അഴിമതിയുടെ കഥ / ബൈജു ജോണ്‍
മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനും രണ്ടു കുട്ടികളും ഇക്കഴിഞ്ഞ ജനുവരി 24ന് സന്ധ്യയോടെയാണ് ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായത്. അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ടീന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നു. ആ പരാതിയിലും കൊലപാതകത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വിവാദവ്യവസായിയുടെ പേര് ടീന ആവര്‍ത്തിക്കുന്നു, മലബാര്‍ സിമന്റ്‌സിലെ കരാറുകാരന്‍ വി. എം. രാധാകൃഷ്ണന്‍.[]
ആരാണ് ഈ വി. എം. രാധാകൃഷ്ണന്‍?
അഴിമതിക്കഥകളിലെ പ്രതിനായകസ്ഥാനത്താണ് ഇയാള്‍ നില്‍ക്കുന്നതെങ്കില്‍ പാലക്കാട്ടുകാരെ സംബന്ധിച്ച് അദ്ദേഹം ഏപ്പോഴും നായകനാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അകമഴിഞ്ഞ പിന്തുണ. സി.പി.എമ്മിന്റെ വിമതശല്യം തീര്‍ക്കാന്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതു മുതല്‍ കേരളത്തില്‍ ഇതുവരെ ക്ലച്ച് പിടിക്കാത്ത ബി.ജെ.പിയുടെ പാലക്കാട് ഭരണം ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍വരെ കെല്‍പുള്ളയാള്‍. വടക്കന്‍ മലബാറിലും കേരളത്തിലും പരക്കെയും കടിച്ചുകീറാനൊരുങ്ങുന്ന ബി.ജെ.പിയെയും സി.പി എമ്മിനെയും ഒരു മേശക്കുചുറ്റുമിരുത്തി കാര്യങ്ങള്‍ കാണാനും ഇദ്ദേഹത്തിന് കഴിയും.
ഒന്നരപതിറ്റാണ്ടിനുമുമ്പ് മലബാര്‍ സിമന്റ്‌സിലെ ചാക്കിടപാടിനെത്തിയ വെറുമൊരു കരാറുകാരനല്ല അദ്ദേഹമിന്ന്. കോടികളുടെ വ്യവസായ സാമ്രാജ്യവും ആജ്ഞാപിച്ചാല്‍ ഉത്തരവുകള്‍ നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വവും അദ്ദേഹത്തിനുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിവാദങ്ങളില്‍പെട്ട വ്യവസായ മന്ത്രിയുടെ ഇഷ്ടക്കാരനാകാനും ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് പാര്‍ട്ടിപത്രത്തില്‍ ഫുള്‍പ്പേജ് പരസ്യം നല്‍കാനും ഭാഗ്യമുള്ള കേരളത്തിലെ അപൂര്‍വം വ്യവസായികളിലൊരാളാണ് ഇദ്ദേഹം.
പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഈ വിവാദ വ്യവസായിയുമായുള്ള ബന്ധത്തെകുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചു. മറുപടി നല്‍കിയത് പത്ര ഓഫിസ് അടിച്ചുതകര്‍ത്തുകൊണ്ടായിരുന്നു.
വ്യവസായവകുപ്പ് ആരു ഭരിച്ചാലും മലബാര്‍ സിമന്റ്‌സിന്റെ ഭരണം ഇദ്ദേഹത്തിനായിരിക്കുമെന്ന് പാലക്കാട്ടുകാര്‍ അടക്കംപറയുന്നു.
