| Monday, 27th April 2020, 12:21 am

'അത്തരമൊരു പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല'; വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി മാലാ പാര്‍വ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. യുവത എന്ന ഫേസ്ബുക്ക് പേജിലാണ് മാലാ പാര്‍വ്വതി പറഞ്ഞു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളു’ എന്നാണ് മാലാ പാര്‍വ്വതി പറഞ്ഞെന്ന തരത്തില്‍ ഫേസ്ബുക്ക് പേജില്‍ വന്നത്.

താന്‍ പറയാത്ത കാര്യങ്ങളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും തന്റെ ചിത്ര സഹിതം ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്നും താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

‘വൈകുന്നേരത്തോടെയാണ് ഇത്തരത്തിലൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടാറുണ്ട്. ചിലപ്പോള്‍ അല്ലാതെയും. യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറഞ്ഞു.

കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ തനിക്ക് നല്ല അഭിപ്രായമാണെന്നും അത് രാഷ്ട്രീയം നോക്കിയല്ല, മറിച്ച് പ്രവര്‍ത്തനം കൊണ്ടാണെന്നും അവർ പറഞ്ഞു.

പറയുന്നത് ന്യായമായാലും അന്യായമായാലും ഞാന്‍ പറഞ്ഞ കാര്യം മാത്രം എന്റെ പേര് വെച്ച് പോയാല്‍ മതിയെന്നും മാലാ പാര്‍വ്വതി പറഞ്ഞു. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more