| Tuesday, 31st October 2023, 1:21 pm

മരുമകളുടെ ബ്രായുടെ സ്ട്രാപ്പ് കണ്ടാല്‍ ലോകം അവസാനിച്ചെന്ന് കരുതുന്ന പുതിയ കാലത്തെ ടോക്സിക് ആനിയമ്മയായി മാലാ പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത വെബ്സീരീസാണ് മാസ്റ്റര്‍ പീസ്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സീരീസിലെ ഓരോ കഥാപാത്രത്തേയും വളരെ സൂക്ഷ്മതയോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ കൂട്ടത്തില്‍ ഏറ്റവും കോംപ്ലിക്കേറ്റഡ് എന്ന് പറയാവുന്ന ഒരു കഥാപാത്രമാണ് മാല പാര്‍വതി അവതരിപ്പിച്ച ആനിയമ്മ. ആനിയപ്പന്‍ എന്ന് മരുമകള്‍ വിളിക്കുന്ന ആനിയമ്മ ഒരേ സമയം കടുത്ത വിശ്വാസിയും തനി പിന്തിരിപ്പനുമാണ്.

സീരീസിന്റെ തുടക്കം തന്നെ മരുമകളില്‍ നിന്നും കടുത്ത ‘പീഡനം’ നേരിടുന്ന മകനെ രക്ഷപ്പെടുത്താനായി ഇറങ്ങി തിരിക്കുന്ന ആനിയമ്മയെ ആണ് കാണുന്നത്. മകനു നേരെ മരുമകള്‍ വെട്ടുകത്തിയെടുത്തെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ ആ കഥ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആനിയമ്മയുടെ കഥാപാത്രത്തിന്റെ സ്വഭാവ വൈകൃതത്തെ പ്രേക്ഷകന് പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും.

ആനിയമ്മയുടെ അത്യാവശ്യം സോഷ്യലായ ഭര്‍ത്താവായി എത്തുന്നത് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരാണ്. ഭാര്യയുടെ സ്വഭാവം മനസിലാക്കി പെരുമാറുന്ന ഒരു ഭര്‍ത്താവാണ് കേണല്‍ ചാണ്ടി.

സീരീസിലെ ഏറ്റവും ടോക്സിക് ആയ കഥാപാത്രമായി വേണമെങ്കില്‍ ആനിയമ്മയെ നമുക്ക് പറയാം. അയല്‍പക്കത്ത് പുതുതായി വിവാഹം കഴിഞ്ഞെത്തിയ പെണ്‍കുട്ടിയോട് ആ വീടിന്റെ സ്വത്തിന് അവകാശി അവളുടെ ഭര്‍ത്താവ് മാത്രമാണെന്നും ഭര്‍ത്താവിന്റെ ചേട്ടനും ഭാര്യയേയും അവിടെ നിന്നും അടിച്ചിറക്കണമെന്നും ആനിയമ്മ ‘മയത്തില്‍’ ഉപദേശിക്കുന്നുണ്ട്.

റിയയുടേയും ബിനോയിലൂടെയും ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇവരുടെയും കുടുംബങ്ങള്‍ ഇവരുടെ ഫ്ളാറ്റിലെത്തുന്നതോടെയാണ് മാസ്റ്റര്‍ പീസിന്റെ കഥ ആരംഭിക്കുന്നത്.

ആനിയമ്മ ഒരു ദേശമായിരുന്നെങ്കില്‍ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ആ ദേശത്ത് നിന്നുമായേനെയെന്നും ആ യുദ്ധം കണ്ട് അവര്‍ കയ്യും കെട്ടി നിന്ന് രസിച്ചേനെയെന്ന് സീരീസില്‍ ഒരിടത്ത് പറയുന്നുണ്ട്.