കമ്പനി നടത്തിപ്പുമുതല്‍ നിയമനങ്ങള്‍ വരെയുള്ള എല്ലാത്തിനും ഇദ്ദേഹം കനിയണമത്രെ. അഴിമതിക്കേസില്‍ പ്രതിയായ കരാറുകാരനുതന്നെ വീണ്ടും കരാറുകള്‍ നല്‍കാനുള്ള ചങ്കൂറ്റം കാണിച്ചതും ഈ പൊതുമേഖലാ സ്ഥാപനംതന്നെ. മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത നാലുകേസുകളില്‍ മൂന്നിലും വിവാദവ്യവസായിയായ വി.എം. രാധാകൃഷ്ണന്‍ പ്രതിയാണ്. മൂന്നു കേസുകളില്‍ മാത്രം 19 കോടിയുടെ അഴിമതിയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതേ വ്യവസായിയുടെ മകന്‍ ഡയറക്ടറായ പൊള്ളാച്ചിയിലെ സ്ഥാപനത്തിന് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും കരാറുകള്‍ നല്‍കി. വ്യവസായവകുപ്പിന്റെ മൗനസമ്മതംകൂടിയായപ്പോള്‍ അഴിമതി അതിര്‍ത്തികള്‍ ഭേദിച്ചു. ചോദിക്കാനും പറയാനുമാരുമില്ലാതെ അഴിമതിയുടെ അവസാനവാക്കായി ഈ പൊതുമേഖലാസ്ഥാപനം മാറി.
മാസത്തില്‍ കോടികളുടെ കൊള്ളലാഭം കൊയ്യുന്നത് സിമന്റ് നിര്‍മാണത്തിനുപയോഗിക്കുന്ന ഫൈഌആഷ് കമ്പനിക്ക് നല്‍കിക്കൊണ്ടാണ്. കല്‍ക്കരി കത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരമാണ് ഫൈഌആഷ്. തമിഴ്‌നാട് വൈദ്യുതിവകുപ്പുമായി കരാറുണ്ടാക്കി കുറഞ്ഞ ചെലവില്‍ ആഷ് ഇറക്കുമതി ചെയ്യണമെന്ന് നിര്‍ദേശമുണ്ടെങ്കിലും കരാറുകാരന് കോടികള്‍ കിട്ടുന്ന ഇടപാടിനേ വ്യവസായവകുപ്പ് അനുമതി നല്‍കൂ എന്നതാണ് വിചിത്രം.
യു.ഡി.എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ക്കെതിരെ ശബ്ദിച്ചിരുന്ന സി.പി.എം ഭരണം കിട്ടിയതോടെ നിശ്ശബ്ദമായി. വ്യവസായവകുപ്പിന്റെ അനുമതിയോടെ മാത്രം നടക്കുന്ന കോടികളുടെ അഴിമതിക്ക് ഈ സര്‍ക്കാറും കൂട്ടുനിന്നു. ആരോപണവിധേയനായ വ്യവസായിയുടെ കോടികളുടെ വ്യവസായസ്ഥാപനങ്ങളിലെ ഓഹരി ഉടമകളായി പല നേതാക്കന്മാരുടെ ബിനാമികളും അരങ്ങിലെത്തി. അതോടെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കന്മാരായി വ്യവസായസാമ്രാജ്യത്തിന്റെ അധിപന്മാര്‍. സ്വന്തം സ്ഥാപനത്തിന്റെ അടിത്തറയിളക്കാന്‍ ഏത് രാഷ്ട്രീയ നേതാവാണ് പിന്നെ ശ്രമിക്കുക?
ഇതാണ് മലബാര്‍ സിമന്റ്‌സ്. അഴിമതി നടത്താന്‍ ഒരാള്‍, ലാഭംപറ്റാന്‍ ഒരുപാട് ബിനാമികള്‍.
കരാറുകാരുടെ അവിശുദ്ധബന്ധങ്ങള്‍ ചോദ്യംചെയ്ത നിരവധി ഉദ്യോഗസ്ഥരാണ് ശശീന്ദ്രനെപ്പോലെ കമ്പനി വിടേണ്ടിവന്നത്. പക്ഷേ, ശശീന്ദ്രന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാകേണ്ടിവന്നു.
