| Tuesday, 3rd May 2022, 12:52 pm

ഇത് സാധാരണ സംഭവിക്കാത്തതാണ്, ബാബുരാജിന് നന്ദി: അമ്മയിലെ വനിതകള്‍ പാവകളല്ലെന്ന പ്രസ്താവനയില്‍ മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മ സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ലെന്നുമുള്ള നടന്‍ ബാബുരാജിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് നടി മാല പാര്‍വതി.

വിവാദം നേരിടുന്നവരേയും ട്രോള്‍ ചെയ്യപ്പെടുന്നവരുടേയും കൂടെ സാധാരണ ആളുകള്‍ നില്‍ക്കാറില്ലെന്നും എന്നാല്‍ ബാബുരാജ് അതില്‍ നിന്നും വ്യത്യസ്തനായെന്നും മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയെ തള്ളി ബാബുരാജ് രംഗത്തെത്തിയത്. അതു പങ്കുവെച്ചുകൊണ്ടായിരുന്നു മാല പാര്‍വതിയുടെ പോസ്റ്റ്.

അമ്മയിലെ വനിതകള്‍ക്ക് പരാതി പറയാന്‍ മറ്റൊരു സംഘടനയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് അമ്മ എക്‌സിക്യൂട്ടിവ് അംഗം കൂടിയായ ബാബുരാജ് പറഞ്ഞിരുന്നു.

അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളതെന്നും സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും ബാബുരാജ് പറഞ്ഞിരുന്നു. ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാല പാര്‍വതിയുടെ രാജി എന്നും ബാബുരാജ് വ്യക്തമാക്കി.

‘അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദ്ദേശിച്ചത് ഡബ്ല്യു.സി.സിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി.

അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇതിനുള്ള ഒരു മറുപടി തന്നെയാണ് മാല പാര്‍വതിയുടെ രാജി

അമ്മ എന്നത് താരങ്ങളുടെ സംഘടനയാണ് അവിടെയുള്ള അംഗങ്ങള്‍ ഏതു ജന്‍ഡര്‍ ആയാലും അവരുടെ പ്രശ്‌നം സംഘടനയുടെ പ്രശ്‌നമാണ്. സ്ത്രീകളുടെ പരാതികള്‍ ഏറെ പ്രാധാന്യത്തോടെ കേള്‍ക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം. അദ്ദേഹത്തിന്റെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്,’ ബാബുരാജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more