| Monday, 4th June 2018, 2:54 pm

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നെന്ന് ജോസഫൈന്‍; ബൂര്‍ഷ്വാ നടപടിയെന്ന് പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എടപ്പാളില്‍ 10 വയസുകാരിയെ തിയേറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.

പൊലീസിന്റെ നടപടി തന്നെ അത്ഭുപ്പെടുത്തിയെന്നും പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കുകയാണെന്നും എം.സി ജോസഫൈന്‍ പ്രതികരിച്ചു. ഇത് കള്ളക്കേസാണ്. തിയേറ്റര്‍ ഉടമയ്ക്ക് വേണമെങ്കില്‍ കണ്ണടയ്ക്കാമായിരുന്നു. പക്ഷേ അദ്ദേഹം അത് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു. അതിനാണ് അദ്ദേഹത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഇതുപോലുള്ള നടപടി ഉണ്ടാവണം. പക്ഷേ പൊലീസിന്റെ ഈ നടപടി ഇനി ആളുകളെ പിന്നോട്ടുവലിക്കും.


Also Read തിയേറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം; തിയേറ്റര്‍ ഉടമ അറസ്റ്റില്‍; പൊലീസിന്റെ പ്രതികാര നടപടിയെന്ന് ആരോപണം


ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ എല്ലാവര്‍ക്കും ധൈര്യമുണ്ടാവണം. പൊലീസ് കാണിക്കുന്നത് അപലപനീയമായ കാര്യമാണ്. ഇത് കെട്ടിച്ചമച്ച കേസാണെന്നതില്‍ സംശമില്ല- ജോസഫൈന്‍ പ്രതികരിക്കുന്നു.

അതേസമയം ഇത്തരമൊരു കാര്യം സമൂഹത്തിന് മുന്നിലെത്തിച്ച ആളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ബൂര്‍ഷ്വാ നടപടിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക മാലാ പാര്‍വതി പ്രതികരിച്ചു.

ഇനി ഇങ്ങനെയുള്ള കാര്യങ്ങളില്‍ ആരെങ്കിലും ഇടപെടുമോ? ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടരുത് എന്ന മെസ്സേജ് ആണല്ലോ പൊലീസ് പുറത്ത് കൊടുക്കുന്നത്. ഇനി ആരെങ്കിലും ഇതിന് മുന്നിട്ടിറങ്ങുമോ? തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനെ അറിയിച്ചല്ലോ, പിന്നെ എന്തിനാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ഒരിക്കലും ശരിയായ നടപടിയല്ല- പാര്‍വതി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more