| Sunday, 6th March 2022, 6:25 pm

മാലാ പാര്‍വതിയുടെ കയ്യില്‍ പോലുമില്ലാത്ത കോളേജ് ചിത്രം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; ഭീഷ്മയിലെ ഡയലോഗുമായി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയയായ നടിയാണ് മാലാ പാര്‍വതി. 2007 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന സിനിമയിലൂടെയാണ് മാലാ പാര്‍വതി സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ ഭീഷ്മ പര്‍വ്വത്തിലെ താരത്തിന്റെ കഥാപാത്രവും ശ്രദ്ധ നേടുകയാണ്. മികച്ച അഭിപ്രായമാണ് മാലാ പാര്‍വതി അവതരിപ്പിച്ച മോളിക്ക് ലഭിക്കുന്നത്.

അതേസമയം മാലാ പാര്‍വതിയുടെ കോളേജ് കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച സന്തോഷം കൂട്ടുകാരോടൊപ്പം പങ്കിടുന്ന മാലാ പാര്‍വതിയുടെ, 1987 ലെ മാതൃഭൂമി പത്രത്തില്‍ വന്ന ന്യൂസ് കട്ടിംഗാണ് മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസ് എന്ന മൂവി ഗ്രൂപ്പില്‍ മന്‍സിയ ചിറയിന്‍കീഴ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് കമന്റുമായി മാലാ പാര്‍വതിയും എത്തി. ‘ഈ പടം എവിടുന്നു കിട്ടി? എന്റെ കയ്യില്‍ പോലുമില്ല’ എന്നാണ് മാലാ പാര്‍വതി കമന്റ് ചെയ്തത്. 87 ലെ മാതൃഭൂമി പത്രവാര്‍ത്ത (from Library ) എന്ന് ചിത്രം പോസ്റ്റ് ചെയ്ത മന്‍സിയ തന്നെ മറുപടിയും നല്‍കി. ഇതിനു കമന്റായി ഭീഷ്മ പര്‍വ്വത്തിലെ മാലാ പാര്‍വതിയുടെ ഡയലോഗായ ‘എന്നാല്‍ അങ്ങനെ തന്നെ. Thank you, No mention please,’ എന്നാണ് കുറിച്ചത്.

കഴിഞ്ഞ ദിവസം മാലാ പാര്‍വതി തന്റെ കോളേജ് കാല ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. സിനിമയുടെ ആരംഭത്തില്‍ ചിത്രത്തിലെ മുതിര്‍ന്ന അഭിനേതാക്കളുടെ യൗവ്വനകാലത്തെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രി ഡിഗ്രി കാലത്തെ മാലാ പാര്‍വതിയുടെ ചിത്രവും ഉണ്ടായിരുന്നു. ഇതാണ് പ്രേക്ഷകന്റെ അഭ്യര്‍ത്ഥന മാലാ പാര്‍വതി പങ്കുവെച്ചത്.

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ഓള്‍ സെയിന്റ്‌സ് കോളജില്‍ മത്സരിക്കുന്ന സമയത്ത് നോട്ടീസില്‍ വയ്ക്കാനായി എടുത്ത ചിത്രമായിരുന്നു. ഈ മത്സരം വിജയിച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.

അതേസമയം മികച്ച പ്രതികരണമാണ് ഭീഷ്മ പര്‍വ്വം നേടുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയേറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്.

രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയേറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.


Content Highlight: Mala Parvathy’s college photo has been uploaded on social media

We use cookies to give you the best possible experience. Learn more