Entertainment
സൂര്യയുടെ കങ്കുവ വന്നാൽ ആ മലയാള സിനിമയെ കുറിച്ച് ആരും അറിയാതെ പോവും: മാല പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 12, 03:18 pm
Tuesday, 12th November 2024, 8:48 pm

കപ്പേള എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മുസ്തഫ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമൂടിനൊപ്പം യുവതാരങ്ങളും അണിനിരന്ന ചിത്രം തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്യാങ്‌സ്റ്റർ കഥയാണ് പറയുന്നത്.

തന്റെ ആദ്യ സിനിമയിലൂടെ തന്നെ അവാർഡ് നേടിയ സംവിധായകനാണ് മുസ്തഫ. എന്നാൽ കൊവിഡ് കാരണം തിയേറ്ററിൽ അധിക നാൾ ഓടാൻ കഴിയാതെ പോയ ചിത്രമാണ് കപ്പേള. മുറ എന്ന പുതിയ സിനിമയ്ക്ക് ആ ഗതി വരരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് നടി മാല പാർവതി.

രമാദേവി എന്ന ഒരു പ്രധാന കഥാപാത്രത്തെ മാല പാർവതി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ടീമിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് താനെന്നും സിനിമയിലെ എല്ലാവരും പുതിയ പിള്ളേരാണെങ്കിലും പ്രേക്ഷകർ സ്വീകരിച്ചെന്നും മാല പാർവതി പറയുന്നു. എന്നാൽ അടുത്ത ദിവസം സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ ഇറങ്ങിയാൽ മുറയ്ക്ക് തിയേറ്റർ നഷ്ടമാവുമെന്നും മാല പാർവതി പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയിരുന്നു മാല പാർവതി.

‘ഹൃദയം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ. രമാദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് കൊണ്ട് മാത്രമല്ല. ഒരു ബ്രില്ലിയൻറ് ടീമിനൊപ്പമാണ് എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. മുസ്തഫയുടെ ആദ്യ സിനിമയായ കപ്പേള രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിറഞ്ഞു നിന്ന് ഹിറ്റടിക്കാൻ എത്തുമ്പോഴാണ് കോവിഡ് വന്ന് തിയേറ്ററുകൾ അടക്കുന്നത്.

അത് കഴിഞ്ഞ് ഇത്രയും വർഷമെടുത്താണ് മുറ തിയേറ്ററിൽ എത്തുന്നത്. കപ്പേളയുടെ നിര്‍ഭാഗ്യം മുറയ്ക്ക് ഉണ്ടാകരുത് എന്നുണ്ട്. ഓഡിഷനിൽ വന്ന കുട്ടികളല്ല ഇവർ ഇറങ്ങി തപ്പിയെടുത്ത നാല് മുത്തുകളാണ് ആ സിനിമയിൽ ഉള്ളത്. എല്ലാം പുതിയ പിള്ളേർ ആണ്. ആളുകൾക്ക് അവരുടെ പേരുകൾ അറിയില്ല, എന്നാലും പ്രേക്ഷകർ അവരെ നെഞ്ചോട് ചേർക്കുന്നുണ്ട്. എന്റെ ഒരു ആശങ്ക , വലിയ സിനിമകൾക്കിടയിൽ മത്സരിക്കുകയാണ് ഈ കുഞ്ഞു ചിത്രം. ഇനി സൂര്യയുടെ കങ്കുവ കൂടി വന്നാൽ ഈ സിനിമ ആരും അറിയാതെ പോകും. അതിലാണ് എനിക്ക് സങ്കടം,’മാല പാർവതി പറയുന്നു.

അതേസമയം കേരളത്തില്‍ നിന്ന് മാത്രം ഒരുകോടിയാണ് കങ്കുവ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. രാവിലെ 10 മണിക്കാണ് കേരളത്തില്‍ ബുക്കിങ് ആരംഭിച്ചത്. നാല് മണിക്കൂര്‍ കൊണ്ടാണ് ചിത്രം ഇത്രയധികം നേടിയത്.

സൂര്യയുടെ മുന്‍ചിത്രമായ എതര്‍ക്കും തുനിന്തവന്‍ പ്രീ സെയിലിലൂടെ വെറും 25 ലക്ഷം മാത്രമായിരുന്നു നേടിയത്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ചിത്രം സകല റെക്കോഡും തിരുത്തിക്കുറിക്കുമെന്ന് ഇതോടെ ഉറപ്പായി. കേരളത്തില്‍ മാത്രം 550 സ്‌ക്രീനുകളില്‍ കങ്കുവ പ്രദര്‍ശത്തിനെത്തും.

Content Highlight: Mala Parvathy About Kanguva Movie And Mura Movie