മരുമകളുടെ ബ്രായുടെ വള്ളി പുറത്ത് കാണുന്നതിന് പോലും അസ്വസ്ഥയാകുന്ന ആനിയമ്മയെ ആണ് തുടര്‍ന്നങ്ങോട്ടുള്ള രംഗങ്ങളില്‍ കാണുന്നത്. പള്ളീലച്ചന്‍ കൂടിയായ തന്റെ സഹോദരന്റെ ഉപദേശം കേട്ട് മകന്റേയും മരുമകളുടേയും ബന്ധം തന്നെ വേണമെങ്കില്‍ വേര്‍പെടുത്തിയേക്കാമെന്ന തീരുമാനത്തിലെത്തുന്ന വ്യക്തിയാണ് ആനിയമ്മ.

കല്യാണ ശേഷം മകന്റെ പൊക്കം വരെ കുറഞ്ഞുപോയെന്ന് പറയുന്ന ആനിയമ്മ മകന്റെ ഫ്ളാറ്റിലെ മൊണാലിസയുടെ ഫോട്ടോ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത കഥാപാത്രമാണ്. കര്‍ത്താവിന്റെ ഒരു പടം പോലും വീട്ടിലില്ലെന്നും എവിടെ നോക്കിയാലും തുണിയില്ലാത്ത വഷളത്തരം പിടിച്ച നോട്ടമുള്ള ഒരു പെണ്ണിന്റെ പടമാണ് ഉള്ളതെന്നാണ് ആനിയമ്മ പറയുന്നത്. സഭയ്ക്കും കര്‍ത്താവിനും ഒരു ബന്ധവുമില്ലാത്ത പടമാണ് അതെന്നും ഉണ്ടമറ്റത്തെ ബേബിച്ചായന്‍ പെണ്‍വേഷം കെട്ടിയ പോലുണ്ടെന്നുമാണ് മോണാലിസയുടെ പടം നോക്കി ആനിയമ്മ പറയുന്നത്.

മകന് കുഞ്ഞുണ്ടാകാത്തതിന്റെ കാരണം മരുമകളോട് ചോദിക്കരുതെന്ന ചാണ്ടിയുടെ വാക്കിനെ വകവെക്കാതെ അക്കാര്യം മകനോടും മരുമകളോടും ചോദിക്കാനും ആനിയമ്മ മടിക്കുന്നില്ല. ഒരു കുഞ്ഞ് എന്നത് ഭര്‍ത്താവിന്റെയും അവന്റെ വീട്ടുകാരുടേയും അവകാശമാണെന്ന് ധരിച്ചുവെക്കുന്ന കഥാപാത്രമാണ് ആനിയമ്മയുടേത്.

ഭാര്യ എന്ത് പഠിക്കണമെന്നും എന്ത് ധരിക്കണമെന്നും ഭര്‍ത്താവാണ് തീരുമാനിക്കേണ്ടതെന്നും ഭര്‍ത്താവ് പറയുന്നത് കേട്ട് ജീവിക്കുന്നവളാകണം ഭാര്യയെന്നും പറയുന്ന ആനിയമ്മയുടെ ഇരട്ടത്താപ്പ് പല ഘട്ടത്തിലും വെളിവാക്കപ്പെടുന്നുണ്ട്.

മരുമകളുടെ ബ്രായുടെ സ്ട്രാപ്പിന്റെ നിറം പോലെ അവള്‍ വീട് പെയിന്റടിച്ച് വൃത്തികേടാക്കി വെച്ചിരിക്കുകയാണെന്നും മുന്തിരി വള്ളിയും റോസാപ്പൂവുമൊന്നും ഇല്ലെന്നുമുള്ള ആനിയമ്മയുടെ ഡയലോഗ് പ്രേക്ഷകനില്‍ ചിരി പടര്‍ത്തുന്നുണ്ട്.

മരുമകളുടെ കഴുത്തിലെ താലിമാല എവിടയെന്നും താലിയഴിച്ചാല്‍ എല്ലാം തീര്‍ന്നെന്നും എല്ലാത്തിന്റേയും കുഴപ്പം കര്‍ത്താവിനെ മറന്ന് ജീവിക്കുന്നതാണെന്നുമുള്ള പക്ഷക്കാരികൂടിയാണ് ആനിയമ്മ.

