| Wednesday, 11th July 2018, 1:30 pm

ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഡബ്ല്യു.സി.സിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല; വിമര്‍ശനത്തോട് പ്രതികരിച്ച് സജിത മഠത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകറിന്റെ ഡബ്ല്യു.സി.സിക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ച് നടി സജിത മഠത്തില്‍.

മൈ സ്‌റ്റോറിയുടെ പ്രൊഡക്ഷന്‍ ഇടയ്ക്ക് വച്ച് നിന്നു പോയപ്പോള്‍ സംവിധായിക റോഷ്‌നി ദിനകര്‍ വിളിച്ചിരുന്നെന്നും ഡബ്ല്യൂ.സി.സി രൂപീകരിച്ച് കുറച്ചു സമയത്തിനുള്ളിലായിരുന്നു അതെന്നും സജിത മഠത്തില്‍ പറയുന്നു.

പ്രൊഡക്ഷന്‍ നിന്നുപോയെന്നും പൃഥ്വിരാജിന്റെയും പാര്‍വതിയുടെയും ഡേറ്റിന് പ്രശ്‌നമുണ്ടെന്നുമൊക്കെയാണ് പറഞ്ഞത്. അവരെ സഹായിക്കണമെന്ന് പറയുകയും ചെയ്തു.

അന്ന് ഞാന്‍ പറഞ്ഞത്, പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡബ്ല്യൂസിസിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂ.സി.സിയുടെ പരിധിയില്‍ വരുന്നില്ലെന്നുമാണ്.

അത്തരം കാര്യങ്ങള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകളെയാണ് സമീപിക്കേണ്ടത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് പറഞ്ഞത്. അവര്‍ ഒരു പരാതി എഴുതി തരണമെന്നോ അത് ഡബ്ല്യൂ.സി.സി വാങ്ങിക്കില്ലെന്നോ അന്ന് പറഞ്ഞിട്ടില്ല. അത്തരം ഒരു ചര്‍ച്ചയും അന്ന് നടന്നിട്ടില്ല.

ഒരു സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. അത് അവര്‍ മനസിലാക്കേണ്ടതുണ്ട്.


രാമായണം ഹിന്ദുക്കളുടേത് മാത്രമല്ല; അത് മതപാഠം ആക്കാതെ സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയാകും: സച്ചിദാനന്ദന്‍


സിനിമ വ്യവസായത്തിലെ മറ്റെല്ലാ കാര്യങ്ങളും ഏറ്റെടുത്ത് പണിയെടുക്കാന്‍ ഡബ്ല്യൂസിസിക്ക് പറ്റില്ല. സിനിമ വ്യവസായം സ്ത്രീ സൗഹൃദ ഇടമായി വളര്‍ത്തുക എന്ന വലിയ സ്വപ്നത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുക എന്നതാണ് അതിന്റെ ആദ്യപടിയെന്നും സജിത മഠത്തില്‍ പറയുന്നു.

മൈ സ്റ്റോറി വിജയിച്ചു കാണാന്‍ ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയാണ് താനെന്നും വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്യണമെന്നും ആ സിനിമ വിജയിച്ചു കാണണമെന്നും ആഗ്രഹിക്കുന്ന ആള് തന്നെയാണ് താനെന്നും സജിത മഠത്തില്‍ പറയുന്നു.

മൈ സ്റ്റോറിയുടെ സംവിധായിക റോഷ്നി ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് മാലാ പാര്‍വതിയും പറഞ്ഞു. സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നടക്കുന്നത് പൃഥ്വിയോടും പാര്‍വതിയോടുമുള്ള വൈരാഗ്യത്തിന്റെ പുറത്തുള്ളതാണെന്നും ഇവര്‍ മൗനം പാലിക്കുകയാണെന്നും റോഷ്നി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more