താന്‍ മരിച്ചു പോയി എന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി മാലാ പാര്‍വതി. മാലാ പാര്‍വതിയുടെ മരണത്തിന് കാരണം എന്ന തലക്കെട്ടോടെ ഇംഗ്ലീഷ് സൈറ്റുകളില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് താരം ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കാരണം തനിക്ക് ജോലി നഷ്ടപ്പെടുകയാണെന്നും ഇത് ഗുരുതരമാണെന്നും മാലാ പാര്‍വതി പറയുന്നു. വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ് കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായെന്നും മാലാ കുറിപ്പില്‍ പറഞ്ഞു.
ഉണ്ണി കൃഷ്ണന്‍ കേന്ദ്രകഥാപാത്രമായ രണ്ടാണ് മാലാ പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീക്ഷ്മപര്‍വത്തില്‍ മാലാ പാര്‍വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്മ, പ്രകാശന്‍, എഫ്.ഐ.ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ പുതിയ ചിത്രങ്ങള്‍.
മാലാ പാര്‍വതി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
‘ഒരു കാസ്റ്റിംഗ് ഏജന്റ് എനിക്ക് ഹൈദരാബാദില്‍ നിന്ന് അയച്ചുതന്നതാണിത്. വരുന്ന റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു.
ഇത് കൂടുതല്‍ ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതുന്നതിനാല്‍ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്.
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി,’
Content Highlight: Mala Parvati against fake death news