മലബാര്‍ സിമന്റ്‌സില്‍ മൊത്തം 400 കോടിയുടെ അഴിമതി നടന്നെന്നാണ് 2007ല്‍ അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയത്. 2004-06 കാലത്താണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. കമ്പനിയിലേക്ക് പ്ലാസ്റ്റിക് ചാക്ക് വാങ്ങിയ കേസില്‍ മാത്രം പ്രാഥമിക പരിശോധനയില്‍ നാലുകോടിയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇനി രണ്ടു കേസുകള്‍ക്കുകൂടി കുറ്റപത്രം നല്‍കാനിരിക്കെയാണ് ശശീന്ദ്രന്‍ മരണപ്പെടുന്നത്. അഴിമതി നടത്താന്‍ എല്ലാവരെയും സ്വന്തക്കാരാക്കുന്ന തന്ത്രം പക്ഷേ വിജിലന്‍സ് കേസില്‍ ഫലിച്ചില്ല. വിജിലന്‍സ് ഡിവൈ.എസ്.പി സൈഫുള്ളസെയ്ദ് എന്ന ഉദ്യോഗസ്ഥന്റെ അന്വേഷണത്തിനു മുന്നില്‍ അഴിമതി രേഖകള്‍ ഓരോന്നായി വെളിച്ചംകണ്ടു. ഈ ഉദ്യോഗസ്ഥനെ മെരുക്കാനുള്ള പല നീക്കങ്ങളും പരാജയപ്പെട്ടതോടെ ഒതുക്കാനായി ശ്രമം. നിരവധിതവണ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനചലനം സംഭവിച്ചു. ഒടുവില്‍, മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തിക്കാതെ പൂഴ്ത്താനായിരുന്നു പിന്നീടുള്ള ശ്രമം. 2009ല്‍ വിജിലന്‍സ്് ഡയറക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും കുറ്റപത്രം പൂഴ്ത്തി. സംഭവം വിവാദമായതിനുശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്.
വിവാദവ്യവസായി ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ ഒതുക്കാനായി 25 ലക്ഷം രൂപ കൈമാറാന്‍ ധാരണയുണ്ടാക്കിയെന്ന ആരോപണത്തെതുടര്‍ന്ന് വിജിലന്‍സ് കോടതിയിലെ ഒരു ലീഗല്‍ അഡൈ്വസറെ സസ്‌പെന്‍ഡ് ചെയ്യുകയും വിജിലന്‍സ് കോടതി കേസെടുക്കുകയും ചെയ്തിരുന്നു. എല്ലാ തലത്തിലും സ്വാധീനവും പണവുമുപയോഗിച്ച് അഴിമതികള്‍ മൂടിവെക്കാനായിരുന്നു അഴിമതി മാഫിയയുടെ ശ്രമം. വിജിലന്‍സ് അന്വേഷണങ്ങള്‍ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായതും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ജാഗ്രതയായിരുന്നു.
ചുണ്ണാമ്പ്കല്ല് ക്രമക്കേട്, ഫൈഌആഷ് കരാര്‍, ലൈനര്‍ പ്ലേറ്റ് ഇടപാട്, ഫൈഌ ആഷ് ട്രാന്‍സ്‌പോര്‍ട്ടിങ് എന്നീ നാലു കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഈ കരാറുകളിലുണ്ടായ അഴിമതികളുടെ നിര്‍ണായക തെളിവുകള്‍ നല്‍കിയത് ശശീന്ദ്രനായിരുന്നു. മതിയായ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കല്‍, കമ്പനി കാര്യങ്ങള്‍ പുറത്തേക്ക് ചോര്‍ത്തി നല്‍കല്‍, അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും പിന്തുണ തുടങ്ങി വിശദമായ കാര്യങ്ങളാണ് ശശീന്ദ്രന്‍ വിജിലന്‍സ് അന്വേഷണസംഘത്തിന് നല്‍കിയത്. വിജിലന്‍സിന് മൊഴി നല്‍കിയതോടെ ഇന്‍േറണല്‍ ഓഡിറ്റിങ് വിഭാഗം തലപ്പത്തുനിന്ന് അദ്ദേഹത്തെ മാറ്റി.
2006ല്‍ മാനേജിങ് ഡയറക്ടറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന സൂര്യനാരായണനെ അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, 2010 ഫെബ്രുവരിയില്‍ ഇയാളെ വീണ്ടും പാലക്കാട് നിയമിച്ചു. കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെ നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇയാളെ ഹെഡ് ഓഫിസില്‍ നിയമിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇയാളുടെ നിയമനത്തോടെ മലബാര്‍ സിമന്റ്‌സിലെ ബാഹ്യ ഇടപെടലുകളും അഴിമതിയും ശക്തമായെന്നാണ് ആരോപണമുയര്‍ന്നത്. ശശീന്ദ്രന്റെ മരണത്തോടെ സൂര്യനാരായണന്റെ നിയമനം വിവാദമായി. ഇതോടെ ഇയാളെ ചേര്‍ത്തല പ്ലാന്റിലേക്ക് ജനുവരി 29ന് സ്ഥലംമാറ്റുകയായിരുന്നു. നേരത്തേ മലബാര്‍ സിമന്റ്‌സിലെ ഗ്രീന്‍ ചാനല്‍ വഴി സ്പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനും തരംതാഴ്ത്തലിനും വിധേയനായിരുന്നു.
