Advertisement
Entertainment
ആ മമ്മൂട്ടി, ടൊവിനോ ചിത്രങ്ങള്‍ക്ക് ശേഷം ഒരുപാട് അവസരങ്ങള്‍ വരുമെന്ന് പറഞ്ഞു; എല്ലാം വെറുതെയായിരുന്നു: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 14, 03:36 am
Thursday, 14th November 2024, 9:06 am

വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.

ഇതില്‍ ഭീഷ്മ പര്‍വം, ഗോദ എന്നീ സിനിമകളിലെ മാല പാര്‍വതിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വം റിലീസ് ചെയ്ത ശേഷം എല്ലാവരും പറഞ്ഞിരുന്നത് തനിക്ക് ഇനി ഒരുപാട് വേഷങ്ങള്‍ വരുമെന്നായിരുന്നുവെന്ന് പറയുകയാണ് നടി.

എന്നാല്‍ പിന്നീടുള്ള രണ്ട് വര്‍ഷം താന്‍ വെറുതെ ഇരിക്കുകയായിരുന്നെന്നും മാല പാര്‍വതി പറയുന്നു. ടൊവിനോ തോമസിന്റെ അമ്മയായി അഭിനയിച്ച ഗോദ സിനിമ ഇറങ്ങിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും നടി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എല്ലാവരും എന്നോട് പറഞ്ഞത് ഭീഷ്മ പര്‍വം കഴിയുമ്പോള്‍ ചേച്ചിക്ക് ഒരുപാട് വേഷങ്ങള്‍ വരുമെന്നായിരുന്നു. പക്ഷെ പിന്നീടുള്ള രണ്ട് വര്‍ഷം ഞാന്‍ വെറുതെ ഇരുന്നു. ഒരു പടവും എനിക്ക് വന്നില്ല.

അതുപോലെ തന്നെയായിരുന്നു ഗോദയും. ആ സിനിമ കഴിഞ്ഞപ്പോള്‍ ‘ചേച്ചി അടിപൊളിയാണ്’ എന്നൊക്കെയാണ് പലരും പറഞ്ഞത്. വെറുതെയായിരുന്നു. ആ സിനിമക്ക് ശേഷവും വലിയ അവസരങ്ങള്‍ വന്നില്ല എന്നതാണ് സത്യം,’ മാല പാര്‍വതി പറയുന്നു.

തനിക്ക് സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള കുറേപേരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടി അഭിമുഖത്തില്‍ പറയുന്നു. താന്‍ സംവിധായകരോട് അവസരങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ചോദിച്ചതൊക്കെ കുളമായിട്ടുണ്ടെന്നും മാല പാര്‍വതി പറഞ്ഞു.

Content Highlight: Mala Parvathy Talks About Beeshma Parvam And Godha Movie