ശശീന്ദ്രന്റെയും മക്കളുടെയും മരണം: സിബിഐയുടെ കുറ്റപത്രം മടക്കി
Kerala
ശശീന്ദ്രന്റെയും മക്കളുടെയും മരണം: സിബിഐയുടെ കുറ്റപത്രം മടക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2013, 3:14 pm

[]കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി.  []

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയ എറണാകുളം സി.ജെ.എം കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ കുറ്റപത്രത്തിലെ സി.ബി.ഐയുടെ കണ്ടെത്തലുകളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ശശീന്ദ്രന്റെ കഴുത്തിലെ കയറിന്റെ പാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താഞ്ഞതിനെയും കോടതി വിമര്‍ശിച്ചിരുന്നു.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിലെ സാക്ഷിയായിരുന്നു ശശീന്ദ്രന്‍. ശശീന്ദ്രന്റെ ഭാര്യ നല്‍കിയ ഹരജി പരിഗണിച്ചാണ് മരണം സി.ബി.ഐ അന്വേഷണത്തിന് വിട്ടത്.

ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന നിലയ്ക്കുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണകുറ്റം മാത്രം ചുമത്തിയിട്ടുള്ള കുറ്റപത്രമാണ് കോടതി മടക്കിയത്.

ഏപ്രില്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും മൂവരുടെയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ശശീന്ദ്രന്റെ ദേഹത്തിലെ മുറിവുകള്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഇത് അന്വേഷിക്കാനും നിര്‍ദേശിച്ചിരുന്നു.

ശശീന്ദ്രന്റെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ഒമ്പത് മുറിവുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.പി.ബി.ഗുജ്‌റാളിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഒരെണ്ണമൊഴികെ മറ്റെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

തൂങ്ങി മരിക്കുന്ന ഒരാള്‍ക്ക് ശരീരത്തിന്റെ മുകള്‍ഭാഗങ്ങളില്‍ മുറിവുണ്ടാക്കാന്‍ കഴിയില്ലെന്നിരിക്കെ കാണപ്പെട്ട മുറിവുകള്‍ ആത്മഹത്യക്കിടെ സംഭവിച്ചതാണെന്ന് കരുതാനാവില്ലെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഡോ.പി.ബി.ഗുജ്‌റാള്‍ ചൂണ്ടിക്കാട്ടിയ ഒമ്പതു മുറിവുകളില്‍ എട്ടെണ്ണം മക്കളെ തൂക്കിക്കൊല്ലുന്നതിന് കോണി ഉപയോഗിച്ച് കയറിയപ്പോഴും ഇറങ്ങിയപ്പോഴും സംഭവിച്ചതാവാമെന്ന നിലപാടിലാണ് സി.ബി.ഐ.

പ്‌ളാസ്റ്റിക് കയറിന്റെയും ചകിരിക്കയറിന്റെയും പാടുകള്‍ ശശീന്ദ്രന്റെ കഴുത്തിലുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ചകിരിക്കയറിന്റെ പാടുണ്ടായിരുന്നെന്ന വാദം നിരാകരിച്ച സി.ബി.ഐ മരിക്കാന്‍ ഉപയോഗിച്ചത് മൂന്ന് പ്‌ളാസ്റ്റിക് കയറാണെന്ന് ഉറപ്പിച്ച് പറയുന്നു.