കോഴിക്കോട്: ”മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ നിര്‍മാണ ശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം” എന്ന മുദ്രാവാക്യം ഉയര്‍ത്തി’ 2014 ഡിസംബര്‍ 20ന് കാക്കഞ്ചേരി പരിസര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐതിഹാസിക സമരം വിജയത്തില്‍.
കാലിക്കറ്റ് സര്‍വകലാശാലക്കടുത്തുള്ള കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് ആരംഭിക്കാനിരുന്ന ആഭരണ നിര്‍മാണശാലയ്‌ക്കെതിരെയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യേ കാക്കഞ്ചേരിയിലെ ജനങ്ങള്‍ സമരത്തിനിറങ്ങിയത്.
കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ ആരംഭിക്കാനിരുന്ന മലബാര്‍ഗോള്‍ഡിന്റെ ആഭരണ നിര്‍മാണശാല മാറ്റാന്‍ തീരുമാനിച്ചതായി കിന്‍ഫ്ര അറിയിച്ചിരിക്കുകയാണ്.
”മലബാര്‍ ഗോള്‍ഡിന് സ്വര്‍ണാഭരണശാല നിര്‍മിക്കാന്‍ അനുവദിച്ച ഭൂമിയില്‍ സ്വര്‍ണാഭരണ ശാലയുടെ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പകരം ഫുഡ് കോര്‍ട്ട്, പ്രൊഡക്ട് ഡിസ്‌പ്ലേ റൂം, ടെക്‌നോമോള്‍ സെയില്‍ ഔട്ട്‌ലെറ്റ്, പാക്കേജിങ് യൂണിറ്റ്, ഐ.ടി ഐ.ടി അധിഷ്ടിത യൂണിറ്റ് എന്നിവ തുടങ്ങുന്നതിന് കിന്‍ഫ്ര അനുമതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ”കിന്‍ഫ്ര സമരസമിതിയെ അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 3 ാം തിയതി കിന്‍ഫ്ര പാര്‍ക്കിങ് മുന്‍പില്‍ വെച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പങ്കെടുത്ത ജലനിധിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വര്‍ണാഭരണം നിര്‍മാണശാല ഇവിടെ അനുവദിക്കാന്‍ പറ്റില്ലെന്ന് മലബാര്‍ ഗോള്‍ഡ് അധികൃതരോട് പറഞ്ഞതായി മന്ത്രി ഇ.പി ജയരാജന്‍ പ്രഖ്യാപിക്കുകയായിരുന്നെന്ന് കാക്കഞ്ചേരി പരിസര സംരക്ഷണസമിതി ചെയര്‍മാനായ എ. ബാലകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”മന്ത്രിയുടെ മുന്‍പില്‍ ഈ വിഷയം പറയണമെന്ന് ചേലമ്പ്രപഞ്ചായത്ത് പ്രസിഡന്റ് രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ അനുമതിയോടെ തന്നെ പ്രസിഡന്റ് വിഷയം മന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മലബാര്‍ ഗോള്‍ഡിന്റെ ബന്ധപ്പെട്ടവരുമായി വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യേ അഞ്ച് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സമരം കണ്ടില്ലെന്ന് വെക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പൊതുപരിപാടിയില്‍ വെച്ച് മന്ത്രി പറഞ്ഞത്.
മലബാര്‍ ഗോള്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും സ്വര്‍ണാഭരണ നിര്‍മാണം ഇവിടെ അനുവദിക്കാന്‍ പറ്റില്ലെന്ന് അധികൃതരോട് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെന്തെങ്കിലും ബിസിനസ് കൊണ്ടുവരാന്‍ മലബാര്‍ ഗോള്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൊണ്ടുവരുന്ന മുറയ്ക്ക് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പൊതുവേദിയില്‍ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു.- എ. ബാലകൃഷ്ണന്‍ പറഞ്ഞു.
വിഷയത്തില്‍ അന്ന് തന്നെ ഞങ്ങള്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന സമരമാണെന്നും എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കണമെന്നുമായിരുന്നു നിവേദനത്തില്‍ പറഞ്ഞത്. നിവേദനം കിന്‍ഫ്ര എം.ഡിയ്ക്ക് അയച്ചെന്ന് കാണിച്ച് അദ്ദേഹം മറുപടി അയയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് കിന്‍ഫ്ര എം.ഡിയുടെ കത്ത് ലഭിച്ചത്.
ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കമ്മിറ്റി വിളിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ മലബാര്‍ ഗോള്‍ഡ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേമ്പര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസും നിലവിലുണ്ട്. അതില്‍ തീരുമാനമുണ്ടാക്കണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാത്രമല്ല കിന്‍ഫ്ര പാര്‍ക്കില്‍ ഫുഡ് കോര്‍ട്ടും മറ്റു ഷോറൂമുകളും ഉള്‍പ്പെടെയുള്ള ഒരു ടെക്‌നോമാള്‍ മലബാര്‍ ഗോള്‍ഡ് തുടങ്ങുമെന്നാണ് കിന്‍ഫ്ര പറഞ്ഞിരിക്കുന്നത്. ഇതുകൊണ്ട് എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ മറവില്‍ അവര്‍ വീണ്ടും ഞങ്ങളെ വഞ്ചനയ്ക്ക് വിധേയമാക്കുമോ എന്ന സംശയവും കമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.
