|

വീട്ടില്‍ പറയാതെ ആ നടി അഭിനയിക്കാന്‍ വന്നു; ട്രെയിലറില്‍ മുഖം കണ്ട് വീട്ടിലറിഞ്ഞ് പൂട്ടിയിട്ടു: മാല പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

തന്റെ കൂടെ അഭിനയിക്കാന്‍ വന്ന ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി. തന്റെ മകളായി സുവേദ എന്നൊരു കുട്ടി അഭിനയിക്കാന്‍ വന്നെന്നും എന്നാല്‍ വീട്ടില്‍ പറയാതെയാണ് അവര്‍ വന്നതെന്നും മാല പാര്‍വതി പറയുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നപ്പോള്‍ വീട്ടുകാര്‍ കണ്ടെന്നും ആ നടിയെ വീട്ടില്‍ പൂട്ടിയിട്ടെന്നും മാല പാര്‍വതി പറഞ്ഞു.

നാലഞ്ച് ദിവസമായിരിക്കും ഷൂട്ട് ഉണ്ടാകുക എന്നാണ് ആ കുട്ടി കരുതിയതെന്നും എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ അവളുടെ കഥാപാത്രം കുറച്ചുകൂടി ഡെവലപ്പായി ഒരു മാസത്തെ ഷൂട്ട് ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘എന്റെ മകളായി അഭിനയിക്കാന്‍ വന്നൊരു പെണ്‍കുട്ടിയുണ്ട്. സുവേദ എന്നാണ് പേര്. ഇവള്‍ വീട്ടില്‍ പറയാതെയാണ് അഭിനയിക്കാന്‍ വന്നത്. വളരെ യാഥാസ്ഥിതിക ചിന്താഗതിയുള്ള കുടുംബത്തില്‍ നിന്നാണ് അവള്‍ വന്നത്. നാലഞ്ച് ദിവസമായിരിക്കും ഷൂട്ട് ഉണ്ടാകുക എന്നാണ് ആ കുട്ടി കരുതിയത്.

എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ അവളുടെ കഥാപാത്രം കുറച്ചുകൂടി ഡെവലപ്പായി ഒരു മാസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും വീട്ടില്‍ പറയുന്നില്ലേയെന്ന് ചോദിക്കും. ആ കുട്ടിയാണെങ്കില്‍ വളരെ സ്മാര്‍ട്ടായി നല്ല ജോലിയൊക്കെ ചെയ്യുന്നതാണ്. എന്ത് ചെയ്താലും അവള്‍ വീട്ടില്‍ പറയില്ല.

ഇതൊന്നും വരില്ലായിരിക്കും, ചിലപ്പോള്‍ എഡിറ്റ് ചെയ്ത് പോകുമായിരിക്കും എന്നെല്ലാം അവള്‍ പറഞ്ഞു. പക്ഷെ ചിത്രത്തിന്റെ ട്രെയ്ലര്‍ വന്നപ്പോള്‍ സുവേദ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അത് കണ്ട് വീട്ടില്‍ പിടിച്ചു. ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇനി സിനിമ കാണാന്‍ അവളെ വിടുമോയെന്ന് അറിയില്ല,’ മാല പാര്‍വതി പറയുന്നു.

Content Highlight: Mala Parvathy Talks About An Actress Who Worked With Her

Latest Stories