കെ.ജി.എഫിലെ എന്റെ ശബ്ദത്തിന് കടപ്പാട് ശങ്കര്‍ രാമകൃഷ്ണനോട്; ശ്രദ്ധ നേടി മാലാ പാര്‍വതിയുടെ കുറിപ്പ്
Film News
കെ.ജി.എഫിലെ എന്റെ ശബ്ദത്തിന് കടപ്പാട് ശങ്കര്‍ രാമകൃഷ്ണനോട്; ശ്രദ്ധ നേടി മാലാ പാര്‍വതിയുടെ കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th March 2022, 1:30 pm

കെ.ജി.എഫിലെ തന്റെ ശബ്ദത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചവരോട് നന്ദി പറഞ്ഞ് മാലാ പാര്‍വതി. അതേസമയം താന്‍ കടപ്പെട്ടിരിക്കുന്നത് കെ.ജി.എഫിനായി മലയാള സ്‌ക്രിപ്റ്റ് ഒരുക്കിയ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനോടാണെന്ന് മാലാ പാര്‍വതി പറഞ്ഞു.

ഡബ്ബ് ചെയ്ത പതിപ്പിനെ അദ്ദേഹം ഒറ്റക്ക് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയെന്ന് മാലാ പാര്‍വതി കുറിച്ചു. അനുയോജ്യമായ ശബ്ദങ്ങളാണ് ഡബ്ബിംഗിനായി ഉപയോഗിച്ചതെന്ന് പറഞ്ഞ മാലാ പാര്‍വതി രവീണ ടണ്ടന് ശബ്ദം നല്‍കിയ നടി ലെനയേയും പരോക്ഷമായി പരാമര്‍ശിച്ചു.

മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്‌ലര്‍ മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തത്.


കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയ്ലറിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം. അധീര എന്ന വില്ലനായുള്ള സഞ്ജയ് ദത്തിന്റെ കഥാപാത്രവും മറ്റൊരു ആകര്‍ഷക ഘടകമായിരുന്നു. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

പ്രകാശ് രാജ്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്.

രണ്ടാം ഭാഗത്തില്‍ മാളവിക അവിനാശിന്റെ കഥാപാത്രത്തിനായിരിക്കും മാലാ പാര്‍വതി ശബ്ദം നല്‍കുക. രവീണ ടണ്ടന്റെ കഥാപാത്രത്തിന് ലെനയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

മാലാ പാര്‍വതിുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ, കെ.ജി.എഫ് 2ന്റെ ടീസറില്‍ എന്റെ ശബ്ദം കേട്ട് പലരും എനിക്ക് മെസേജ് അയച്ചു.
എല്ലാവരോടും നന്ദി, എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ് ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്.

മനോഹരമായ സ്‌ക്രിപ്റ്റ് കൊണ്ടും അതിനൊത്ത് ചേര്‍ന്ന് പോകാനായി തെരഞ്ഞെടുത്ത ശബ്ദങ്ങളുമെല്ലാം ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കെ.ജി.എഫിനെ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു.

ഡബ്ബ് ചെയ്ത പതിപ്പിനെ ഒറ്റക്ക് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. അദ്ദേഹം കാണിച്ച അര്‍പ്പണബോധവും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു.

ഉദാഹരണത്തിന് രവീണ ടണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ! അതിന് മാന്ത്രികമായ ഒരു പ്രഭാവമായിരുന്നു.

ഒറിജിനല്‍ വേര്‍ഷന്‍ കാണാനാണ് എനിക്കിഷ്ടം എന്നാല്‍ ഈ സാഹചര്യത്തില്‍ മലയാളം പതിപ്പിന് വേണ്ടിയും കാത്തിരിക്കുകയാണ്. ഹാറ്റ്‌സ് ഓഫ് ശങ്കര്‍. കെ.ജി.എഫ്2 ചരിത്രം സൃഷ്ടിക്കും.

Content Highlight: mala Parvathy thanks Shankar Ramakrishnan for her voice in KGF 2