന്‍ ചരിതകാരന്മാരും വി.വി. ബാലാബൂഷോവിച്ചും ഏ.എം ദിയാക്കോവ് തുടങ്ങിയ എഡിറ്റര്‍മാരും ഈ ചരിത്ര പുസ്തകത്തിന് പിന്നിലുണ്ട്. പി നാരായണന്‍ നായര്‍ ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപെടുത്തുകയും കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ ചരിത്ര ഗ്രന്ഥത്തില്‍ മലബാര്‍ സമരത്തെ വിശദീകരിക്കുന്നുണ്ട്. മാപ്പിള ലഹളയെന്ന് പേരിട്ടിട്ടുള്ള അധ്യായം 1921ലെ മലബാര്‍ സമരത്തിന്റെ പോരാട്ടവും സാഹചര്യവും, തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ എങ്ങനെ വിപ്ലവത്തിലേക്ക് നീങ്ങിയതെന്നും പ്രതിപാദിക്കുന്നു. 1921ലെ മലബാര്‍ സമരം മതത്തിന്റെ കുടക്കീഴില്‍ നടന്നെങ്കിലും അതിന്റെ വര്‍ഗപരമായ സ്വഭാവം സമരത്തില്‍ പ്രകടമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ തര്‍ക്കമില്ലാതെ രേഖപ്പെടുത്തുന്നു.

മദ്രാസ് സംസ്ഥാനത്തിലെ പ്രദേശമായ മലബാര്‍ കരയിലെ മുസ്‌ലിങ്ങളെയാണ് മാപ്പിളമാര്‍ എന്ന് വിളിച്ചു വരുന്നത്. യഥാര്‍ത്ഥത്തില്‍ സമുദായത്തിന്റെ ഉള്ളിലെ അടിച്ചമര്‍ത്തല്‍ കൊണ്ടാണ് അവര്‍ ഇസ്ലാം സ്വീകരിച്ചത്. അതിലധികവും കര്‍ഷകരും തൊഴിലാളികളുമായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്.

1921 സമരത്തിന്റെ പ്രധാന കാരണം എന്താണെന്ന് വളരെ വ്യക്തമായി തന്നെ വിശദീകരിക്കുന്നുണ്ട് അതിങ്ങനെ വായിക്കാം.

‘ലഹളയുടെ പ്രധാന കാരണം അന്നത്തെ പത്രങ്ങളും ഔദ്യോഗിക റിപ്പോര്‍ട്ടുകളും ഘോഷിച്ച പോലെ ഖിലാഫത്ത് പ്രക്ഷോഭമായിരുന്നില്ല മറിച്ച് ലഹളയില്‍ മുന്‍കൈയെടുത്ത മാപ്പിള തൊഴിലാളികളും കുടിയാന്മാരും അതിഭയങ്കരമായി ചൂഷണത്തിന് വിധേയമായിരുന്നു എന്ന സംഗതിയാണ്’

എന്നുവെച്ചാല്‍ ഖിലാഫത്ത് എന്ന ആഗോള പ്രശ്‌നത്തിന് മുമ്പ് തന്നെ വര്‍ഗ്ഗപരമായ പ്രശ്‌നങ്ങളാണ് സമരത്തിന്റെ പ്രധാനമെന്നും തൊഴിലാളിയും മുതലാളിയും തമ്മിലുള്ള വര്‍ഗ്ഗസമരമാണ് വര്‍ഗസംഘട്ടനത്തിലേക്ക് നയിച്ചതെന്നും ചരിത്രകാരന്മാര്‍ പറഞ്ഞുവെക്കുന്നു.

മലബാര്‍ സമരത്തിന് മുന്നില്‍ നേതാക്കന്മാരായ ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുമടക്കമുള്ളവരായിരുന്നു. അവര്‍ മുന്നോട്ടുവെച്ച കാര്‍ഷിക തൊഴിലാളി പ്രശ്‌നങ്ങളിലൂടെ തന്നെയാണ് സമര ചരിത്രം വിശദീകരിച്ച് പുസ്തകം കടന്നുപോകുന്നത്. 1921 ആഗസ്റ്റ് മാസം തിരൂരങ്ങാടിയില്‍ നടന്ന പ്രക്ഷോഭവും, വാഗണ്‍ട്രാജഡി കൂട്ടക്കൊലയും, പൂക്കോട്ടൂര്‍ യുദ്ധവും, പാണ്ടിക്കാട് പോരാട്ടങ്ങളുടെ സാഹചര്യങ്ങളും വളരെ വ്യക്തമായി തന്നെ മാര്‍ക്‌സിയന്‍ വീക്ഷണത്തോടെ പുസ്തകം വിശകലനം ചെയ്യുന്നുണ്ട്.

