| Tuesday, 31st October 2023, 3:15 pm

'കണ്ട ആണുങ്ങളെ വഴിപിഴപ്പിക്കാനല്ല നിന്നെ വളർത്തിയത്,' ആ സിനിമ കണ്ടിട്ട് അമ്മ പറഞ്ഞു, അമ്മയ്ക്ക് ഇതെല്ലാം സത്യമാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മാല പാർവതി. എന്നാൽ തന്റെ സിനിമകൾ അമ്മയും അച്ഛനും അധികം കാണാറിലെന്നും താൻ അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് കുറച്ചെങ്കിലും സിനിമ കാണാൻ അവർ തുടങ്ങിയതെന്നുമാണ് മാല പാർവതി പറയുന്നത്.

മാസ്റ്റർ പീസ് എന്ന പുതിയ വെബ് സീരീസിന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ അച്ഛനും അമ്മയ്ക്കു എന്റെ സിനിമാ അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് അറിയാമെങ്കിലും എത്ര സിനിമയിൽ അഭിനയിച്ചു എന്നതിനെ കുറിച്ചൊന്നും അമ്മയ്ക്ക്‌ ധാരണയില്ല. ഞങ്ങൾ ഒരുമിച്ച് സിനിമ കാണാനൊന്നും പോവാറില്ല.

ഞാനും എന്റെ സുഹൃത്ത് സംഗീതയും ഒരിക്കൽ ഇങ്ങനെ നിൽക്കുമ്പോൾ അമ്മ പെട്ടെന്ന് വന്നിട്ട് പറഞ്ഞു അവിടെയുള്ള ആശുപത്രിയുടെ മുന്നിൽ ഒരാൾ തോക്ക് പിടിച്ചു നിൽക്കുന്നുവെന്ന്. അത് കേട്ട് ഞങ്ങൾ വേഗം വണ്ടിയിൽ കയറി അങ്ങോട്ട് ചെന്ന് നോക്കി. നോക്കുമ്പോൾ അത് സിംഗം സിനിമയിലെ സൂര്യയുടെ കട്ട്‌ ഔട്ട്‌ ആയിരുന്നു.

അതുപോലെ ഒരിക്കൽ അമ്മ ടി.വി കാണുമ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നല്ല രസമുള്ളൊരു പയ്യനുണ്ട് ടി.വിയിൽ, ഇടയ്ക്ക് വരും. ഇതിലേക്ക് തന്നെ നോക്ക്. ഇപ്പോൾ വരും. നോക്കുമ്പോൾ അത് വിജയ് ആണ്. അമ്മ തീരെ സിനിമക്കാണാറില്ല. ഞാനൊക്കെ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണ് അമ്മ കുറച്ചെങ്കിലും സിനിമകാണാൻ തുടങ്ങിയത്.

നീലത്താമര അഭിനയിക്കാൻ പോയത് നല്ല കോമഡി ആയിരുന്നു. പുതിയ നീല താമരയിൽ ഞാൻ അഭിനയിച്ചിരുന്നു. അത് കണ്ടിട്ട് അമ്മ എന്റെയടുത്ത് വന്ന് പറയുകയാണ്,’ കണ്ട ആണുങ്ങളെ വഴിപിഴപ്പിക്കാനല്ല നിന്നെ ഞാൻ വളർത്തിയതെന്ന്’. അതാണ് എന്റെയമ്മ.

ഒരിക്കൽ എന്തോ മരുന്നിന്റെ കാര്യം പറയാൻ തിലകൻ ചേട്ടൻ വീട്ടിലേക്ക് വിളിച്ചിരുന്നു. കാര്യങ്ങളെല്ലാം വളരെ സീരിയസായി പറഞ്ഞിട്ട് ഫോൺ വെച്ച ശേഷം അമ്മ പറയുകയാണ്,’ എന്നാലും ആ മോളേ ഉപദ്രവിച്ച ആളെ എനിക്ക് ഒട്ടും ഇഷ്ടമല്ലായെന്ന്. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ കണ്ടിട്ടാണ് അമ്മ അങ്ങനെ പറയുന്നത്. അമ്മയ്ക്ക് ഇതെല്ലാം സത്യമാണ്. അഭിനയമൊക്കെ ആയിരിക്കും പക്ഷെ എനിക്കിഷ്ടമല്ല എന്നാണ് അമ്മ പറയുക,’ മാല പാർവതി പറയുന്നു.

Content Highlight: Mala Parvathy Talk About Her Mother

We use cookies to give you the best possible experience. Learn more