മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം: മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍, വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍
Education
മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനം: മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍, വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍
എ പി ഭവിത
Saturday, 7th April 2018, 3:05 pm

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിനും പാലക്കാട് കരുണയ്ക്കും പിന്നാലെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനവും വിവാദത്തില്‍. പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമവിരുദ്ധമാണെന്നാണ് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയിരിക്കുന്നത്. പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍നോട്ട സമിതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രവേശനം സുതാര്യമല്ലെന്ന് ആരോപിച്ചാണ് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടില്ലെന്നും രേഖകളില്‍ കൃത്രിമത്വം നടത്തിയെന്നും തന്നെയാണ് മേല്‍നോട്ട സമിതി കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ഒത്തുകളിച്ചാണ് പ്രവേശനം നേടിയതെന്നും ആരോപിക്കുന്നു.
സ്‌പോട്ട് അഡ്മിഷനിലൂടെയാണ് പത്ത് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. ഓണ്‍ലൈന്‍ തകറാര്‍ മൂലം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.

ഇതിനിടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കി. അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തില്‍ ഓഡിനന്‍സ് കൊണ്ടു വന്ന പശ്ചാത്തലത്തിലായിരുന്നു വെള്ളിയാഴ്ച നിവേദനം നല്‍കിയത്.


Also Read: സ്വാശ്രയത്തില്‍ ഇടതുപക്ഷം തോല്‍പ്പിക്കുന്നതാരെ?


 

“മറ്റ് രണ്ട് കോളേജുകളിലേയും കുട്ടികളെ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയ സാഹചര്യത്തിലാണ് ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. പഠനം തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ മക്കളും ആത്മഹത്യ ചെയ്യുമോയെന്ന് ഭയമുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു”.മുഖ്യമന്ത്രിക്ക നിവേദനം നല്‍കിയ രക്ഷിതാവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പ്രവേശന സമയത്ത് മേല്‍നോട്ട സമിതി നിര്‍ദേശിച്ചത് പോലെ രേഖകള്‍ ഹാജരാക്കിയെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറയുന്നത് .”എല്ലാ രേഖകളും കോളേജില്‍ സമര്‍പ്പിച്ചതാണ്. പഠനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. പരീക്ഷ എഴുതാന്‍ ആരോഗ്യ സര്‍വ്വകലാശാല അനുവദിച്ചില്ല. അപ്പോള്‍ മാത്രമാണ് നിയമനം അംഗീകരിച്ചിട്ടില്ലെന്ന് ഞങ്ങള്‍ അറിയുന്നത്”.

പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാറും മേല്‍നോട്ട സമിതിയും ആരോഗ്യ സര്‍വ്വകലാശാലയും വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷ എഴുതാന്‍ കോടതി അനുമതി നല്‍കി. എന്നാല്‍ ആരോഗ്യ സര്‍വ്വകലാശാല ഈ വിദ്യാര്‍ത്ഥികളുടെ ഫലം പുറത്തു വിട്ടില്ല. തുടര്‍ന്നാണ് ഫലം പുറത്തു വിടണമെന്നും പ്രവേശനം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീകോടതിയെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചത്.

നീറ്റ് പട്ടികയില്‍ 24000 മുതല്‍ റാങ്കുള്ള വിദ്യാര്‍ത്ഥികളാണ് പത്ത് പേരും. ഇതില്‍ രണ്ട് പേര്‍ ഒരു ലക്ഷത്തിന് മുകളില്‍ റാങ്കുള്ളവരാണ്.

സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട കോളേജിലാണ് വിദ്യാര്‍ത്ഥികളെ ചേര്‍ത്തത്. പതിനൊന്ന് ലക്ഷം രൂപ ഫീസും നല്‍കി. തലവരി ആവശ്യപ്പെട്ടിട്ടില്ല. നല്‍കിയിട്ടുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കേസ് പരിഗണിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം പുറത്തു വിടാത്തതിന്റെ കാരണം വിശദമാക്കാന്‍ സുപ്രീം കോടതി ആരോഗ്യ സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടു. പിന്നീട് കേസ് പരിഗണിച്ച ദിവസം സര്‍വ്വകലാശാല പത്ത് വിദ്യാര്‍ത്ഥികളുടെയും ഫലം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പതിനൊന്നാം തിയ്യതി കോടതി വീണ്ടും പരിഗണിക്കും.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.