Film News
'നാളെ ഇവിടെ തന്നെ കാണണം'; ഭീഷ്മപോസ്റ്റിന് കീഴില്‍ വന്ന കമന്റിന് മാല പാര്‍വതിയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 02, 12:37 pm
Wednesday, 2nd March 2022, 6:07 pm

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം നാളെ റിലീസിനൊരുങ്ങുകയാണ്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും വന്‍ഹൈപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം ഭീഷ്മ പര്‍വത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച പോസ്റ്റിന് വന്ന കമന്റിന് മാല പാര്‍വതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കവര്‍ ഫോട്ടോയായി അപ്‌ഡേറ്റ് ചെയ്ത ഭീഷ്മ പര്‍വത്തിന്റെ പുതിയ പോസ്റ്ററിനാണ് കമന്റ് വന്നത്.

മുല്ലപ്പൂവ് എന്ന പ്രൊഫൈലില്‍ നിന്നും ‘എട്ടു നിലയില്‍ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ’ എന്നാണ് കമന്റ് വന്നത്. ഇതിനു മറുപടിയായി ‘മുല്ലപ്പൂവ് നാളെ ഇവിടെ തന്നെ കാണണം പൊയ്ക്കളയരുത്’ എന്നാണ് മാല മറുപടി നല്‍കിയത്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. അതേസമയം ചിത്രത്തെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നുള്ള കമന്റും പോസ്റ്റിന് താഴെ വരുന്നുണ്ട്.

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വം. സിനിമയുടെ കാസ്റ്റിംഗും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.


Content Highlight: mala parvathy reply for a facebook comment