എടുത്തുപറയേണ്ട പ്രധാന സംഭവം മലബാര്‍ സമരത്തെ വര്‍ഗീയവത്‌രിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ്. അത് ഇങ്ങനെ വായിക്കാം.

‘മാപ്പിളമാര്‍ എതിര്‍ത്ത് പോകുന്ന ഭൂവുടമകളും ഹുണ്ടികമാരും അധികവും ഹിന്ദുക്കളായിരുന്നു. ഈ വസ്തുത ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് അധികാരികള്‍ ലഹളയുടെ പ്രധാന കാരണം കൃഷിക്കാരുടെ മേല്‍ നടത്തിയ ഭയങ്കര ചൂഷണമായിരുന്നില്ലെന്നും നേരെമറിച്ച് മാപ്പിളമാരുടെ മതഭ്രാന്തും ഹിന്ദു വിരോധവും ആയിരുന്നു എന്നും പ്രചരണം നടത്തി.’

‘ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സ്പര്‍ദ്ദ കുത്തിയിളക്കി സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുന്നതിന് വേണ്ടിമാത്രം ബ്രിട്ടീഷ് അധികാരികള്‍ കൊണ്ടുവന്നതാണ്. യാഥാര്‍ത്ഥ്യത്തില്‍ ലഹളയുടെ നിര്‍ണായക ഘടകം മതമായിരുന്നില്ല. ഹിന്ദുക്കള്‍ മാപ്പിളമാരുടെ ഭാഗം ചേര്‍ന്ന് ബ്രിട്ടീഷ് പട്ടാളത്തിനെതിരെയായി പോരാടിയതിനും, ഹിന്ദു ഉടമകളോടെന്ന പോലെ മുസ്ലിം ഭൂഉടമകളോടും ലഹളക്കാര്‍ പോരാടിയതിന് തെളിവുകളുണ്ട്’

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ 1921 ആഗസ്‌ററ് മാസത്തില്‍ ബ്രിട്ടീഷുകാര്‍ക്കും ഭൂഉടമകള്‍ക്കുമെതിരെ പ്രഷോഭം രൂക്ഷമാകുകയും അതിനെ അടിച്ചമര്‍ത്താനായി കോഴിക്കോടില്‍ നിന്ന് പോലീസും പട്ടാളവും തിരൂരങ്ങാടിയിലേക്ക് തിരിച്ചു. ആഗസ്ത് മാസം 20ആം തിയതി പട്ടാളം എത്തുകയും മാപ്പിളമാര്‍ അഭയം കൊണ്ട പള്ളിവളയുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി 5000 വരുന്ന മാപ്പിളമാര്‍ ഒത്തുകൂടുകയും ബ്രിട്ടീഷ് സേനയെ വളയുകയും ചെയ്തു. റോഡുകള്‍ അടച്ചു. പ്രതിരോധിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് പട്ടാളക്കാര്‍ ജീവന്‍ കൊണ്ട് രക്ഷപെടുകയും കൊല്ലപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണം ആ പ്രദേശങ്ങളില്‍ നിലച്ചു. മാപ്പിളമാര്‍ സ്വരാജ് പ്രഖ്യാപിക്കുകയും ഏറനാട്ടിലെ വള്ളുവനാട്ടിലും മാപ്പിളമാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു. ആ പ്രദേശത്തു സ്വതന്ത്ര ഭരണം വന്നു ആലി മുസ്ലിയാര്‍ ഭരണാധിപനായി സ്ഥാനമേറ്റു.

മലബാര്‍ സമരത്തിന്റെ ഐതിഹാസിക വിജയം നേടുകയും തിരൂരങ്ങാടി കേന്ദ്രമായി ഭരണം നടത്തിയെങ്കിലും വെറും 6 മാസമാണ് അവിടെ സ്വാതന്ത്ര സര്‍ക്കാരിന് അധികാരത്തില്‍ നില്‍ക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം സോവിയറ്റ് ചരിത്രകാരന്മാര്‍ പറയുന്നത് ഇങ്ങനെയാണ്.

