| Sunday, 16th June 2013, 11:28 am

ശശീന്ദ്രന്റെ മരണം ആത്മഹത്യ തന്നെ; ചാക്ക് രാധാകൃഷ്ണനെതിരെ പ്രേരണാ കുറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി വി. ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ. കേസില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ പ്രേരണാ കുറ്റവും സി.ബി.ഐ ചുമത്തി.

ശശീന്ദ്രന്റെയും മക്കളുടേയും മരണത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തിലാണ് മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ പറയുന്നത്. കുറ്റപത്രത്തില്‍ രാധാകൃഷ്ണന്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്.[]

കേസിലെ മറ്റ് രണ്ട് പ്രതികളായ സുന്ദരമൂര്‍ത്തിയെയും സൂര്യനാരയണനേയും സി.ബി.ഐ മാപ്പ് സാക്ഷിയാക്കി. ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും മരണം കൊലപാതകമാണോ എന്ന് പരിശോധിക്കാന്‍ നേരത്തെ ജില്ലാക്കോടതി സി.ബി.ഐ.യോട് നിര്‍ദേശിച്ചിരുന്നു.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായരാണ് കുറ്റപത്രം നല്‍കിയത്.

മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനത്തില്‍ ചാക്ക് രാധാകൃഷ്ണന്‍ ഇടപെട്ടിരുന്നെന്നും ശശീന്ദ്രനെ ഇയാള്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പീഡനം സഹിക്കവയ്യാതെ മക്കളെ കൊലപ്പെടുത്തി ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു.

മലബാര്‍ സിമന്റ്‌സ് കമ്പനിയിലെ നിയമനം, ട്രാന്‍സ്ഫര്‍, സസ്‌പെന്‍ഷന്‍, പര്‍ച്ചേസ് എന്നിവയിലെല്ലാം രാധാകൃഷ്ണന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

രാധാകൃഷ്ണന്റെ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയതായും സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. 2011 ജനവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേകിനെയും വ്യാസിനെയും കഞ്ചിക്കോട്ടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരായിരുന്ന സുന്ദരമൂര്‍ത്തിയും സൂര്യനാരായണനുമായിരുന്നു രണ്ടും മൂന്നും പ്രതികള്‍. രാധാകൃഷ്ണന്‍ നാലാം പ്രതിയായിരുന്നു.

We use cookies to give you the best possible experience. Learn more