കിന്‍ഫ്ര എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സമരത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ലെന്നും വ്യക്തമായ തീരുമാനം വേണമെന്നുമുള്ള ആവശ്യമാണ് ഉയര്‍ന്നത്. മന്ത്രി തലത്തില്‍ തന്നെ തീരുമാനം വേണം. അടുത്ത 14 ാം തിയതി മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്‍ഡ്‌സ്ട്രീസ് സെക്രട്ടറിയും മന്ത്രി ഇ.പി ജയരാജനും ചേര്‍ന്ന് ചര്‍ച്ച നടക്കുന്നുണ്ട്. ആ ചര്‍ച്ചയ്ക്ക് ശേഷം സമരസമിതിയുമായി സംസാരിക്കാന്‍ ഒരു വേദി ഉണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാവിയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭാരണ നിര്‍മാണമോ മലിനീകരണമുണ്ടാകുന്ന ഒരു സ്ഥാപനമോ ഇവിടെ തുടങ്ങില്ലെന്ന ഉറപ്പ് മന്ത്രിയുടെ അടുത്ത് നിന്ന് ഞങ്ങള്‍ക്ക് ലഭിക്കണം. സമരസമിതിക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണം. ഇതെല്ലാം നടന്നാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്നോട്ടുപോകുള്ളൂ എന്ന തീരുമാനമാണ് കമ്മിറ്റി എടുത്തിരിക്കുന്നത്.
‘മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ നിര്‍മാണ ശാല കാക്കഞ്ചേരി വിട്ടുപോകും വരെ സമരം എന്ന മുദ്രാവാക്യം ഉയര്‍ത്തി’ യായിരുന്നു ഞങ്ങളുടെ സമരം. അവര്‍ പദ്ധതി ഉപേക്ഷിച്ചെന്ന് പറഞ്ഞതോടെ സമരം വിജയിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ് നിര്‍ദേശങ്ങള്‍ കൂടി അംഗീകരിച്ചാലേ സമരം പിന്‍വലിക്കുള്ളൂ”- അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2014 ഡിസംബര്‍ 20നാണ് കാക്കഞ്ചേരിയില്‍ സമരം തുടങ്ങിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത സമരമായിരുന്നു കാക്കഞ്ചേരിയിലേത്.
‘മലബാര്‍ ഗോള്‍ഡിന് വേണ്ടി കാക്കഞ്ചേരിയില്‍ നിയമം വഴിമാറുന്നത് എങ്ങനെയൊക്കെയെന്ന്” വ്യക്തമാക്കുന്ന ലേഖനം 2017 ല്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന റെഡ് കാറ്റഗറിയില്‍പെട്ട വ്യവസായ സംരംഭമായിരുന്നു മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ നിര്‍മാണ ശാല.
ഒട്ടേറെ ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര ഫുഡ് പാര്‍ക്കിലായിരുന്നു അതിമാരകമായ ആസിഡും, രാസ-ലോഹ മാലിന്യങ്ങളും, മലിന ജലവും ഒഴുക്കുന്ന ഒരു സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലക്ക് സ്ഥലം അനുവദിച്ചത്.
മലബാര്‍ ഗോള്‍ഡിന് അനകൂലമാക്കുന്ന പല രീതിയിലും ഇവിടെ നിയമങ്ങള്‍ വഴി മാറി. കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയടക്കം നേടിയെടുത്തത്
മലിനീകരണ നിയന്ത്രണ ബോര്‍ഡിനേയും പഞ്ചായത്തിനേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു.
വന്‍തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ വിജനമായ മേഖലയില്‍ ആരംഭിക്കണമെന്നാണ് നിയമം. എന്നാല്‍ ഒരു ഫുഡ് പാര്‍ക്കില്‍ ഇത്തരമൊരു ആഭരണ നിര്‍മാണശാല ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡിന് അനുമതി ലഭിച്ചു.
ദിവസം 50 കിലോഗ്രാം സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന കാക്കഞ്ചേരിയിലെ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണാഭരണ ശാലയ്ക്ക് ആദ്യഘട്ടത്തില്‍, 3-9-2013 ലെ അപേക്ഷയില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റെഡ് കാറ്റഗറി സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ജനവാസമേഖലയില്‍ നിന്ന് നൂറ് മീറ്റര്‍ അകലത്തിലായിരിക്കണമെന്നാണ് 2004 ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റെഡ് കാറ്റഗറി ഗ്രീനിലേക്ക് മാറ്റാന്‍ വേണ്ടി മലബാര്‍ഗോള്‍ഡ് അഞ്ച് തവണ അവരുടെ അപേക്ഷയും പ്ലാനും തിരുത്തി. ഇതോടെ പുതുക്കിയ പ്ലാന്‍ പ്രകാരം ഗ്രീന്‍ കാറ്റഗറിയാണെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ മലബാര്‍ ഗോള്‍ഡിന് 7-1-2015 ല്‍ അനുമതി കൊടുത്തു. ഇതിനെ തുടര്‍ന്ന് കാക്കഞ്ചേരി സമരസമിതി ഗ്രീന്‍ ട്രൈബ്യൂണലില്‍ പോവുകയും സമരം ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ സമരസമിതിയെ വിലയ്‌ക്കെടുക്കാന്‍ മലബാര്‍ ഗോള്‍ഡിനായില്ല. മലബാര്‍ ഗോള്‍ഡില്‍ നിന്നും നിരവധി ഓഫറുകള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി സമരസമിതി ചെയര്‍മാന്‍ തന്നെ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന കാക്കഞ്ചേരിക്കാരുടെ സമരവീര്യം ഇപ്പോള്‍ വിജയം കണ്ടിരിക്കുകയാണ്.