പാക് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരസ്യ വിവാദം: വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ്
Daily News
പാക് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരസ്യ വിവാദം: വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th August 2016, 11:24 am

malabarതിരുവനന്തപുരം: പാക് കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പരസ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്. ഇന്റര്‍നാഷണല്‍ പരസ്യ ഏജന്‍സിയാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. മാനേജ്‌മെന്റിന്റെ അറിവോടെയല്ല ഇതെന്നും മലബാര്‍ ഗോള്‍ഡ് വ്യക്തമാക്കുന്നു.

“ഞങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലും ബ്രാഞ്ചുകളുണ്ട്. ബിസിനസ് രൂപങ്ങളും മാര്‍ക്കറ്റിങ് തന്ത്രങ്ങളും കൈകാര്യം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഓരോ കസ്റ്റമര്‍ വിഭാഗത്തെയും ലക്ഷ്യമിടാറുണ്ട്. അടുത്തിടെ ഫിലിപ്പീന്‍സിനുവേണ്ടി ഇത്തരമൊരു കാമ്പെയ്‌ന് രൂപം നല്‍കിയിരുന്നു. ഈ കാമ്പെയ്‌ന്റെ വിജയമാണ് അത്തരത്തിലുള്ള മറ്റ് ഉദ്യമങ്ങളിലേക്കു പോകാന്‍ ഏജന്‍സിക്കു പ്രചോദനമായത്.” മലബാര്‍ ഗോള്‍ഡിന്റെ ഇന്ത്യയിലെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അംജദ് ഹുസൈന്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

മലബാര്‍ ഗോള്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച “പാകിസ്ഥാന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ്” എന്ന പരസ്യമാണ് വിവാദത്തിന് ആധാരം. ഇന്ത്യയില്‍ പാക് സ്വാതന്ത്ര്യ സമരം ആഘോഷിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആഹ്വാനം നല്‍കിയെന്ന തരത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആഘോഷിക്കാതെ മലബാര്‍ ഗോള്‍ഡ് പാക് സ്വാതന്ത്രസമരം ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയെന്ന തരത്തിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെയാണ് പരസ്യം വിവാദമായത്.

വാര്‍ത്തകള്‍ വന്നതോടെ സോഷ്യല്‍ മീഡിയകളിലും ഇത് ചര്‍ച്ചയായി. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും പരസ്യത്തിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ഗുരുതരമായ കുറ്റമാണിതെന്നും കമ്പനി അറിയാതെ ആരെങ്കിലും ചെയ്തതാണെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ ഹാജരാക്കാന്‍ അവര്‍ക്കു ബാധ്യതയുണ്ട് എന്നുമായിരുന്നു കെ. സുരേന്ദ്രന്റെ പോസ്റ്റ്.

എന്നാല്‍ മലബാര്‍ ഗോള്‍ഡിന്റെ വിശദീകരം വന്നതോടെ കെ. സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

“മലബാര്‍ ഗോള്‍ഡ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ കസ്റ്റമേഴ്‌സിനെ ഉദ്ദേശിച്ചു നടത്തിയ മത്സരമാണെന്ന് മനസിലാക്കുന്നു. ഇന്ത്യയില്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യഇന്ത്യയില്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് പ്രതികരണത്തിനാധാരം. പിശകു പറ്റിയതില്‍ ഖേദിക്കുന്നു” എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.

പോസ്റ്റ് വിവാദമായതോടെ മലബാര്‍ ഗോള്‍ഡ് പരസ്യം നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ പരസ്യം കണ്ട് രോഷാകുലനായ ഒരാള്‍ മലബാര്‍ ഗോള്‍ഡ് മാനേജ്‌മെന്റുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് രംഗത്തെത്തിയത്.