| Thursday, 17th February 2022, 11:32 am

ഇതാണ് ഇവരുടെ കൂടെയൊക്കെ അഭിനയിച്ചാലുള്ള പ്രശ്‌നം; അമല്‍ നീരദിനും മനു ആനന്ദിനുമൊപ്പം വര്‍ക്ക് ചെയ്തതിനെപ്പറ്റി മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മ പര്‍വത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വിവിധ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ട്രെയ്‌ലറിലെ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ചുനില്‍ക്കുന്നുണ്ട്.

ഭീഷ്മ പര്‍വത്തില്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി മാലാ പാര്‍വതി.

ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

മാലാ പാര്‍വതി അഭിനയിച്ച എഫ്.ഐ.ആര്‍ എന്ന തമിഴ് ചിത്രത്തെക്കുറിച്ചും അതിന്റെ സംവിധായകന്‍ മനു ആനന്ദിനെക്കുറിച്ചും അഭിമുഖത്തില്‍ നടി സംസാരിക്കുന്നുണ്ട്.

മനു ആനന്ദിനൊപ്പം തമിഴിലും അമല്‍ നീരദിനൊപ്പം മലയാളത്തിലും വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെക്കുന്നത്.

”രണ്ട് മേജര്‍ പടങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഇത്രേം നല്ല ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്ത് കഴിയുമ്പൊ ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മള്‍ മാറും.

സിനിമയെ നിസാരമായി കാണുന്ന സെറ്റിലെത്തുമ്പോള്‍ ദേഷ്യം വരും. വട്ടാകും നമുക്ക്. അതാണ് ഇതിന്റെയൊരു ആഫ്ടര്‍ ഇഫക്ട്.

നല്ല മാസ്റ്റേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് അങ്ങനെ തോന്നും. സിനിമയെക്കുറിച്ച് പല സംശയങ്ങളും ചോദിക്കാന്‍ തോന്നും.

അങ്ങനെ ഒരുപാട് ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഒരു സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. ഒരുപാട് സംശയം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ‘അത് അങ്ങനെയൊക്കെ അങ്ങ് അഭിനയിച്ചാല്‍ മതി’ എന്നായിരുന്നു.

മനു ആനന്ദ്

ഞാന്‍ ഒരുപാട് ചോദ്യം ചോദിക്കുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാതെ അഭിനയിക്കുന്നത് ഞാന്‍ മറന്നുപോയി.

ഓരോ കഥാപാത്രത്തിനും ഒരു ആഴമുണ്ടല്ലോ. അതാണ് ഇവരുടെ കൂടെയൊക്കെ അഭിനയിച്ചാലുള്ള പ്രശ്‌നം,” മാലാ പാര്‍വതി പറഞ്ഞു.

ഫെബ്രുവരി 11നായിരുന്നു എഫ്.ഐ.ആര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം റിലീസ് ചെയ്യുന്നത്.

വിഷ്ണു വിശാല്‍ നായകനായ എഫ്.ഐ.ആറില്‍ റെബ മോണിക്ക ജോണ്‍, മഞ്ജിമ മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: Mala Parvati on Bheeshma Parva director Amal Neerad and FIR director Manu Anand

We use cookies to give you the best possible experience. Learn more