പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന പരാമര്‍ശത്തിന് പിന്നാലെ നിഖില വിമലിനെ പിന്തുണച്ച് നടി മാല പാര്‍വതി. നിഖിലക്കെതിരെ സൈബര്‍ ആക്രമണം ശക്തമായതിന് പിന്നാലെയാണ് പിന്തുണയുമായി മാല പാര്‍വതി രംഗത്തെത്തിയത്.
‘എല്ലാ ജീവജാലങ്ങളും ഒരുപോലെ കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന് നിഖിലയോടുള്ള ഒരു ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കിയെന്ന് മാലാ പാര്‍വതി പറഞ്ഞു.
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കുമെന്നും എന്നാല്‍ ഇത് കേരളമാണെന്നും ഒച്ച എടുത്താലും.. അതുക്കും മേലെ ഉറപ്പോടെ ഈ സമൂഹം കൂടെ നില്‍ക്കുമെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അതേസമയം രൂക്ഷമായ സൈബര്‍ ആക്രമണമാണ് നിഖിലക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.
‘പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ’, ‘അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം’, ‘പേരെടുക്കാന്‍ എന്തൊക്കെ കേള്‍ക്കണം കാണണം’, ‘കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു’, ‘ഒന്ന് ഫീഡില്‍ പിടിച്ച് നില്‍ക്കാന്‍ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു,’ എന്നിങ്ങനെയാണ് നിഖിലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമര്‍ശം നടത്തിയത്. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം,’ എന്നാണ് നിഖില പറഞ്ഞത്.
മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട നിഖില..
നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. ‘എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്.’
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്.
എന്ന്. സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.
Content Highlight: Mala Parvathy’s support comes after the cyber attack on Nikhila intensified