കോഴിക്കോട്: തിരുവനന്തപുരം ഭരണകൂടത്തിന്റെ കോളനിയായി മലബാര്‍ തുടരുന്നുവെന്ന് ചരിത്രകാരന്‍ കെ.കെ.എന്‍. കുറുപ്പ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന രണ്ടാമത് മലബാര്‍ എജ്യുക്കേഷന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
തിരുവിതാംകൂറും കൊച്ചിയുമെല്ലാം പുരോഗതിയുടെ കാര്യത്തില്‍ മലബാറിനെക്കാള്‍ മുന്നിലാണെന്നും മലബാറിന്റെ പിന്നോക്കാവസ്ഥ ഇന്ന് തുടങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെ പഴയകോളനി ഭരണം മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിവിവരണ കണക്കുകള്‍ എടുത്തുനോക്കുമ്പോള്‍ ഇന്നും തിരുവിതാംകൂറും കൊച്ചിയും മലബാറിനെക്കാള്‍ മുന്നിലാണ്. വിദ്യാഭ്യാസ രംഗത്തും മറ്റും വളരെ മുന്നിലാണ് അവര്‍. അതേസമയം മലബാര്‍ പഴയ കോളനി വ്യവസ്ഥയിലെന്ന പോലെ തിരുവന്തപുരത്തെ ഭരണകൂടത്തിന്റെ കോളനിയായി തുടരുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ്‌കാരുടെ കോളനിഭരണ കാലത്തും അതിന് മുമ്പ് വിജയനഗരത്തിലുമെല്ലാം മലബാര്‍ പിന്നാക്കവസ്ഥയിലായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ രാജഭരണമായിരുന്നു. എല്ലാം രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരാണ് മലബാറില്‍ ആദ്യമായി ആധുനിക വിദ്യാഭ്യാസ കേന്ദ്രം കൊണ്ടുവരുന്നത്, കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
താന്‍ ചെയര്‍മാനായിരുന്ന എസ്.കെ.വൈ.എസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളുന്നയിച്ചു കൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കണക്കെടുത്ത് പഠിച്ചിരുന്നു. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍, കൊച്ചി എവിടെ നില്‍ക്കുന്നുവെന്നും മലബാര്‍ എവിടെ എന്നെല്ലാം കണക്കെടുത്തതായും അദ്ദേഹം പറഞ്ഞു.
Content Highlight: Malabar remains a colony of Thiruvananthapuram state: Historian K.K.N. Kurupp