വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.
കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം മമ്മൂട്ടി നായകനായ ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം തുടങ്ങിയ സിനിമകളിലൊക്കെയും മാല പാര്‍വതി അഭിനയിച്ചിരുന്നു. ഇപ്പോള്‍ കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് നടി.
‘കൈരളിയിലെ നമ്മളുടെ ചെയര്‍മാന്‍ ആണല്ലോ മമ്മൂക്ക. ഞാന്‍ കൈരളിയില്‍ ഉണ്ടായിരുന്ന കാലം ഇടക്കൊക്കെ മോര്‍ണിങ് ഷോയുടെ സമയത്ത് അദ്ദേഹം വരാറുണ്ടായിരുന്നു. അന്ന് തൊട്ടേ അദ്ദേഹത്തിന് എന്നെ അറിയാം. മമ്മൂക്കയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓര്‍മ വരിക അദ്ദേഹത്തിന്റെ സിനിമയോ കഥാപാത്രമോയല്ല.
അദ്ദേഹത്തിന്റെ കൂടെ ആദ്യമായി അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ ഡയറ്റിലായിരുന്നു. നോണ്‍വെജ് അധികം കഴിക്കാത്ത ഒരു സമയമായിരുന്നു. അന്ന് മമ്മൂക്ക ‘നിങ്ങള്‍ നോണ്‍വെജ് കഴിക്കില്ലേ? മട്ടന്‍ കഴിക്കില്ലേ?’ എന്ന് ചോദിച്ചു. എന്നിട്ട് അവിടെ ചെന്നിരിക്കാന്‍ പറഞ്ഞു. അന്ന് അദ്ദേഹം തന്നെ എനിക്ക് മട്ടന്‍ ബിരിയാണി വിളമ്പി തന്നു. അകത്ത് നിന്ന് അച്ചാറൊക്കെ കൊണ്ടുവന്ന് വിളമ്പി തന്നു.
അന്ന് പാലസ് കിച്ചണിലെ ഫുഡായിരുന്നുവെന്ന് തോന്നുന്നു കഴിച്ചത്. അവിടെ പാലസ് കിച്ചണിലെ അബ്ദുവും ഉണ്ടായിരുന്നു. അവന്‍ കരുതിയത് ഞാന്‍ സിനിമയിലെ വലിയ ആരോ ആണെന്നാണ്. കാരണം മമ്മൂക്ക നേരിട്ടാണല്ലോ എനിക്ക് ബിരിയാണിയൊക്കെ വിളമ്പി തന്നത്.
ഞാന്‍ മുമ്പ് കൈരളിയില്‍ ഉണ്ടായിരുന്നത് കൊണ്ടുള്ള വാത്സല്യമായിരിക്കാം ആ സ്‌നേഹത്തിന്റെ കാരണം. എന്റെ യാത്രത്തില്‍ എപ്പോഴും സജഷന്‍സ് തന്നിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക. കാണുമ്പോള്‍ കാര്യമായി ഒന്നും പറയില്ലെങ്കിലും അദ്ദേഹത്തിന് വലിയ സ്‌നേഹമാണ്,’ മാല പാര്‍വതി പറഞ്ഞു.
Content Highlight: Mala Parvathy Talks About Mammootty