കോഴിക്കോട്: കേന്ദ്രഗവര്‍മെന്റിന്റെ ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയം 6 കോടി രൂപ ഗ്രാന്റ് നല്‍കി 2003 ലാണ് അന്നത്തെ രാഷ്ട്രപതി ഇന്ത്യയിലെ ആദ്യത്തെ ഫുഡ്പാര്‍ക്കായി കാക്കഞ്ചേരി ഫുഡ് പാര്‍ക്കിനെ രാജ്യത്തിന് സമര്‍പ്പിച്ചത്.
കേന്ദ്രഗവര്‍മെന്റിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊടിപടലങ്ങളോ പുകയോ പോലും പുറത്തുവരാന്‍ സാധ്യതയുള്ള ഒരു സ്ഥാപനവും ഫുഡ് പാര്‍ക്കിനകത്ത് സ്ഥാപിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ട്.
എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് 30 ഭക്ഷ്യസംസ്‌ക്കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനകത്ത് ദിവസേന 48 ലിറ്റര്‍ ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യവും കൂടാതെ ചെമ്പ്, ഈയം, കാഡ്മിയം ,നിക്കല്‍, സിങ്ക് തുടങ്ങിയ സ്വര്‍ണാഭരണ നിര്‍മാണത്തില്‍ അനിവാര്യവായ മാരകമായ ലോഹമാലിന്യങ്ങള്‍ പുറത്തുവിടുന്ന മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ നിര്‍മാണ ശാലയ്ക്ക് രണ്ടേകാല്‍ ഏക്കര്‍ സ്ഥലം കിന്‍ഫ്ര അനുവദിച്ചതെന്ന് കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ആരോപിക്കുന്നു.
25-9-2013 ല്‍ കിന്‍ഫ്ര അനുവദിച്ച കെട്ടിടനിര്‍മാണാനുമതിയുടെ മാത്രം ബലത്തിലാണ് ഇന്നുകാണുന്ന കെട്ടിടം പണിതതെന്നും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി മാത്രമേ കെട്ടിടം പണിതുടങ്ങാവൂ എന്ന നിയമത്തെ നിഷ്പ്രഭമാക്കിയെന്നും സമിതി ആരോപിക്കുന്നു.
മേല്‍പ്പറഞ്ഞ മാലിന്യങ്ങള്‍ 3 ലക്ഷം ലിറ്റര്‍ മലിന ജലവും 2675 തൊഴിലാളികളുടെ മലമൂത്ര-ഭക്ഷ്യാവശിഷ്ടങ്ങളും ഈ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് ഒഴുക്കും എന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിനെതിരെ ജനങ്ങളെ സമരരംഗത്തെത്തിച്ചതെന്നും കാക്കഞ്ചേരി പരിസരസംരക്ഷണ സമിതി വ്യക്തമാക്കുന്നു.
കാക്കഞ്ചേരിയില്‍ ഈ സ്വര്‍ണാഭരണ നിര്‍മാണം അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് 2014 ഫെബ്രുവരിയില്‍ തന്നെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മെമ്മോറാണ്ടങ്ങള്‍ അയച്ചിരുന്നെന്നും നിരവധി തവണ നേരിട്ടുകണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും സമിതി പറയുന്നു.
കിന്‍ഫ്രഇന്‍ഡസ്ട്രീസ് ചേമ്പര്‍ സ്വര്‍ണാഭരണ നിര്‍മാണശാല പാര്‍ക്കില്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട ഹൈക്കോടതില്‍ നിന്നും ഇതിന് പ്രവര്‍ത്തനാനുമതി സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നിലവിലുള്ള കമ്പനിയിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുവരാന്‍ 17-12-2014 ല്‍ കമ്പനി ശ്രമിച്ചപ്പോഴാണ് ജനങ്ങള്‍ അത് തടഞ്ഞത്.
നാട്ടുകാരുടെ പേരില്‍ നിരവധി കള്ളക്കേസുകള്‍ പോലീസിനെ ഉപയോഗിച്ച് കെട്ടിച്ചമക്കുയും ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തുകയും ചെയ്തപ്പോഴാണ് 20-12-2014 മുതല്‍ കമ്പനി പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങേണ്ടി വന്നതെന്നും സമിതി പറയുന്നു.
മലബാര്‍ ഗോള്‍ഡ് കാക്കഞ്ചേരി വിട്ടുപോകും വരെ സമരം എന്ന മുദ്രാവാക്യവുമായി തുടര്‍ന്നുവരുന്ന സമരം ഈ 20ാം തിയതിയോടെ ഒരു വര്‍ഷം പിന്നിടുകയാണ്. എന്നാല്‍ ഈ സമരം കണ്ടതായി സര്‍ക്കാരോ മാധ്യമങ്ങളോ നടിക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ജില്ലാകളക്ടര്‍ സമരസമിതിയുമായി 5 തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും മലിനീകരണമുണ്ടാവാതെ സ്വര്‍ണാഭരണ ശാല തുടങ്ങാം, മലിനീകരണമുണ്ടായാല്‍ നോക്കാം എന്നൊക്കെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ സമരസമിതി അംഗീകരിച്ചിരുന്നില്ല. കാക്കഞ്ചേരിയെ മറ്റൊരു എന്‍ഡോസള്‍ഫാന്‍ മേഖലയാക്കാനാണ് സര്‍ക്കാര്‍ശ്രമിക്കുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി.
മാധ്യമങ്ങളെയും ഉദ്യോഗസ്ഥ മേധാവികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വിലയ്ക്കു വാങ്ങി വന്ധ്യംകരിച്ച ശേഷമാണ് മലബാര്‍ ഗോള്‍ഡ് ജനങ്ങളെ നേരിടാന്‍ എത്തിയതെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും കോഴിക്കോട് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവുമായആസാദ് മലയാറ്റൂര്‍ പറഞ്ഞിരുന്നു
മലബാര്‍ ഗോള്‍ഡ് ആഭരണ നിര്‍മാണ ശാല കാക്കഞ്ചേരി വിടുന്നതുവരെ തുടരുമെന്നു പ്രഖ്യാപിച്ച് പരിസരവാസികള്‍ ആരംഭിച്ച സമരത്തിന് നേരെ ആദ്യമാദ്യം അറച്ചു നിന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍നിന്നു ഒറ്റപ്പെടുമെന്ന സാഹചര്യത്തില്‍ സമരത്തില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതരായെന്നും പക്ഷെ, തങ്ങളുടെ നേതൃത്വങ്ങളെ തിരുത്താന്‍ അവര്‍ക്കാവുന്നില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
എം എല്‍ എയും എം പിയും വകുപ്പു മന്ത്രിയും മുസ്ലീം ലീഗുകാരാണെന്നും ആ രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും ഇദ്ദേഹം പറഞ്ഞുിരുന്നു. സമരം നീളുന്ന ഓരോ ദിവസവും രാഷ്ട്രീയനേതാക്കളുടെ നിരുത്തരവാദിത്തത്തിന്റെയും ജനവിരുദ്ധതയുടെയും ചിത്രമാണ് കൂടുതല്‍ക്കൂടുതല്‍ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.