മൊണാലിസയുടെ ഫോട്ടോ എടുത്തു മാറ്റാന്‍ ശ്രമിക്കുന്ന ആനിയമ്മയോട് അതില്‍ തൊട്ടുപോകരുതെന്ന് റിയ പറയുമ്പോള്‍ സ്വന്തം മോളെ പോലെ കാണുന്ന മമ്മിയോട് അത് പറയരുതെന്നും മമ്മിയ്ക്ക് അത് താങ്ങില്ലെന്നുമാണ് ആനിയമ്മ പറയുന്നത്.

പുറത്തുനിന്നുള്ള ആരും തങ്ങളുടെ ജീവിതത്തില്‍ ഇടപെടരുതെന്ന് റിയ പറയുമ്പോള്‍ മകന്‍ ബിനോയ് അത് ശരിവെക്കുന്നു. കോമണ്‍സെന്‍സ് ഇല്ലെന്ന് കൂടി മരുമകള്‍ പറയുന്നതോടെ നിയന്ത്രണം വിടുന്ന ആനിയമ്മയെയാണ് പിന്നീട് പ്രേക്ഷകന്‍ കാണുന്നത്.

ഒടുവില്‍ ഗതികെട്ട് ഭര്‍ത്താവ് പൊട്ടിത്തെറിക്കുമ്പോള്‍ മരിക്കാനെന്ന് പറഞ്ഞ പോകുകയാണ് ആനിയമ്മ. ആരുമില്ലാത്തവര്‍ക്ക് കര്‍ത്താവുണ്ട് സ്വര്‍ഗത്തിലെന്ന് പറഞ്ഞ് പോകുന്ന ആനിയമമ്മയുടെ ആത്മഹത്യാ നാടകം ഒരു തരത്തിലും ചാണ്ടിച്ചനെ ഇളക്കുന്നില്ല. ഇതെല്ലാം ഒരുപാട് അരങ്ങുകണ്ട നാടകമാണെന്നാണുള്ള ചാണ്ടിച്ചന്റെ ഡയലോഗില്‍ തന്നെ അവരുടെ ഇത്രയും നാളത്തെ ജീവിതം എങ്ങനെയുള്ളതായിരുന്നെന്ന് പ്രേക്ഷകന് മനസിലാക്കിത്തരുന്നുണ്ട്.

മക്കളുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ എത്തുന്ന ആനിയമ്മയും ചാണ്ടിച്ചായനുമായി തല്ലിപ്പിരിയുന്നതോടെയാണ് സീരിസ് അവസാനിക്കുന്നത്.

നെല്‍സന്‍ മണ്ടേല ആരാണെന്ന് ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാം എന്നാല്‍ നെന്‍സന്‍ മണ്ടേല എന്താണെന്ന് ചോദിച്ചാല്‍ എന്തുചെയ്യുമെന്ന് ഒരു സീനില്‍ ഭാര്യയെ കുറിച്ച് ചാണ്ടിച്ചന്‍ പറയുന്ന ഒറ്റ ഡയലോഗില്‍ ആ കഥാപാത്രത്തെ മുഴുവനായി പ്രേക്ഷകനെ മനസിലാക്കി തരുകയാണ് സംവിധായകന്‍.

ആനിയമ്മയെന്ന കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ മാലാ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. അല്‍പ്പം കൂടിപ്പോയാല്‍ കയ്യില്‍ നിന്നും പോയേക്കാവുന്ന ഒരു കഥാപാത്രത്തെ വളരെ രസകരമായി തന്നെ മാലാപാര്‍വതി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്.

സീരീസില്‍ റിയ എന്ന കഥാപാത്രത്തെയാണ് നിത്യ മേനോന്‍ അവതരിപ്പിക്കുന്നത്. ബിനോയ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും റിയയുടെ അമ്മ ലിസമ്മയായി ശാന്തി കൃഷ്ണയും ഭര്‍ത്താവ് കുര്യച്ചനായി അശോകനുമാണ് എത്തുന്നത്.

Content Highlight: Mala Parvathy Character write up on Master piece Series

We use cookies to give you the best possible experience. Learn more