| Thursday, 9th September 2021, 9:56 am

സംസ്ഥാനത്തെ 80 ശതമാനം സ്വര്‍ണവ്യാപാരവും അനധികൃതം; നിയമം ശക്തമായാല്‍ കള്ളക്കടത്തും ഉദ്യോഗസ്ഥശല്യവും തടയാം; സര്‍ക്കാരിന് പിന്തുണയുമായി മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.

ഉപഭോക്തൃ താല്‍പര്യം സംരക്ഷിക്കുന്ന തീരുമാനമാണിതെന്നും വ്യാപാരം നിയമപ്രകാരമായാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സ്വര്‍ണം ലഭിക്കുമെന്നും എം.പി. അഹമ്മദ് പറഞ്ഞു. അനധികൃത വ്യാപാരത്തിന്റെ ഗുണം കിട്ടുന്നത് മാഫിയക്കാണെന്നും സ്വര്‍ണം നിക്ഷേപമാണെന്നും അതിനു രേഖകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിപണിയുടെ മൂന്ന് ശതമാനം മാത്രം വരുന്ന മലബാര്‍ ഗോള്‍ഡ് കഴിഞ്ഞ വര്‍ഷം 139 കോടി ജി.എസ്.ടിയും 271 കോടി ആദായനികുതിയുമടച്ചെന്നും ഈ നിലയില്‍ വിപണിയില്‍ നിന്നും സര്‍ക്കാരിന് 4000 കോടി ലഭിക്കേണ്ടതായിരുന്നെന്നും എന്നാല്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ലഭിച്ചതെന്നും അഹമ്മദ് വ്യക്തമാക്കി.

സംസ്ഥാനത്തെ 80 ശതമാനം വ്യാപാരവും അനധികൃതമാണെന്നും ഇവ തടയാനും ഉദ്യോഗസ്ഥശല്യം ഒഴിവാക്കാനും നിയമപ്രകാരം കച്ചവടം നടക്കണമെന്ന് അഹമ്മദ് അഭിപ്രായപ്പെട്ടു. അനധികൃത വ്യാപാരം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തടയണമെന്നും നികുതി ഏഴ് ശതമാനത്തില്‍ നിര്‍ത്തിയാല്‍ കള്ളക്കടത്ത് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതലയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നികുതി പിരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വലിയ സ്വര്‍ണക്കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജി.എസ്.ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യതയും മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു ചില സ്വര്‍ണവ്യാപാരികളുടെ പ്രതികരണം. നിലപാട് യുദ്ധപ്രഖ്യാപനമാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. സ്വര്‍ണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malabar Gold supports Kerala Govt and CM Pinarayi Vijayan

We use cookies to give you the best possible experience. Learn more