'ഞാൻ കറുത്തതാണ് ഡോക്ടർ, എനിക്ക് പൊക്കവും കുറവാണ്', എന്ന് ആ കഥാപാത്രം പറയുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് അതുകൊണ്ടാണ്: മാല പാർവതി
Entertainment
'ഞാൻ കറുത്തതാണ് ഡോക്ടർ, എനിക്ക് പൊക്കവും കുറവാണ്', എന്ന് ആ കഥാപാത്രം പറയുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് അതുകൊണ്ടാണ്: മാല പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 4:32 pm

ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കുനോക്കി യന്ത്രം. മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ദിനേശനെ അവതരിപ്പിച്ചത് ശ്രീനിവാസൻ തന്നെയായിരുന്നു. പാർവതി,ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വടക്കുനോക്കി യന്ത്രം എന്ന സിനിമയിലെ കഥാപാത്രത്തെ അങ്ങനെ ആക്കുന്നത് സമൂഹമാണെന്ന് പറയുകയാണ് നടി മാല പാർവതി.

എനിക്ക് പൊക്കം കുറവാണ് കറുത്തിട്ടാണെന്നെല്ലാം കഥാപാത്രം പറയുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് അതുകൊണ്ടാണെന്നും മാല പാർവതി പറഞ്ഞു. പുതിയ ചിത്രം വിശേഷത്തിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘വടക്കുനോക്കി യന്ത്രം പോലൊരു ചിത്രത്തിനകത്ത്, ഞാൻ കറുത്തതാണ് ഡോക്ടർ, എനിക്ക് പൊക്കവും കുറവാണ് എന്ന് പറയുമ്പോൾ നമ്മൾ ചിരിക്കുന്നത്, ആർക്കും പുറത്ത് പറയാൻ പറ്റാത്ത ഒരു കാര്യം ഒരാൾ പറയുന്നത് കൊണ്ടാണ്.

സത്യത്തിൽ സമൂഹമാണ് അയാളെ അങ്ങനെ തോന്നിപ്പിച്ചത്. അങ്ങനെ ഒരാൾ ഇൻഫീരിയർ അല്ലെങ്കിലോ. എനിക്ക് അങ്ങനെ ഉണ്ടെങ്കിലും ഞാൻ ഓക്കെയാണെന്ന് വിശ്വസിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ ഹീറോയല്ലേ.

 

അങ്ങനെ ഒരാളുടെ കഥ കേൾക്കുമ്പോൾ സമൂഹത്തിന് തന്നെ ഒരു ഹീലിങ്ങാണ്. ഈ സിനിമ കണ്ടു കഴിയുമ്പോഴും പ്രേക്ഷകർക്ക് അങ്ങനെ തോന്നും. ചില കാര്യങ്ങളൊക്കെ എനിക്ക് പറ്റില്ലെന്ന് എന്തുകൊണ്ടാണ് വിചാരിച്ചതെന്ന് പ്രേക്ഷകർക്ക് തോന്നും,’മാല പാർവതി പറയുന്നു.

സൂരജ് ടോം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശേഷം. ചിന്നു ചാന്ദിനി സംഗീത സംവിധായകൻ ആനന്ദ് മധുസൂധനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും ആനന്ദ് തന്നെയാണ്.

Content Highlight: Mala Parvathy About Vadakkunokki Yanthram Movie