അഴിമതി കമ്പനിയിലെ കാണാച്ചരടുകള്‍
കോടികളുടെ അഴിമതിയില്‍ നായകസ്ഥാനത്ത് നില്‍ക്കുന്ന വിവാദവ്യവസായി പാലക്കാട്ടുകാര്‍ക്ക് എന്നുമൊരു അത്ഭുതമാണ്. വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ബാറുകളുള്‍പ്പെടെ കോടികളുടെ വ്യവസായ സ്ഥാപനത്തിന്റെ അമരക്കാരനായതിനു പിന്നിലെ ഊര്‍ജം മലബാര്‍സിമന്റ്‌സിലെ ചാക്കുകളും അന്നത്തെ വ്യവസായവകുപ്പുമായിരുന്നെന്നാണ് യാഥാര്‍ഥ്യം. വര്‍ഷങ്ങള്‍ക്കുശേഷം വിവാദമായ ഐസ്‌ക്രീം കേസിന് തീപടരുമ്പോഴും പാലക്കാട്ടെ വിവാദ വ്യവസായിക്കും ഈ വിവാദ ചൂടേല്‍ക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമങ്ങളെ ഇപ്പോള്‍ സമീപിച്ച ഈ മന്ത്രിബന്ധുവായിരുന്നു ഒരു കാലത്ത് മലബാര്‍ സിമന്റ്‌സിലെ പ്രധാന താരമെന്ന് പാലക്കാട്ടെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം.
ഐസ്‌ക്രീം കേസില്‍ നിയമപോരാട്ടം നടത്തിയ “അന്വേഷി” അധ്യക്ഷയെ കാണാനെത്തിയത് ഈ വ്യവസായിയായിരുന്നുവെന്ന് അവര്‍തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മദ്യവ്യവസായവും റിയല്‍ എസ്‌റ്റേറ്റും നടത്തുന്ന പാലക്കാട്ടെ വ്യവസായിക്ക് ഐസ്‌ക്രീം കേസില്‍ എന്ത് കാര്യമെന്ന് ആരും അന്നും ഇന്നും തിരക്കിയിട്ടില്ല. കഥകളുടെ ചുരുളഴിയാന്‍ ഇനിയേറെ കാലമെടുക്കുമെങ്കിലും ഒരു കാര്യം തീര്‍ച്ച. മാറുന്ന ഭരണത്തിനനുസരിച്ച് അഴിമതിക്കാരുടെ സംരക്ഷകരുടെ കൊടിയുടെ നിറംമാറുന്നു. സി. പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയാണ് ഇപ്പോള്‍ ഈ വ്യവസായിയുടെ തുണ. വിജിലന്‍സ് കേസിലെ പ്രതിയുടെ സ്ഥാപനം ഉദ്ഘാടനംചെയ്യാന്‍ ആഭ്യന്തര മന്ത്രി തയാറാകുന്നതും ഈ നിറംമാറ്റത്തിന്റെ സാധ്യതകളിലൂടെയാണ്. അതുകൊണ്ടാണ്, പാലക്കാട്ടെ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിവാദത്തിലും ചാക്ക് പ്രധാന അടയാളമാകുന്നത്.
കടപ്പാട് : മാധ്യമം വാരിക
കേരള കൗമുദി വാര്‍ഷികാഘോഷം വിവാദ വ്യവസായി വിലയ്‌ക്കെടുത്തു; വേദിയില്‍ നിരപരാധിത്വ പ്രഖ്യാപനം
സമകാലിക മലയാളത്തെ എളമരം കരീം ഭയപ്പെടുന്നോ?