ചാന്‍സിനായി ആ ഡയറക്ടറെ വിളിച്ചു, അന്നെന്റെ പേര് പറഞ്ഞുപോയല്ലോ എന്നോര്‍ത്ത് പേടിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്: മാല പാര്‍വതി
Entertainment
ചാന്‍സിനായി ആ ഡയറക്ടറെ വിളിച്ചു, അന്നെന്റെ പേര് പറഞ്ഞുപോയല്ലോ എന്നോര്‍ത്ത് പേടിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 1:00 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മാല പാര്‍വതി. തനിക്ക് കുറേപേരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടി. സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മാല പാര്‍വതി പറയുന്നു.

താന്‍ സംവിധായകരോട് അവസരങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ചോദിച്ചതൊക്കെ കുളമായിട്ടുണ്ടെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ച അനുഭവവും അവര്‍ പങ്കുവെച്ചു.

‘സംവിധായകരോട് അവസരങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചോദിച്ചതൊക്കെ വലിയ കുളമായിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചിരുന്നു. എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു.

ദൈവത്തിനെ വിളിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് സുധ കൊങ്കരയെ വിളിച്ചത്. ‘ഹലോ മാം, ഇത് മാല പാര്‍വതി’ എന്ന് ഞാന്‍ പറഞ്ഞു. അന്ന് അവര്‍ ‘ഞാന്‍ വായിക്കുകയാണ്. എന്താണ് ഇത്? ആരാണ് ഇത്?’ എന്നാണ് ചോദിച്ചത്. ഞാനാണെങ്കില്‍ പേരും പറഞ്ഞുപോയി. പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അത്തരത്തില്‍ അബദ്ധം പറ്റിയ അനുഭവങ്ങള്‍ മാത്രമാണ് എനിക്കുള്ളത്. എനിക്ക് ചാന്‍സ് ചോദിച്ച് ഫലിപ്പിക്കാന്‍ പറ്റാറില്ല. ചാന്‍സ് ചോദിക്കണമെന്ന് പറഞ്ഞ് ഞാന്‍ ബലം പിടിച്ച് പോകാറുണ്ട്. പക്ഷെ പിന്നീട് ഇവരുടെ നല്ല സിനിമയില്‍ ഞാന്‍ എന്തിനാണ് കയറി നില്‍ക്കുന്നത്. വേണമെങ്കില്‍ അവര്‍ വിളിക്കുമല്ലോയെന്ന് കരുതി തിരിച്ചു വരും.

കുറേപേരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

ഓരോ സിനിമ കഴിയുമ്പോഴും നല്ല വേഷമാണ് കൊള്ളാമെന്ന് പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക, ഇനി എന്തെങ്കിലും നല്ല വേഷം വരുമായിരിക്കും എന്നാണ്. പക്ഷെ അത് ആഗ്രഹിച്ചത് പോലെ വരാറില്ല,’ മാല പാര്‍വതി പറയുന്നു.

Content Highlight: Mala Parvathy Talks About Sudha Kongara