‘ലഹളക്കാര്‍ വിവിധ വിഭാഗക്കാര്‍ തമ്മില്‍ അടുത്ത ബന്ധം ഒന്നുമുണ്ടായിരുന്നില്ല. പുതിയ സാമൂഹ്യ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ അവരുടെ നേതാക്കള്‍ ഒരു തിടുക്കവും കാണിച്ചില്ല. മാപ്പിള നേതാക്കന്മാര്‍ ഖിലാഫത്ത് രാജ്യം പ്രഖ്യാപിച്ച ചുരുങ്ങിയ കാലഘട്ടത്തില്‍, കൃഷിക്കാര്‍ക്ക് അവര്‍ ഏറെ കാലമായി കൊതിച്ചുപോകുന്ന ഭൂമി കിട്ടിയില്ല. നാടുവാഴി അടിമത്തത്തില്‍ നിന്ന് മോചനം അവര്‍ക്ക് ലഭിച്ചില്ല ലഹളയുടെ പരാജയ കാരണങ്ങളിലൊന്ന് ഇതായിരുന്നു’

ചുരുക്കത്തില്‍ ഇന്ത്യന്‍ പശ്ചാത്തലത്തെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയില്‍ വിശകലം ചെയ്യുകയും. മലബാര്‍ സമരത്തെ റഷ്യ ചരിത്രകാരന്മാര്‍ നോക്കിക്കണ്ടത് തൊഴിലാളികളുടെ അവകാശത്തെ അടിച്ചമര്‍ത്തുന്നതിലും, ഭൂവുടമകളുടെ അധികാരവും വര്‍ഗ വിരുദ്ധ സമീപനം കൊണ്ടും കൂടാതെ ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ നോക്കിയതിനും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ആശയം മുന്നിര്‍ത്തിയാണന്ന വസ്തുതയില്‍ തന്നെയാണ്.

സമരത്തിന്റെ വര്‍ഗീയപരമായ കാഴ്ചപാട് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയും അതിനോട് വിയോജിക്കുകയും ചെയ്യുമ്പോള്‍ തന്നെ വര്‍ഗപരമായി സമരത്തെ നോക്കിക്കാണാന്‍ ശ്രമിച്ചുവെന്നത് ഈ പുസ്തകത്തില്‍ കാണാം. സ്വന്തന്ത്ര സര്‍ക്കാരിന്റെ ഭരണ പരാജയത്തിന്റെ കാരണം ജനങ്ങളെ ഒരുമിക്കാന്‍ കഴിയാത്തതും, തൊഴിലാളി അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതുമാണെന്നും ഈ ഗ്രന്ഥത്തിലൂടെ സോവിയറ്റ് ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കുന്നു.

റഫറന്‍സ്:
റഷ്യന്‍ വിപ്ലവം – വിക്കിപീഡിയസോഷ്യലിസം ഇന്‍ ഇന്ത്യ
മലബാര്‍ മാനുവല്‍ – വില്യം ലോഗന്‍
മൈസൂരിന്റെ അധിനിവേശം എ ഡി -1766 -1792
ലെനിന്‍ സമ്പൂര്‍ണ കൃതികള്‍ വോള്യം 45
V. I. Lenin to N. I. Bukharin, note dated 14 November 1921
അബനി മുഖര്‍ജി വിക്കിപീഡിയ
സതീശ് ചന്ദ്രന്‍-മാപ്പിള ലഹള ചരിത്രവഴിയിലെ കരിയിലകള്‍
https://www.samakalikamalayalam.com/malayalam-vaarika/essays/2019/may/24
Muslims of Malabar and left -Pinarayi vijayan
Hamlet in Monsoon Blog of Ramachandran # History,Life and Polemics
The Moplah Rising / By Abani Mukherji
https://hamletram.blogspot.com/2019/11/the-moplah-rising-by-abani-mukherji_19.html
സൗമേന്ദ്രനാഥ ടാഗോര്‍-മലബാറിലെ കര്‍ഷക ലഹള
പി .ടി നാസര്‍ -കര്‍ഷകലഹളയെന്ന് സൗമ്യേന്ദ്രനാഥ ടാഗോര്‍
https://www.madhyamam.com/opinion/open-forum/malabar-rebellion-series/666795
ഇ.എം.എസ്. ആത്മകഥ
പി.ടി. നാസര്‍- ഇ.എം.എസ്സിന്റെ ഖിലാഫത്തനുഭവം
https://www.madhyamam.com/opinion/open-forum/online-monopolists-ruling-the-market-news-series-810688?infinitescroll=1
ശഹീദ് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി – കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
ആംഗ്ലോ -മാപ്പിള യുദ്ധം -എ കെ കോഡൂര്‍
സമകാലിക ഭാരത ചരിത്രം -പി നാരായണന്‍ നായര്‍
പി.ടി. നാസര്‍ – സോവിയറ്റ് ചരിത്രകാരന്മാരുടെ അവലോകനം
https://www.madhyamam.com/opinion/open-forum/malabar-rebellion-books-article-series-pt-nasar-malayalam-article/676668

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Malabar Revolt and Left Movement – Nawas K writes