മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ആമിര്‍ ഖാന് നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്. കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ ചിയാന്‍ വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വീര ധീര സൂരനിലും നടി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് വിളിക്കുന്നത് റെഫറന്‍സ് വഴിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മാല പാര്‍വതി.
‘നമ്മുടെ മലയാള സിനിമ അവിടെ എല്ലാവരും കാണും. ഇന്സ്ട്രിയില് മലയാള സിനിമ കാണാത്ത മനുഷ്യരില്ല. എന്റെ മിക്ക സിനിമകളും അവര്‍ കണ്ടിട്ടുണ്ടായിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് കാണാത്ത ആരും അവിടെ ഉണ്ടായിരുന്നില്ല.
വീര ധീര സൂരന് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഹേമ മാസ്റ്റര്‍പീസ് സീരീസ് കാണുകയും അതിനെ കുറിച്ച് എന്നോട് സംസാരിക്കുകയും ചെയ്തിരുന്നു. ആ കുട്ടി എന്റെ എല്ലാ വര്‍ക്കും കണ്ടിട്ടുണ്ട്. മിക്കപ്പോഴും സിനിമയെ കുറിച്ചുള്ള സംസാരം വരുമ്പോള്‍ ഈ അസിസ്റ്റന്റ്സാകും നമ്മളുടെ പേര് സജസ്റ്റ് ചെയ്യുന്നത്,’ മാല പാര്‍വതി പറയുന്നു.
Content Highlight: Mala Parvathy Talks About Malayalam Cinema’s Influence In Tamil