കൊച്ചി: നടന്‍ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാത്ത ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിരിക്കുകയാണ് മാല പാര്‍വതി.
വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതില്‍ നടപടി വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അമ്മ നിലവില്‍ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാര്‍വതി പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു സ്വമേധയാ മാറുന്നു എന്നാണ് അമ്മ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മാറി നില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടു എന്ന വാക്കില്ല. അമ്മയുടെ ഈ തീരുമാനത്തെ ഐ.സി.സി മെമ്പറായി ഇരുന്ന് കൊണ്ട് അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല. അതൊരു തെറ്റായ നടപടിയാണ്. അതുകൊണ്ട് ഖേദപൂര്‍വം രാജിസമര്‍പ്പിക്കുകയായിരുന്നു.
27ാം തിയതിയാണ് ഞങ്ങള്‍ മീറ്റിങ് നടത്തിയത്. ഞങ്ങളുടെ നിര്‍ദേശം അമ്മയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ പ്രസ് റിലീസ് കണ്ടപ്പോള്‍ നിരാശ തോന്നി.
ശ്വേതയും രാജിവെക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കുക്കുവും അതേ വികാരമാണ് പ്രകടിപ്പിച്ചത്. ഇവരുടെ കാര്യം മാത്രമേ എനിക്കറിയാവൂ.
ശിക്ഷ വരുന്നതുവരെ ആരും കുറ്റക്കാരല്ല. എന്നാല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അദ്ദേഹം തുടരാന്‍ അര്‍ഹനല്ല. അതുകൊണ്ട് ഒട്ടും വൈകാതെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അതില്‍ ഡിസിപ്ലിനറി ആക്ഷന്‍ എന്നൊരു വാക്ക് ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല വിജയ് ബാബുവിന്റെ അടുത്ത് നിന്ന് കത്ത് വാങ്ങാനുള്ള സാധ്യയതയുണ്ടെന്ന് ഞങ്ങള്‍ ആലോചിച്ചിച്ചുമില്ല. ചിലപ്പോള്‍ ഞങ്ങളുടെ ബുദ്ധിശൂന്യത ആയിരിക്കാം. അദ്ദേഹത്തെ ഇപ്പോള്‍ പൊലീസ് അന്വേഷിക്കുകയല്ലേ എവിടെയാണെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത്. അപ്പോള്‍ അദ്ദേഹത്തിന്റെ കത്ത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല, മാല പാര്‍വതി പറഞ്ഞു.
അതിജീവിതയുടെ പേര് പറയാന്‍ പാടില്ല എന്നത് നിയമമാണ്. എന്തടിസ്ഥാനത്തിലാണെങ്കിലും അത് അംഗീകരിക്കാന്‍ പറ്റില്ല. വിജയ് ബാബു അമ്മയ്ക്ക് കത്ത് നല്‍കി അദ്ദേഹം താത്ക്കാലികമായി മാറി നില്‍ക്കുകയാണെന്ന് പറഞ്ഞിട്ട്. അങ്ങനെ ആയിരുന്നില്ല എ.സി തീരുമാനം എടുക്കേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം.
അമ്മയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ പറ്റില്ല. കാരണം ബൈലോയില്‍ അങ്ങനെ പറയുന്നില്ല. പക്ഷേ പുള്ളി ഒരു പൊസിഷനില്‍ ഇരിക്കുന്നുണ്ട്. അങ്ങനെ ഒരു ക്രൈം കമ്മിറ്റ് ചെയ്ത ആള്‍ ഇരിക്കാന്‍ പാടില്ല. അദ്ദേഹം കുറ്റവിമുക്തനായിക്കഴിഞ്ഞാല്‍ പിന്നെ തീരുമാനം ജനറല്‍ ബോഡിക്ക് എടുക്കാം.
എന്തുകൊണ്ട് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചു എന്നതിന്റെ മറുപടി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പറയേണ്ടത്.
വിജയ് ബാബുവിനെതിരെ ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞാണ് അന്ന് അമ്മയുമായുള്ള മീറ്റിങ് അവസാനിച്ചത്.
എന്നാല്‍ ഇപ്പോള്‍ ‘നിങ്ങള്‍ പറഞ്ഞത് അനുസരിച്ച് അദ്ദേഹം മാറിയല്ലോ’ എന്നാണ് പറഞ്ഞത്. പക്ഷേ സമൂഹത്തിലേക്ക് പോകുന്ന മെസ്സേജ് അങ്ങനെയല്ല.
അമ്മ ആവശ്യപ്പെട്ടിട്ട് രാജിവെച്ചു എന്നൊരു വാക്ക് ആ പ്രസ് റിലീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു രാജിയിലേക്ക് ഞാന്‍ പോകില്ലായിരുന്നു. ഐ.സി.സി മെമ്പര്‍ ആയിരുന്നുകൊണ്ട് ആ തീരുമാനത്തെ പിന്തുണയ്ക്കാന്‍ നമുക്കാവില്ല.
പെണ്‍കുട്ടിയുടെ പരാതി കിട്ടിയില്ലല്ലോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ സ്വമേധയാ കേസെടുക്കാമെന്ന് നിയമത്തിലുണ്ട്. അതുകൊണ്ടാണ് വിജയ് ബാബുവിനെ മാറ്റാന്‍ ഞങ്ങള്‍ നിര്‍ദേശിച്ചത്.
ഐ.സി.സി രൂപീകരിച്ച ശേഷം ഞങ്ങള്‍ ഇടപെട്ട ആദ്യ വിഷയം ഇതായിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു.
Content Highlight: Mala Parvathy against AMMA Decision On Vijay Babu Case